മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുത്, മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും വേണ്ടെന്ന് സുഗത കുമാരി

മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുത്, മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും വേണ്ടെന്ന് സുഗത കുമാരി

മരണശേഷം ഒരു പൂവും എന്റെ ദേഹത്തുവെക്കരുത്, മതപരമായ വലിയ ചടങ്ങുകളും വേണ്ട, സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, ആരേയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തി കവാടത്തില്‍ ദഹിപ്പിക്കണം. പൊലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

മരണശേഷം തനിക്കായി പൂക്കളും റീത്തുകളും ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്ന് കവിയത്രി സുഗതകുമാരി. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും അനുശോചനയോഗങ്ങളും സ്മാരക പ്രഭാഷണങ്ങളും വേണ്ടെന്നും സുഗതകുമാരി വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മരണാനന്തരം താന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് സുഗതകുമാരി പറഞ്ഞു വെച്ചത്. താന്‍ ഇതെല്ലാം ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കവിയത്രി പറഞ്ഞു.

മരിച്ചു കിടക്കുന്നവര്‍ക്ക് പൂക്കള്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടവര്‍ ശവപുഷ്പങ്ങള്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക, അതുമാത്രം മതിയെന്നും പറഞ്ഞുവെച്ചു. ഒരാള്‍ മരിച്ചാല്‍ റൂത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്നും ആ ശവപുഷ്പങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നുമാണ് കവിയത്രി പറയുന്നത്.

മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്.

സുഗതകുമാരി

ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്ന് കവിയത്രി പറയുന്നു.

സദ്യയും കാപ്പിയും ഒന്നും വേണ്ട, കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

തന്റെ മരണാനന്തരം കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ പോലും താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സുഗതകുമാരി വെളിപ്പെടുത്തുന്നത് രണ്ടാമത്തെ ഹൃദയാഘാതം അവരെ അത്രമേല്‍ ക്ഷീണിതയാക്കിയതോടെയാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെ മിടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തെ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in