Special Report

‘ഭരണഘടനാ ലംഘനം, വംശീയ വാദം’; ചിദംബരേഷ് ജസ്റ്റിസ് പദവി രാജിവെയ്ക്കണമെന്ന് സണ്ണി എം കപിക്കാട്  

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ജാതി-സമുദായ സംവരണത്തിനെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് സ്ഥാനം ഒഴിയണമെന്ന് സാമൂഹ്യനിരീക്ഷകനും ചിന്തകനുമായ സണ്ണി എം കപിക്കാട്. ചിദംബരേഷ് ഭരണഘടനാ പദവിയില്‍ നിന്നുകൊണ്ട് ഭരണഘടനയ്ക്കെതിരെയാണ് സംസാരിച്ചതെന്ന് സണ്ണി കപിക്കാട് 'ദ ക്യൂ'വിനോട് പ്രതികരിച്ചു. ഹൈക്കോടതി ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമാണ്. അപകടകരമായ വംശീയ പരാമര്‍ശങ്ങളാണ് ചിദംബരേഷ് നടത്തിയതെന്നും സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടി.

സമുദായം സംഘടിച്ച് ഭരണഘടനയെ തകര്‍ക്കണമെന്നാണ് ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്. ഇതിന്റെ പേരില്‍ തന്നെ ചിദംബരേഷിനെതിരെ കേസെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ടതാണ്. കുറ്റകൃത്യമാണ്, നിയമലംഘനമാണ് ചെയ്തിരിക്കുന്നത്.
സണ്ണി എം കപിക്കാട്

മലയാള സമൂഹത്തിന് ഒരു സംഭാവനയും ചെയ്യാത്തവരാണ് പൈതൃകം പറയുന്നത്. ഈ സമൂഹത്തില്‍ തുല്യപൗരന്‍മാര്‍ എന്ന നിലയിലാണ് ജീവിക്കേണ്ടത്. മുജ്ജന്മ സുകൃതം എന്ന പ്രയോഗം ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. കല്യാണ്‍ സില്‍ക്‌സ് ഉള്‍പ്പെടെയുള്ള വ്യവസായികള്‍ ബ്രാഹ്മണ വംശീയ വാദം ഉന്നയിച്ചാല്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതീയമായും സാമുദായികമായും നടപ്പിലാക്കുന്നതിന് പകരം സംവരണം സാമ്പത്തികമായി മാത്രം നടപ്പാക്കാന്‍ വേണ്ടി ബ്രാഹ്മണര്‍ എല്ലാവരും സംഘടിച്ച് പ്രവര്‍ത്തിക്കണമെന്ന് ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞിരുന്നു. ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു ചിദംബരേഷിന്റെ പരാമര്‍ശങ്ങള്‍. പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. ബ്രാഹ്മണന്‍ മനുഷ്യ സ്നേഹിയും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. ഇത്തരം ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ഉദ്ഘാടന പ്രസംഗത്തിനിടെ പറയുകയുണ്ടായി.

ഇന്‍ഫോസിസ് സ്ഥാപകനും വ്യവസായിയുമായ ക്രിസ് ഗോപാലകൃഷ്ണന്‍, കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി എസ് പട്ടാഭിരാമന്‍, തമിഴ് നടന്‍ എസ് വി ശേഖര്‍ തുടങ്ങിയവരെ ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിന് ക്ഷണിച്ചിരുന്നു. ‘ചാതുര്‍വര്‍ണ്യത്തിന്റെ പ്രസക്തി’യേക്കുറിച്ചുള്ള സെമിനാറും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സണ്ണി കപിക്കാട് പറഞ്ഞത്

“ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെ മാനിക്കാത്തയാളാണ് ചിദംബരേഷ്. ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് തലവെച്ച് ജഡ്ജിയാകുന്ന ആളാണ് ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായ സംവരണത്തെ എതിര്‍ക്കുന്നത്. സമുദായം സംഘടിച്ച് ഭരണഘടനയെ തകര്‍ക്കണമെന്നാണ് ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്. ഇതിന്റെ പേരില്‍ തന്നെ ചിദംബരേഷിനെതിരെ കേസെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ടതാണ്. കുറ്റകൃത്യമാണ്, നിയമലംഘനമാണ് ചെയ്തിരിക്കുന്നത്. ഈ ഭരണഘടന ബ്രാഹ്മണര്‍ക്ക് നീതി കൊടുക്കുന്നില്ലെന്ന അഭിപ്രായമാണെങ്കില്‍ ചിദംബരേഷ് ജസ്റ്റിസ് പദവി ഒഴിയണം. പാലക്കാട് എന്തോ ഒരു പൈതൃകമുണ്ടെന്ന ഇവര്‍ പറയുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മന്‍ ഭാഷയ്ക്ക് ട്യൂഷന്‍ കൊടുത്ത സ്ഥലമാണ് പാലക്കാട്ടെ അഗ്രഹാരങ്ങള്‍. ഹിറ്റ്‌ലര്‍ ജയിക്കുമെന്ന് വിചാരിച്ച് അവരുടെ ആളുകളാവാന്‍ വേണ്ടി ജര്‍മന്‍ പഠിച്ച ലോക വഞ്ചകരാണിവര്‍. അവര്‍ കണക്ക് പറയാതിരിക്കുന്നതാണ് നല്ലത്. തുല്യപൗരന്‍മാര്‍ എന്ന നിലയില്‍ ജീവിച്ചുപോകാം എന്നല്ലാതെ തമിഴ് ബ്രാഹ്മണര്‍ കേരളത്തില്‍ അത്രയ്ക്ക് അഹങ്കാരമൊന്നും കാണിക്കേണ്ട. മലയാള സമൂഹത്തിന് എന്ത് സംഭാവനയാണ് തമിഴ് ബ്രാഹ്മണര്‍ ചെയ്തിട്ടുള്ളത്. മലയാളികള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. ഊട്ടുപുരയില്‍ തിന്നുമുടിച്ചതല്ലാതെ ഇവര്‍ എന്താണ് ചെയ്തത്. ഒരു ചുവട് കപ്പ ഇവര്‍ മലയാളിക്ക് തന്നിട്ടുണ്ടോ. ചിദംബരേഷ് ജഡ്ജി സ്ഥാനത്തിന്റെ അന്തസ് കാണിക്കണം. ഭരണഘടനയെ അപമാനിക്കരുത്. കേരളത്തിലെ വലിയ വ്യവസായികളായ കല്യാണ്‍ സില്‍ക്‌സ് ബ്രാഹ്മണവാദം പറഞ്ഞാല്‍ മലയാളികള്‍ ഒന്നാലോചിക്കും. ഈഴവനും ദളിതനും അടങ്ങുന്ന സമൂഹമാണ് അവര്‍ക്ക് പണം നല്‍കുന്നത്. വേണ്ടി വന്നാല്‍ ഇവര്‍ തമിഴ് ബ്രാഹ്മണ വംശീയവാദികളാണെന്ന് കടയുടെ മുന്നില്‍ ബോര്‍ഡ് പിടിച്ച് സമരം ചെയ്യും. മുജ്ജന്മ സുകൃതം എന്നൊക്കെ പറഞ്ഞാല്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റില്ല.”

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT