Special Report

മോഷണത്തിനിടെ യുവതിയെ കത്തി കാട്ടി ലൈംഗികാതിക്രമം നടത്തിയെന്ന് അഭിമുഖത്തില്‍ മണിയന്‍പിള്ള, സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍

മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്ന് 'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ' എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള. തമിഴ് വെബ് സൈറ്റ് ബിഹൈന്‍ഡ് വുഡ്‌സിന്റെ മലയാളം ചാനല്‍ ബിഹൈന്‍ഡ് വുഡ് ഐസ് നടത്തിയ അഭിമുഖത്തിലാണ് ക്രൂരമായ റേപ്പിനെക്കുറിച്ച് മണിയന്‍പിള്ള ആസ്വദിച്ച് വിവരിക്കുന്നത്.

വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്‌റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ എന്നാണ് അഭിമുഖം നടത്തിയ ബിഹൈന്‍ഡ് വുഡ്‌സ് അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് മണിയന്‍പിള്ള വിവരിക്കുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്‍വ്യൂവര്‍ ചോദിക്കുന്നു.

കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നാണ് മണിയന്‍ പിള്ള പറയുന്നത്.

റേപ്പ് വിവരിക്കുന്ന അഭിമുഖം പ്രസിദ്ധീകരിച്ചതിനെതിരെ കമന്റില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. റേപ്പിനെ മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ 'ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..' എന്ന തമ്പ് നെയിലിനൊപ്പം നൈറ്റ് ഡ്രസില്‍ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തില്‍ നല്‍കിയാണ് ബിഹൈന്‍ഡ് വുഡ്‌സ് ആറ് ദിവസം മുമ്പ് അഭിമുഖം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ഇത് നീക്കം ചെയ്തു.

നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിഹൈന്‍ഡ് വുഡ്‌സ് അഭിമുഖത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വീഡിയോയിലെ ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ബിഹൈന്‍ഡ് വുഡ്‌സിനോട് 'ഷെയിം ഓണ്‍ യു' എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പാര്‍വതി തിരുവോത്ത്. പ്രതിഷേധത്തിന് പിന്നാലെ യൂട്യൂബ് ചാനലില്‍ നിന്ന് ഈ അഭിമുഖം പിന്‍വലിച്ചിട്ടുണ്ട്.

ഒരു പെണ്ണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെയാണ് ഇരുന്ന് പുകഴത്തുന്നത്, റേപ്പിനെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണം, സ്വമേധയാ കേസെടുക്കണം തുടങ്ങിയ നിരവധി കമന്റുകള്‍ അഭിമുഖത്തിന് കീഴില്‍ വരുന്നുണ്ട്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ദ ക്യുവിനോട് പറഞ്ഞു.

"കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും. ഐടി ആക്ട് പ്രകാരം യൂട്യൂബ് ചാനലിനെതിരായി നടപടിയെടുക്കാനും സൈബര്‍ സെല്ലിനെ അറിയിച്ച് സാമൂഹ മാധ്യമങ്ങളില്‍ നിന്ന് കണ്ടന്റ് ഒഴിവാക്കാനും ഉള്ള നിര്‍ദേശം നല്‍കും. മണിയന്‍പിള്ള പറഞ്ഞ കാര്യങ്ങള്‍ വെച്ച് അന്വേഷണം നടത്താനും കമ്മീഷന്‍ ഉത്തരിവിടും," പി. സതീദേവി പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT