Special Report

ദുരന്തത്തെ മാടി വിളിക്കുന്ന കൊളമല തുരക്കല്‍ ; പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, വീടുകള്‍ക്ക് വിള്ളല്‍ 

14 പേരുടെ ജീവനെടുത്ത കരിഞ്ചോലമല ഉരുള്‍പൊട്ടലിന്റെ നടുക്കം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്നിരിക്കെ സമീപത്തെ കൊളമല തുരന്ന് ദുരന്തം ക്ഷണിച്ചുവരുത്തുന്നു. റൂബി സ്റ്റോണ്‍ ക്രഷര്‍ ആണ് കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയില്‍ പാറ തുരന്നെടുക്കുന്നത്. വെണ്ടേക്കുംചാലില്‍ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി അബ്ദുള്ളക്കോയ തങ്ങള്‍ എന്നയാളുടെ പേരിലുള്ളതാണ്. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയാണ് ക്രഷറിന്റെ പ്രവര്‍ത്തനം. ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് പ്രദേശവാസികള്‍. കൂടാതെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഇടമാണിത്. ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായി പരാമര്‍ശിക്കപ്പെട്ട മേഖലയും. ഇവിടുത്തെ ജൈവ ആവാസ വ്യവസ്ഥയ്ക്ക് തുരംഗം വെച്ചുകൊണ്ടാണ് ക്വാറി പ്രവര്‍ത്തനം.

താഴ്‌വാരത്തുള്ള കേളന്‍മൂല, മാക്കുനി, വെണ്ടേക്കുംചാല്‍, പുലോട്, വേനക്കാവ്, കൊളക്കാട്ടുകുഴി എന്നിവിടങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളുണ്ട്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചാണ് വന്‍ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന തരത്തില്‍ പാറ പൊട്ടിക്കല്‍. കാലവര്‍ഷം കനക്കുമ്പോള്‍ പ്രദേശവാസികളുടെ നെഞ്ചിടിപ്പേറുകയാണ്. ക്വാറിയിലെ സ്‌ഫോടനങ്ങള്‍ കാരണം സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടാകുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്വാറി മാലിന്യം ജലസ്രോതസ്സുകളെ മലിനമാക്കുകയാണ്. വേനലില്‍ കടുത്ത കുടിവെള്ളക്ഷാമവും ഈ മേഖലകളില്‍ അനുഭവപ്പെടുന്നുണ്ട്. പൊടിപൊടലം അന്തരീക്ഷമലിനീകരണവും സൃഷ്ടിക്കുന്നു. ഒപ്പം കൃഷിയിടങ്ങളിലും മാലിന്യനിക്ഷേപമുണ്ടാകുന്നു.

മുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണെടുത്തപ്പോള്‍ വന്‍തോതില്‍ മഴവെള്ളമിറങ്ങി കുത്തിയൊലിച്ചാണ് കരിഞ്ചോലമല ദുരന്തമുണ്ടായതെന്ന് പൊതുപ്രവര്‍ത്തകനായ ഷംസീര്‍ കക്കാട്ടുമ്മല്‍ പറയുന്നു.

2018 ലെ കരിഞ്ചോലമല ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മലയുടെ എതിര്‍വശത്ത് അതായത് കട്ടിപ്പാറ ഭാഗത്ത് മൂന്ന് വീടുകളും തകര്‍ന്നിരുന്നു. ഒരു വീട്ടിലുള്ള മുഴുവനാളുകളുമുള്‍പ്പെടെ 14 പേരാണ് മരിച്ചത്. അത്തരമൊരു ദുരന്തത്തിന്റെ അനുഭവമുള്ളപ്പോഴാണ് അടുത്ത് വേറൊരു മല തുരന്നെടുക്കുന്നത്‌.
ഷംസീര്‍ കക്കാട്ടുമ്മല്‍

ക്വാറിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംഘടിച്ച് ക്വാറിയിലെത്തി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സമരം നിര്‍ജീവമാക്കാന്‍ ക്വാറി ഉടമകളുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 12 വര്‍ഷം മുന്‍പ് ചെറിയ തോതില്‍ ആരംഭിച്ച ക്വാറി പിന്നീട്,പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലറുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറിയെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റേതടക്കം എല്ലാ ലൈസന്‍സുകളും ക്വാറിക്കുണ്ടെന്നാണ് ഉടമകളുടെ വിശദീകരണം. എന്നാല്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചെന്നാണ് ചോദ്യമുയരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഖനനമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മഴ ശക്തമായാല്‍ നിരോധനം വന്നേക്കുമെന്നതിനാല്‍ ഇപ്പോള്‍ പരമാവധി പാറപൊട്ടിക്കാനാണ് നീക്കം. ഇതിന് പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയുണ്ടെന്നും നാട്ടുകാര്‍ വിശദീകരിക്കുന്നു . പ്രദേശത്തെ 30 ഏക്കര്‍ ഭൂമി ഇവര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ബാധം കല്ലും മറ്റ് ഉല്‍പ്പന്നങ്ങളും ലോറികളില്‍ കടത്തുകയാണ്. പരിസ്ഥിതി ആഘാത പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇവിടങ്ങളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ക്വാറിക്കെതിരെ കേന്ദ്ര ഹരിത ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT