Special Report

ഒറ്റയടിക്ക് കൂട്ടിയത് മൂന്നിരട്ടി, മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ പ്രതിഷേധം. ആശങ്കയിൽ വിദ്യാർഥികൾ

തൃശൂർ മണ്ണൂത്തി കാർഷിക സർവകലാശാലയിലെ 2025-26 അധ്യയന വർഷത്തേക്കുള്ള സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്തിയതിൽ പ്രതിഷേധം. അഡ്മിഷൻ നടപടികൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാവിധ ചട്ടങ്ങളും ലംഘിച്ച് ഫീസ് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നത്. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18,780രൂപയിൽ നിന്നും 49,990 ആയി ഉയർത്തി. പിജി വിദ്യാർഥികളുടേത് 17,845ൽ നിന്ന് 49,500 ആയും, ഡിഗ്രി വിദ്യാർഥികൾക്ക് 12,000ത്തിൽ നിന്ന് 48,000വും ആയി ഉയർത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

മണ്ണൂത്തി കാർഷിക സർവകലാശാല

വിദ്യാർഥി സമരത്തെ തുടർന്ന് സർവകലാശാല എക്സിക്യൂട്ടീവുമായ ചർച്ച ചെയ്ത് മാത്രമേ ഫീസ് വർദ്ധിപ്പിക്കൂ എന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്താതെയാണ് സർവകലാശാലയുടെ ഏകപക്ഷീയ തീരുമാനം. നിലവിലെ വർദ്ധന എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്നും തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർത്ഥി സംഘടന പ്രതിനിധികൾ പറഞ്ഞു.

പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് ഫീസ് വർദ്ധന ബാധിക്കുക എന്നാണ് സർവകലാശാലാ അധികൃതരുടെ ന്യായീകരണം. പുതുക്കിയ ഫീസ് നിലവിലെ വിദ്യാർത്ഥികൾക്ക് ബാധകമല്ലെന്നും, ഗ്രാന്റുകൾ പലതും കൂട്ടിത്തരാമെന്ന് അക്കാദമിക് കൗൺസിൽ മീറ്റിങ്ങിൽ ഉൾപ്പടെ വാഗ്ദാനം ചെയ്തുമാണ് ഫീസ് വർധനക്കെതിരായ സമരത്തിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ സർവകലാശാലാ അധികൃതർ ശ്രമം നടത്തുന്നത്.

പ്രോസ്‌പെക്ടസ് പ്രകാരം 17000 രൂപയാണ് പുതിയ ബാച്ചിന്റെ ഫീസ് ആയി കണ്ടത്. ആ നിലക്കാണ് അഡ്മിഷന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തതും. പിന്നീട് സെപ്റ്റംബർ മൂന്നിന് രാത്രി എല്ലാവരും ഓണ അവധിയിൽ പോയ സമയത്താണ് ഫീസ് പുതുക്കിയതായി നോട്ടിഫിക്കേഷൻ കാണുന്നത്. ഇത് പ്രകാരം ഒരാൾക്ക് 48,000 രൂപയാണ് ഒരു വർഷത്തെ ഫീസ് ആയി കണക്കാക്കുന്നത്. ഇത് സെമസ്റ്റർ പ്രകാരമുള്ള ഫീസ് മാത്രമാണ്. ഇതിന് പുറമെ എക്‌സ്ട്രാ ഫീസുകൾ കൂടെ വരുമ്പോൾ ഒരു വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ചെലവ് കണക്കാക്കേണ്ടി വരും. കാർഷിക സർവകലാശാലയിൽ ഇത്തവണ അഡ്മിഷൻ എടുക്കാനിരിക്കുന്ന ആലപ്പുഴ സ്വദേശിനിയായ സഭ എന്ന വിദ്യാർത്ഥിനിയുടേതാണ് പ്രതികരണം.

പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ

കാലാകാലങ്ങളായി കാർഷിക വിദ്യാഭ്യാസം സ്വപ്നം കണ്ടുകൊണ്ട് നമ്മുടെ കേരളത്തിലെ എല്ലാ വിഭാഗക്കാരുടെയും മക്കൾ പഠിച്ചു പോരുന്ന ഈ സർവകലാശാലയിൽ വർഷത്തിൽ ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് ഈ ഫീസ് നില ഉയർത്തുമ്പോൾ വിദ്യാഭ്യാസത്തെ വെറും കച്ചവടം ആക്കിക്കൊണ്ടും, വിദ്യാർത്ഥികളുടെ പണത്തെ ചൂഴ്‌ന്നെടുക്കുവാനും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള യൂണിവേഴ്‌സിറ്റി ശ്രമിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ദ ക്യുവിനോട് പറഞ്ഞു. അതിനായി യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്ന രീതിയാണ് ഏറെ ഭയാനകവും പ്രതിഷേധാർഹവുമെന്നും ശിവപ്രസാദ് പറഞ്ഞു.

മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം

പുതിയ അക്കാദമിക് ബാച്ചുകളിലെ വിദ്യാർഥികൾക്കുമേൽ ഫീസുയുർത്തിയാൽ നിലവിലുള്ളവർ സമരം ചെയ്യാൻ സാധ്യതയില്ലല്ലോ എന്ന മുൻധാരണയിൽ കണക്കുകൂട്ടലുകൾ നടത്തുന്ന സർവ്വകലാശാല അധികൃതരുടെ മനോഭാവം വിദ്യാഭ്യാസത്തെ വ്യാപാരവൽക്കരിക്കുന്ന ദുഷ്ട മനോഭാവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഈ വർഷത്തെ കേരള കാർഷിക സർവ്വകലാശാലയിലെ ബജറ്റ് സംബന്ധിച്ച ചർച്ചയിൽ ഫീസ് ഉയർത്തേണ്ട സാഹചര്യമുണ്ടായാൽ കൃത്യമായ പഠനത്തിന്റെ ഭാഗമായിരിക്കണം എന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ നിലവിലുള്ള ഫീസ് ഉയർത്തലിൽ അത്തരത്തിൽ ഒരു പഠനവും ഉണ്ടായിട്ടില്ല. പിന്നീട് യൂണിവേഴ്‌സിറ്റി ഫീസ് 11,000 നിന്നും 20,000 ത്തിന് അടുത്തേക്ക് ഉയർത്തുകയും വർഷം 5% വീതം വർദ്ധനവ് നിർദ്ദേശിക്കുകയും ചെയ്തു. ഈ തീരുമാനം കഴിഞ്ഞിട്ട് ഒരു വർഷം പോലും പൂർത്തീകരിക്കുന്നതിന് മുമ്പ് വീണ്ടും അത് 50,000ത്തിലേക്ക് ഉയർത്തണം എന്ന നിലയിലേക്കുള്ള ചിന്ത വന്നത് തികച്ചും പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളുടെ പണംകൊണ്ട് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ ശ്രമിക്കുന്നത് തികച്ചും വിദ്യാഭ്യാസ കച്ചവടം എന്നുതന്നെ പറയേണ്ടിവരും.

മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം

വിദ്യാർത്ഥിസമൂഹത്തെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു ഒരു ഉപാധിയായി കാണുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും വിദ്യാഭ്യാസം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികളും സബ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് നിവേദനം നൽകിയിട്ടുണ്ട്. എസ്എഫ്‌ഐ സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായും എം.ശിവപ്രസാദ് പറഞ്ഞു.

കാർഷിക സർവകലാശാലയിലെ ധനപ്രതിസന്ധി മറികടക്കുന്നതിനായി വിദ്യാർത്ഥികൾക്കു മുകളിൽ ഭാരം അടിച്ചേൽപ്പിച്ച സർവ്വകലാശാല നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ദ ക്യുവിനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ പോക്കറ്റടിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ കെഎസ്‌യു സംഘടിപ്പിച്ച പ്രതിഷേധം

വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന ഫീസ് വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന പ്രവൃത്തിയില്ല സർവ്വകലാശാലാ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉപാധിയായി വിദ്യാർത്ഥികളെ ഉപയോഗിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും. നിയമാനുസൃത ഫീസ് നിലവിലെ നിരക്കിൽ നിന്നും അഞ്ച് ശതമാനം മാത്രമേ വർദ്ധിപ്പിക്കാനാവൂ എന്ന ചട്ടം മറികടന്നാണ് അഞ്ചിരട്ടിയിലധികം ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താതെ, വിദ്യാർത്ഥി പ്രതിഷേധം മറികടന്ന് ഫീസ് കുത്തനെ ഉയർത്തിയത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. അന്യായമായ ഫീസ് വർദ്ധനവിനെതിരെ യൂണിറ്റ് തലങ്ങളിൽ പ്രതിഷേധ പരിപാടി നടന്നു വരികയാണെന്നും, പ്രതിഷേധം സംസ്ഥാനതലത്തിൽ ശക്തമാക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക്

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

'നോ' പറയാത്ത ദുൽഖറും വേഫെററും തന്നെയാണ് 'ലോക'യുടെ ശക്തി: ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ അഭിമുഖം

അന്ന് സത്യന്‍ സാര്‍ ഓടി വന്ന് പറഞ്ഞു, 'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' : സംഗീത് പ്രതാപ്

നസ്ലെന്‍ ഭയങ്കര ക്യൂട്ട്, സംസാരിച്ചാല്‍ ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍

SCROLL FOR NEXT