Special Report

‘സ്ത്രീകളുടെ വിശ്വാസത്തിന് പ്രാധാന്യമില്ലേ?’; ഭരണഘടന എല്ലാറ്റിനും മേലെയെന്ന് കനകദുര്‍ഗ

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ഭരണഘടന മതവിശ്വാസങ്ങള്‍ക്കും മേലെയാണെന്ന് സുപ്രീം കോടതിവിധി പ്രകാരം ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. ഭരണഘടനയ്ക്ക് അപ്പുറത്ത് വിശ്വാസമില്ലെന്ന് കനക ദുര്‍ഗ പ്രതികരിച്ചു. മൗലിക അവകാശങ്ങള്‍ തന്നെയാണ് പ്രധാനം. ഭരണഘടന അനുസരിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യവും അവരുടെ മൗലിക അവകാശങ്ങളും സംരക്ഷിക്കുകയാണ് നീതിക്ക് വേണ്ടി നിലകൊള്ളുന്ന സുപ്രീം കോടതി ചെയ്യേണ്ടത്. ഭരണഘടന വിശുദ്ധഗ്രന്ഥമായി ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ജസ്റ്റിസ് രൊഹിന്‍ടണ്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും പറഞ്ഞത്. തനിക്ക് പറയാനുള്ളതും അത് തന്നെയാണ്. തലനാരിഴ കീറി പരിശോധിക്കുകയാണെങ്കിലും നിലവിലുള്ള വിധിയില്‍ ഒരു മാറ്റം ഉണ്ടാകരുത്, അല്ലെങ്കില്‍ ഉണ്ടാകില്ല എന്ന് തന്നെയാണ് പ്രതീക്ഷ. 12 വര്‍ഷമെടുത്ത് ആചാരങ്ങളേക്കുറിച്ച് എല്ലാ മത സംഘടനകളുടേയും വാദം നന്നായി പരിശോധിച്ച് തീരുമാനിച്ചുറപ്പിച്ചതിന് ശേഷമുണ്ടായ സുപ്രീം കോടതി വിധിയാണിത്. പെട്ടെന്നൊരു ദിവസം രാവിലെയുണ്ടായ വിധിയല്ല. അത് മാറ്റം വരുത്തേണ്ട ഒന്നല്ലെന്നും കനകദുര്‍ഗ 'ദ ക്യു'വിനോട് പറഞ്ഞു.

മതവിശ്വാസത്തിന് പ്രാധാന്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അങ്ങനെയെങ്കില്‍ എല്ലാവരുടേയും വിശ്വാസത്തിന് പ്രാധാന്യമില്ലേ? സ്ത്രീകള്‍ക്കും വിശ്വാസമുണ്ട്.
കനകദുര്‍ഗ

സുപ്രീം കോടതിയില്‍ ഇന്ന് നടന്നതോര്‍ത്ത് ചിരിയാണ് വരുന്നത്. നിലവില്‍ ഒന്നും നടന്നിട്ടില്ല. നിലവിലുള്ള വിധിയ്ക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ അത് തുടരുമെന്നാണ് അര്‍ത്ഥം. ഏഴംഗബെഞ്ച് പരിശോധിക്കുന്നതു വരെ കാക്കുന്നത് എന്തൊരു പ്രഹസനമാണ്? ഒന്നുകില്‍ സ്റ്റേ ചെയ്യുകയെങ്കിലും വേണമായിരുന്നു. ശബരിമലയില്‍ ഈ മണ്ഡലകാലത്തും കഴിഞ്ഞ വര്‍ഷം നടന്നതുപോലെയുള്ള എല്ലാ തരം യുദ്ധങ്ങളും നാടകങ്ങളും ഇത്തവണയും പ്രതീക്ഷിക്കാമെന്നും കനക ദുര്‍ഗ ചൂണ്ടിക്കാട്ടി.

സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടി തന്റെ പേര് വലിച്ചിഴക്കുകയാണെന്ന് കനകദുര്‍ഗ പറഞ്ഞു. സ്റ്റേയില്ലെങ്കില്‍ ശബരിമലയില്‍ പോകും എന്നൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇന്നലെ മുതല്‍ ഇക്കാര്യം തന്നെയാണ് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നത്. പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്ന് മാത്രമാണ് ഈ നിമിഷം വരെ പറഞ്ഞിട്ടുള്ളത്. ചിലപ്പോള്‍ പോകാം അല്ലെങ്കില്‍ പോകാതിരിക്കാം. ഞാന്‍ പറഞ്ഞതല്ല വാര്‍ത്തയായി വന്നത്. എന്റെ ശബരിമലപോക്കിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്? ഒരു പ്രാവശ്യം ഞങ്ങള്‍ കയറിക്കഴിഞ്ഞു. ഇനിയും പോകാന്‍ താല്‍പര്യം തോന്നിയാലേ പോകൂ. വേറെ യുവതികള്‍ക്ക് കയറാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ കയറട്ടെ. എന്താണിത്ര പ്രശ്‌നം? വിശ്വാസികളായ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് വെറുതേ ഒരു വിഷയം എടുത്തിട്ട് അവരെ പ്രകോപിതരാക്കാന്‍ വേണ്ടി എന്റേയും ബിന്ദു അമ്മിണിയുടേയും പേര് ഉപയോഗിക്കുകയാണ് പലരും. വ്യാജ വാര്‍ത്തകള്‍ കൊടുത്ത് ഒരു വിഭാഗം ആളുകളെ ഇളക്കിവിടലാണ് അതിന്റെ ലക്ഷ്യമെന്നും കനക ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT