News n Views

തെലങ്കാനയിലെ ദളിത് കുടുംബങ്ങള്‍ക്ക് ഗ്രാമമുഖ്യന്റെ ഊരുവിലക്ക്, ‘കുറ്റം മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ കസേരയിലിരുന്നു, ഉല്‍സവം നടത്തി’ 

THE CUE

തെലങ്കാനയിലെ കമറേഡി ജില്ലയിലെ ജല്‍ദിപാലി ഗ്രാമത്തില്‍ 15 ദളിത് കുടുംബങ്ങളെ ഗ്രാമമുഖ്യന്‍ ഊരുവിലക്കി. മേല്‍ജാതിക്കാര്‍ക്ക് മുമ്പേ ഉല്‍സവം നടത്താന്‍ ഒരുങ്ങിയതിനും പഞ്ചായത്തില്‍ വെച്ച് നടന്ന യോഗത്തില്‍ ഉന്നത ജാതിക്കാര്‍ക്ക് മുന്നില്‍ കസേരയിലിരുന്നതിനുമാണ് ഊരുവിലക്ക്. കസേരയിലിരുന്ന ദളിതനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ച് വെളിയിലാക്കിയതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തെലങ്കാനയില്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ നടക്കുന്ന ബോണലും ഉല്‍സവം സംബന്ധിച്ചാണ് മേല്‍ ജാതിക്കാര്‍ ദളിതരെ ബഹിഷ്‌കരിച്ചത്. ദളിത് കുടുംബങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ നല്‍കുന്നതിനും കുടിവെള്ളം നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തി. ദളിത് സമുദായമായ മഡിഗ അംഗങ്ങള്‍ക്കാണ് ഗ്രാമമുഖ്യന്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ബോണലു ഉല്‍സവം ജാതി വിഭാഗങ്ങള്‍ പ്രത്യേകമാണ് ആഘോഷിക്കുന്നത്. ആദ്യം ഉന്നത ജാതിക്കാരും പിന്നീട് ദളിതരുമെന്ന നിലയിലാണ് ഇതുവരേയും ആഘോഷം നടത്തിയിരുന്നത്.

സവര്‍ണ ജാതിക്കാരുടെ ഉല്‍സവത്തിന് ദപ്പുവെന്ന വാദ്യോപകരണം വായിക്കുന്നത് ദളിതരാണ്. ഇക്കുറി ആദ്യം മഡിഗകളുടെ ഉല്‍സവം കഴിഞ്ഞാല്‍ മറ്റ് ഉയര്‍ന്ന ജാതിക്കാര്‍ക്ക് ദപ്പു വായിച്ചുകൊടുക്കാന്‍ കൂടുതല്‍ തയ്യാറെടുക്കാമെന്ന സൗകര്യത്തിലാണ് ആദ്യം ഉല്‍സവം നടത്താന്‍ ദളിതര്‍ ആലോചിച്ചത്.

ഉയര്‍ന്ന ജാതിയായ മുതിരാജ് വിഭാഗത്തിലെ കല്ലു രവീന്ദര്‍ എന്ന ഗ്രാമമുഖ്യന് ഇത് സമ്മതമായിരുന്നില്ല. പക്ഷേ ഗ്രാമമുഖ്യന്റെ തീരുമാനം മറികടന്ന് ആദ്യം തന്നെ ഉല്‍സവം നടത്താന്‍ ഇവര്‍ തീരുമാനിച്ചു. ഇതിനെതിരെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കവെയാണ് കസേരയില്‍ പൊതുഗന്‍ഡി പെഡ സെയ്‌ലു എന്ന ദളിതന്‍ ഇരിക്കുന്നത് ഗ്രാമമുഖ്യന്‍ കണ്ടത്. ഇതില്‍ രോഷം പൂണ്ട് സഹോദരനായ കല്ലു രാജുവിനെ കൊണ്ട് സെയ്‌ലുവിനെ മര്‍ദ്ദിച്ച് പുറത്താക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഗ്രാമമുഖ്യന്‍ കല്ലു രവീന്ദര്‍ ദളിതരെ ബഹിഷ്‌കരിക്കാന്‍ ഉത്തരവിട്ടത്. ഗ്രാമപഞ്ചായത്തില്‍ മേലില്‍ കയറിപോകരുതെന്നും ഇയാള്‍ ദളിതരോട് 'ആജ്ഞാപിച്ചു'. ഉല്‍സവം രണ്ട് കൂട്ടരും ഞായറാഴ്ച ആഘോഷിച്ചെങ്കിലും പതിവുള്ള ദപ്പുവിന് ദളിതരെ ഒഴിവാക്കി പകരം സംവിധാനം മേല്‍ജാതിക്കാര്‍ ഒരുക്കി.

കടയില്‍നിന്ന് സാധനം കൊടുക്കാതിരിക്കുകയും ദളിത് കോളനിയിലേക്ക് കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്തു. ദളിത് കോളനി ആക്രമിക്കാന്‍ 10 പേരെ വിടുകയും ചെയ്‌തെന്ന് ദളിതര്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്ന് സെയ്‌ലു പൊലീസില്‍ മര്‍ദ്ദിച്ചതിനെതിരെ പരാതിയും നല്‍കി. ബഹിഷ്‌കരണം അടക്കം കാര്യങ്ങളില്‍ എസ് സി എസ്ടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോളനിയിലേക്ക് കുടിവെള്ളം തുറന്നുകൊടുക്കുകയും ചെയ്തു. എല്ലാവരും നിയമത്തിന് മുന്നില്‍ ഒരുപോലെയാണെന്നും ദളിതര്‍ക്ക് വേണ്ടയെല്ലാ നിയമ പരിരക്ഷയും നല്‍കുമെന്നും പൊലീസ് സൂപ്രണ്ട് ഉറപ്പ് നല്‍കി.

കടപ്പാട്: ന്യൂസ് മിനിട്ട്‌

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT