Special Report

‘ബോണ്ട് അടി’: സമനില തെറ്റിക്കുന്ന വിഷലഹരിയുടെ മരണവലി 

എ പി ഭവിത

പെട്രോളിയം ജെല്ലിയും ഡീസലും കലര്‍ത്തി ലഹരിയായി ഉപയോഗിച്ച പതിനഞ്ച് വിദ്യാര്‍ത്ഥികളെ എരുമേലിയില്‍ പോലീസ് പിടികൂടി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പെട്രോളിയം ജെല്ലിയും ഡീസലും കലര്‍ത്തുമ്പോളുണ്ടാകുന്ന പുക ശ്വസിച്ചാണ് ലഹരിയുണ്ടാകുന്നു. ഇത്തരം ലഹരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയാണ് പോലീസ്. ലഹരിയുണ്ടാക്കാനുള്ള വഴി പഠിച്ചതെങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 'ബോണ്ട് വലിക്കുക' എന്നതാണ് ഉപയോഗിക്കുന്നവര്‍ക്കിടയിലെ പ്രയോഗം.

എരുമേലിയിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ഇത്തരം രീതികള്‍ പരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അനുഭവങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചെറുപ്പക്കാരന്‍ ഉപയോഗിച്ചപ്പോഴുള്ള അനുഭവം ദ ക്യൂവിനോട് പങ്കുവച്ചു.

“ഉപയോഗിച്ചാല്‍ ബോധമുണ്ടാകില്ല. കഞ്ചാവടിക്കുന്നതിനേക്കാള്‍ വീര്യമുണ്ട്. അടിച്ചാല്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. അടി നിര്‍ത്തി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ട്രിപ്പ് പോകും. അടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹെവി ട്രിപ്പായിരിക്കും. ഒറ്റത്തവണ ഉപയോഗിച്ച് നിര്‍ത്തി. പിള്ളേരാണ് കൂടുതലായി ഉപയോഗിക്കുന്നത്. അവര്‍ക്ക് കടയില്‍ പോയി സിഗരറ്റ് വാങ്ങാനൊന്നും പറ്റില്ല. മറ്റ് ലഹരി കിട്ടാനും എളുപ്പമല്ല. ഈ ഐറ്റംസ് വാങ്ങാന്‍ എളുപ്പമാണ്. റേറ്റും കുറവാണ്”.

ലഹരിയുടെ പുതുവഴികള്‍

മദ്യം, പുകയില ഉല്‍പന്നങ്ങള്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകള്‍ എന്നിവ മാത്രമല്ല ലഹരിക്കായി ഉപയോഗിക്കുന്നത്. മാജിക് മഷ്‌റൂം ചെറുപ്പക്കാര്‍ക്കിടയില്‍ ഡിമാന്റുള്ള ഉല്‍പ്പന്നമാണ്. മനോരോഗത്തിനുള്ള മരുന്നുകളായ ഡയസെപാം, നൈട്രാസിപാം, ആല്‍പ്രസോള്‍, ലോറാസിപാം, ക്ലോര്‍ഡയാസിപ്പോക്ലൈഡ് എന്നിവയും ഉപയോഗിക്കുന്നുണ്ട്. മാനസികരോഗവിദഗ്ധന്റെ കുറിപ്പടിയുണ്ടെങ്കിലെ ഇവ ലഭിക്കുകയുള്ളു.മറ്റ് കടമ്പകളില്ല എന്നതാണ് മറ്റ് വഴികളിലേക്ക് കൗമാരക്കാരെ ആകര്‍ഷിക്കുന്നത്.

ഇന്‍ഹലന്റ്‌സ് വിഭാഗത്തില്‍ പെട്ടവയായ പെയിന്റ്, തിന്നര്‍, പെട്രോള്‍, ഡീസല്‍, നെയില്‍പോളിഷ്, പശ എന്നിവ ലഹരിക്കായി ഉപയോഗിക്കുന്നത് പ്രധാനമായും കുട്ടികളും കൗമാരക്കാരുമാണ്. ഇവയില്‍ മായം ചേര്‍ത്ത് വീര്യം കൂട്ടുന്നവരുമുണ്ട്. ഇതിനായി കൊതുകുതിരിയും വിഷപദാര്‍ത്ഥങ്ങളും കൂട്ടിച്ചേര്‍ക്കും. ഫെവിക്കോള്‍, എസ് ആര്‍ പോലുള്ള പശകള്‍ എളുപ്പത്തില്‍ കിട്ടുമെന്നതാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റില്‍ പുരട്ടി ചുരുട്ടി സിഗരറ്റ് പോലെയും ഒന്നിച്ച് കത്തിച്ച് പുകവലിക്കുന്ന രീതിയും പരീക്ഷിക്കുന്നവരുണ്ട്. വിലക്കുറവും മറ്റ് ലഹരി വസ്തുക്കള്‍ വാങ്ങുമ്പോഴുള്ള സംശയങ്ങള്‍ ഉണ്ടാവില്ല എന്നതും കുട്ടികള്‍ സൗകര്യമായി കാണുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇത്തരം ലഹരി ഉപയോഗമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ പിടിപെടാന്‍ ഇടയാക്കും.

ചെറുപ്രായത്തില്‍ തന്നെ ഇത്തരം ലഹരികള്‍ ഉപയോഗിക്കുന്നത് എല്ലാ അവയവങ്ങളെയും ബാധിക്കും. മുഖത്തും ശരീരത്തിലും പൊള്ളലേറ്റും കുട്ടികള്‍ ചികിത്സ തേടുന്നവരുണ്ട്. തുടര്‍ച്ചയായി ഉപയോഗിക്കുന്നതിലൂടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും, തലച്ചോറിലെ നാഡികളെ തളര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യും. കെമിക്കലുകള്‍ യോജിപ്പിച്ച് കത്തിക്കുമ്പോള്‍ ഏത് രൂപത്തിലാകുമെന്നും കൃത്യമായി തിരിച്ചറിയാനും കഴിയില്ല. തുടക്കക്കാരില്‍ ഒരു മണിക്കൂറോളം ലഹരി നിലനില്‍ക്കും. വിഭ്രാന്തി, ചിന്തിക്കാനുള്ള ശേഷി കുറയുക, ശ്രദ്ധ കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും ഭാവിയില്‍ ഉണ്ടാകും. മാനസികവൈകല്യത്തിന് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരുന്നതായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജിതിന്‍ ടി ജോസഫ് പറയുന്നു.

ഉന്‍മാദാവസ്ഥയില്‍ ആശുപത്രികളിലെത്തുന്നവരുണ്ട്. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ 25 വയസ്സ് വരെയുള്ളവരാണ് ചികിത്സക്കെത്തുന്നത്. ചികിത്സാ കാലയളവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെങ്കിലും വീട്ടിലേക്ക് തിരിച്ചു പോയാല്‍ വീണ്ടും ഉപയോഗിക്കുന്നവരാണ് കൂടുതല്‍. ചെറുപ്രായത്തില്‍ ഇവയ്ക്ക അടിപ്പെടുന്നവര്‍ അതിന് ശേഷം വീര്യം കൂടിയ ലഹരി വഴികളിലേക്ക് തിരിയുന്നു.
ഡോ. ജിതിന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുള്ളവര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എ.ഡി.എച്ച്.ഡി) ഉള്ള കുട്ടികള്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍, ദാമ്പത്യ ബന്ധം വേര്‍പെടുത്തിയവരുടെ മക്കള്‍, രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാതെ വളരുന്നവര്‍, മറ്റ് ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലാത്ത കുട്ടികള്‍ എന്നിങ്ങനെയുള്ളവരാണ് പൊതുവായി ഇത്തരം ലഹരി ഉപയോഗ ഗ്യാങ്ങില്‍ പെടുന്നതെന്നാണ് മാനസികരോഗ വിദഗ്ധര്‍ പറയുന്നത്.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരുമുണ്ട്. ഡീ അഡിക്ഷന്‍ സെന്ററുകളിലെ ചികിത്സ നേരത്തെ തന്നെ ലഭിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT