പ്രതീകാത്മകം  
Special Report

പ്രളയയത്തില്‍ നശിച്ച 13 ലോഡ് അരി എവിടെ?, വീണ്ടും വിപണയിലെത്തുമെന്ന് ആശങ്ക 

THE CUE

പ്രളയത്തില്‍ നശിച്ചതിനാല്‍ കുഴിച്ചു മൂടാന്‍ വെച്ച അരി വിപണിയിലെത്തുമെന്ന് ആശങ്ക. സപ്ലൈകോ ഗോഡൗണില്‍ നിന്ന് കാണാതായ പതിമൂന്നര ലോഡ് അരി ഇനിയും കണ്ടെത്താനാകാത്തതാണ് ഓണവിപണിയില്‍ ഈ അരി എത്തിയേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. ചങ്ങനാശ്ശേരി വണ്ടിപ്പേട്ട, മനക്കച്ചിറ ഗോഡൗണുകളില്‍ നശിപ്പിച്ച് കളയാനായി സൂക്ഷിച്ച 28 ലോഡ് അരിയില്‍ പതിമൂന്നര ലോഡ് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അരി എവിടേക്ക് കടത്തിയതെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഭക്ഷ്യയോഗ്യമല്ലാത്തതും കാലിത്തീറ്റയോ കോഴിത്തീറ്റയോ ആയി ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ അരിയാണ് ഗോഡൗണില്‍ നിന്ന് കടത്തിയിരിക്കുന്നത്.

അരി ചീഞ്ഞ് നാറുന്നതിനാല്‍ ഗോഡൗണിന്റെ ഷട്ടര്‍ പോലും ജീവനക്കാര്‍ തുറക്കാറില്ലായിരുന്നുവെന്ന് സപ്ലൈകോ റീജിനല്‍ മാനേജര്‍ സുജ ദ ക്യൂവിനോട് പറഞ്ഞു. അരി കടത്തിയെന്ന സംശയത്തില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തുകയായിരുന്നു.

പ്രളയത്തില്‍ നശിച്ച അരി ലേലം ചെയ്യാനായിരുന്നു സപ്ലൈകോ ആദ്യം തീരുമാനിച്ചത്. വിശദമായ പരിശോധനയില്‍ കുഴിച്ചു മൂടാന്‍ മാത്രമേ പറ്റുകയുള്ളുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗോഡൗണില്‍ തന്നെ സൂക്ഷിച്ചു.
സുജ, സപ്ലൈകോ റീജിനല്‍ മാനേജര്‍

ആദ്യത്തെ ഗോഡൗണില്‍ നിന്ന് 10 ലോഡ് അരിയും രണ്ടാമത്തെ ഗോഡൗണില്‍ നിന്ന് മൂന്നര ലോഡുമാണ് കടത്തിയിരിക്കുന്നത്. ഗോഡൗണില്‍ 28 ലോഡ് അരിയുണ്ടെന്ന് മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കുഴിച്ചു മൂടേണ്ടത് സപ്ലൈകോയാണ്. 1300 ടണ്‍ അരി എവിടെ പോയെന്നതില്‍ കൈമലര്‍ത്തുകയാണ് ഉദ്യോഗസ്ഥര്‍.

നഷ്ടം കണക്കാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് ഓഫീസര്‍ സുനില്‍കുമാര്‍ ദ ക്യൂവിനോട് പറഞ്ഞു.

അന്വേഷണം നടക്കുകയാണ്. തീരെ മോശമായ അരി കുഴിച്ചിട്ടിരുന്നു അതില്‍ അറിയാതെ ഉള്‍പ്പെട്ടിട്ടുണ്ടെകാമെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഭക്ഷ്യയോഗ്യവുമല്ല, കാലിത്തീറ്റയ്‌ക്കോ കോഴിത്തീറ്റയ്‌ക്കോ ഉപയോഗിക്കാന്‍ പറ്റാത്ത അരിയാണ്. വിശദമായി പരിശോധിക്കുന്നുണ്ട്.
സുനില്‍കുമാര്‍, വിജിലന്‍സ് ഓഫീസര്‍

കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി നശിച്ച അരി കുഴിച്ചു മൂടാന്‍ കൊണ്ടു പോയ വഴി തമിഴ്‌നാട്ടിലെ മില്ലില്‍ നിന്ന് പോളിഷ് ചെയ്ത് തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇത് പിടികൂടിയതോടെയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് പുറത്തായത്. തിരുച്ചിറപ്പള്ളി ശ്രീ പഴനി മുരുകന്‍ മോഡേണ്‍ റൈസ് മില്ലില്‍ നിന്നും ‘മോഡേണാ’ക്കുന്നതിനിടെയാണ് പിടികൂടിയത്. 2017ല്‍ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ അരിയായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാറിന് കത്തെഴുതി മില്ലിനെതിരെ നടപടി സ്വീകരിച്ചു. പെരുമ്പാവൂരിലെ മില്ലുകളില്‍ നിന്ന് കരാറുകാര്‍ എടുത്ത അരിയായിരുന്നു ഇത്. പാലക്കാട് സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് അരി കഴുതി വൃത്തിയാക്കി വില്‍ക്കാനുള്ള ശ്രമം നാട്ടുകാരുടെ ശ്രമത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. നേരത്തെ കര്‍ശന നടപടിയെടുത്തിട്ടും ഇത്തവണ കാര്യമായ അന്വേഷണം നടത്താന്‍ സപ്ലൈകോ തയ്യാറാവുന്നില്ലെന്നാണ് ആരോപണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT