News n Views

വാളയാര്‍ കേസ് : ‘ഗുരുതര സാഹചര്യങ്ങളില്‍’ മേല്‍ക്കോടതിക്ക് പുനരന്വേഷണമോ,പുനര്‍ വിചാരണയോ ഉത്തരവിടാം ; പക്ഷേ കടമ്പകളേറെ 

കെ. പി.സബിന്‍

വാളയാര്‍ അട്ടപ്പള്ളത്ത് ലൈംഗിക പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള നിയമ നടപടികള്‍ ഏറെ കടമ്പകള്‍ നിറഞ്ഞത്. കേസില്‍ അപ്പീല്‍ പോവുകയെന്നതാണ് പ്രോസിക്യൂഷനും സര്‍ക്കാരിനും മുന്നിലുള്ള വഴി. അപ്പീല്‍ പോകുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ നിയമവകുപ്പുമായി ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കി ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ്‌ അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ മരണപ്പെട്ട കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെങ്കില്‍ അത്രമേല്‍ ഗൗരവമേറിയ നിയമ പോരാട്ടം അനിവാര്യമാണെന്ന് നിയവിദഗ്ധര്‍ ദ ക്യുവിനോട് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് പാലക്കാട് പോക്‌സോ കോടതി നാലുപേരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ അന്വേഷണത്തിലും വിചാരണയിലും ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായെന്ന് മേല്‍ കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ പുനരന്വേഷണമോ, പുനര്‍ വിചാരണയോ പുതിയ ഏജന്‍സിയുടെ അന്വേഷണമോ സാധ്യമാകൂ. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ രാജ്യത്ത് ഇത്തരത്തില്‍ സംഭവിച്ച ചരിത്രമുള്ളൂവെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

അപ്പീലിലൂടെ സംഭവിക്കാവുന്നത്

അപ്പീലിലേത് അതീവ ഗൗരവ വാദങ്ങളാണ് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി വിചാരണ നടത്തി പ്രതികള്‍ക്ക് ശിക്ഷ വിധിക്കാം. അല്ലെങ്കില്‍ കീഴ്‌ക്കോടതി വിധി ശരിവെയ്ക്കാം. സാധാരണ ഗതിയില്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിക്കുന്നതില്‍ ഏറെ കാലതാമസം നേരിടും. ടി പി ചന്ദ്രശേഖരന്‍ വധകേസ് പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടവയില്‍ പോലും ഹൈക്കോടതിയുടെ നടപടി നീളുകയാണ്. അല്ലെങ്കില്‍ അതീവ ഗൗരവപ്രാധാന്യമുള്ളതാണെന്നും അതിവേഗം പരിഗണിക്കപ്പെടണമെന്നും പ്രോസിക്യൂഷനും സര്‍ക്കാരും ഹൈക്കോടതിയെ ബോധ്യപ്പെടുത്തി അപ്പീല്‍ എടുപ്പിക്കണം.

സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

പുനരന്വേഷണമാണോ, പുനര്‍ വിചാരണയാണോ പുതിയ അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരമാണ് കേസിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുക. ഇതില്‍ ആവശ്യപ്പെടുന്ന കാര്യത്തിന് ബലമേകുന്ന ശക്തമായ തെളിവുകളും വാദഗതികളും മുന്നോട്ടുവെയ്ക്കപ്പെടുകയും വേണം. ആവശ്യപ്പെടുന്ന കാര്യത്തിന്റെ അനിവാര്യത കോടതിയെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ കീഴ്‌ക്കോടതി വിധി ശരിവെയ്ക്കപ്പെടുകയേയുള്ളൂ.

പുനര്‍ വിചാരണാ സാധ്യത

അപ്പീല്‍ പരിഗണിച്ച് കേസില്‍ മേല്‍ കോടതിക്ക് പുനര്‍ വിചാരണയ്ക്ക് ഉത്തരവിടാം. എന്നാല്‍ സാധാരണ ഗതിയില്‍ ഇത് അത്യപൂര്‍വമായേ സംഭവിക്കാറുള്ളൂവെന്ന് നിയമവിദഗ്ധനും മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്)യുമായ ടി ആസഫലി പറയുന്നു. ബെസ്റ്റ് ബേക്കറി കേസില്‍ ഇത്തരത്തില്‍ പുനര്‍ വിചാരണയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ കേസ് അന്വേഷണം നടത്തിയിട്ടുമുണ്ട്. എന്നാല്‍ അതുകൊണ്ട് മറ്റൊരു കേസില്‍ ഇതേ രീതി അവലംബിക്കപ്പെടണമെന്നില്ല. ഓരോ കേസിന്റെയും സാഹചര്യങ്ങളും സ്വഭാവങ്ങളും അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതിയുടെ തന്നെ വിധി നിലവിലുണ്ട്. അത്രമേല്‍ ഗുരുതര വീഴ്ചകള്‍ നിറഞ്ഞ വിചാരണയാണ് നടന്നതെന്ന് മേല്‍ കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രോസിക്യൂഷന്‍ അത് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാലേ പുനര്‍ വിചാരണ സാധ്യമാകൂ. അങ്ങനെ വരണമെങ്കില്‍ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കണം. ഒരു കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കണമെങ്കില്‍ അതിന് തക്ക ഗൗരവമേറിയ പശ്ചാത്തലവും ഉണ്ടാകണം. അതുകൊണ്ട് പുനര്‍ വിചാരണ എളുപ്പമല്ലെന്ന് ടി ആസഫലി ദ ക്യുവിനോട് വ്യക്തമാക്കി.

പുനരന്വേഷണ സാധ്യത

പ്രോസിക്യൂഷന്‍ മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കില്‍ അപ്പീല്‍ പരിഗണിച്ച് കോടതിക്ക് പുനരന്വേഷണത്തിന് ഉത്തരവിടാം.സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്യാം. എന്നാല്‍ കോടതിയെ ബോധ്യപ്പെടുത്താവുന്ന ശക്തമായ വാദങ്ങള്‍ പ്രോസിക്യൂഷന്റെ പക്ഷത്തുണ്ടാവുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്താലേ പുനരന്വേഷണ സാധ്യതയുള്ളൂവെന്ന് പ്രശസ്ത അഭിഭാഷകന്‍ എം അശോകന്‍ ദ ക്യുവിനോട് പറഞ്ഞു. പുനരന്വേഷമോ, തുടരന്വേഷണമോ കോടതിക്ക് ഉത്തരവിടാം. അതായത് പുതിയ എഫ്‌ഐആര്‍ ഇട്ടോ, അല്ലെങ്കില്‍ നിലവിലെ എഫ്‌ഐആര്‍ പ്രകാരമോ അന്വേഷണമാകാം. സിബിഐ പോലുള്ള മറ്റൊരു ഏജന്‍സിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെങ്കിലും നടപടിക്രമങ്ങള്‍ ഇങ്ങനെ തന്നെ. ചുരുക്കത്തില്‍ അന്വേഷണവേളയില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മതിയായ തെളിവുകളോടെ കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്നും എം അശോകന്‍ ദ ക്യുവിനോട് പറഞ്ഞു.

പൊലീസിന് പുതിയ കേസ് എടുക്കാനാകില്ല

ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചാല്‍ പൊലീസിന് അതേ സംഭവത്തില്‍ പിന്നീട് പുതിയ കേസെടുത്ത് അന്വേഷിക്കാനാകില്ല. ആ വിധി റദ്ദായാല്‍ മാത്രമേ അത് സാധിക്കൂ. അതായത് ഒരേ പ്രതികള്‍ക്കെതിരെ ഒരേ സംഭവത്തില്‍ രണ്ട് അന്വേഷണവും രണ്ട് കുറ്റപത്രവും രണ്ട് വിചാരണയും നിയമപരമായി സാധ്യമല്ല.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡന മരണങ്ങള്‍

2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ്‌നാലുപേരെ പാലക്കാട് പോക്സോ കോടതി വറുതെ വിട്ടത്. വി. മധു ഷിബു എം മധു പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. ഇതില്‍ അടുത്തമാസം വിധി പറയും.

പൊലീസിന്റേത് ഗുരുതര വീഴ്ച

തുടക്കം മുതല്‍ക്കേ കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണുണ്ടായത്. കേസ് എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി, കൂടാതെ ആദ്യ കുട്ടി മരിച്ചപ്പോള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പരാമര്‍ശമുണ്ടായിട്ടും കാര്യമായ അന്വേഷണം നടത്തിയില്ല. മൂത്തകുട്ടിയുടെ മരണത്തിന് പിന്നാലെ, ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ മുഖം മറച്ച് ഓടിപ്പോയെന്ന സഹോദരിയുടെ മൊഴിയില്‍ അന്വേഷണം നടത്തിയതുമില്ല. അതിനിടെ പ്രതിയായ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ എന്‍ രാജേഷ് എന്ന അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഇദ്ദേഹം ചെയര്‍മാനായ ശേഷം കേസില്‍ ഇടപെട്ടുവെന്നും ആരോപണമുയര്‍ന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT