ak modi
ak modi 
Special Report

ഗുരുതര സാഹചര്യം, അതിര്‍ത്തിയിലെ സ്ഥിതി പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എ.കെ ആന്റണി 

കെ. പി.സബിന്‍

ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗുരുതരസാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്ന് എ.കെ ആന്റണി. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സുരക്ഷാസേനാംഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായ സംഭവത്തില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ രാജ്യരക്ഷാമന്ത്രി. സൈനികരുടെ ചോരവീണതില്‍ രാജ്യത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. അതിനാല്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിതന്നെ രാജ്യത്തോട് വിശദീകരിക്കുന്നതാണ് എറ്റവും ഉചിതം. അല്ലെങ്കില്‍ പ്രതിരോധമന്ത്രി അതുമല്ലെങ്കില്‍ വിദേശകാര്യമന്ത്രി ഇന്ത്യയെ വിശ്വാസത്തിലെടുത്ത് സംസാരിക്കാന്‍ തയ്യാറാകണം. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇപ്പോഴത്തെ സംഘര്‍ഷം, അതിനുള്ള കാരണം,ഏറ്റവും ഒടുവിലത്തെ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കണം. ഭരണ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എകെ ആന്റണി ദ ക്യുവിനോട് പറഞ്ഞു.

ഇത് കേവലം ഒരു റോഡിന്റെ പേരിലുള്ള തര്‍ക്കം മാത്രമല്ല. അതിനപ്പുറത്ത് ചൈനയ്ക്ക് എന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്. എന്താണെന്ന് കാലത്തിന് മാത്രമേ പറയാനാകൂ. ഇന്ത്യന്‍ സൈന്യമല്ല, ചൈനീസ് സേനയാണ് പ്രകോപനമുണ്ടാക്കിയതെന്ന കാര്യത്തില്‍ സംശയമില്ല.

വലിയ അംഗസംഖ്യയുമായുള്ള ചൈനയുടെ കടന്നുകയറ്റം ഗൗരവമായി തന്നെ വിലയിരുത്തണം. രണ്ട് മാസമായി ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഏപ്രില്‍ രണ്ടാം വാരം തുടങ്ങിയതാണ്. ഒരു പ്രകോപനവുമില്ലാതെയാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തള്ളിക്കയറിയത്. ഒരു പ്രദേശത്തല്ല, ഏഴോ എട്ടോ സ്ഥലത്ത് അവര്‍ കടന്നുകയറി. തുടര്‍ന്ന് സൈനിക തല ചര്‍ച്ച നടത്തിയതോടെ രണ്ടോ മൂന്നോ സ്ഥലത്തുനിന്ന് പിന്‍മാറിയിരുന്നു.

പാങ്ങോട്‌സോ തടാകം ഉള്‍പ്പെടെയുള്ള മൂന്ന് തന്ത്രപ്രധാന മേഖലകളില്‍ ചൈനീസ് സൈന്യം ടെന്റുകളും മറ്റ് സന്നാഹങ്ങളുമായി നിലയുറപ്പിച്ചു. പാങ്ങോട്‌സോ തടാകത്തിന് സമീപമുള്ള പര്‍വതനിരകളില്‍ വളരെയധികം കിലോമീറ്റര്‍ ദൂരം ചൈനീസ് സൈന്യം കടന്നുകയറിയിരിക്കുകയാണ്. അതുപോലെ ഗാള്‍വാന്‍ വാലിയിലെ പല സ്ഥലങ്ങളിലും അവര്‍ പ്രവേശിച്ചിട്ടുണ്ട്. ഇതൊന്നും ഒരു റോഡിന്റെ പേരിലുള്ള തര്‍ക്കം മാത്രമായി കണക്കാക്കാനാകില്ല.

മറ്റെന്തോ ലക്ഷ്യം ചൈനയ്ക്കുണ്ട്. അതില്‍ നിഗമനങ്ങളിലേക്ക് കടക്കാന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ല. മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് അതിന്റേതായ ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണഗതിയില്‍ ഇത്തരത്തില്‍ കടന്നുകയറ്റമുണ്ടാകുമ്പോള്‍ സൈനിക തല ചര്‍ച്ചയുണ്ടാകും. അത് നടന്നുകഴിഞ്ഞു. തുടര്‍ന്ന് അംബാസഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടക്കും. അതുമല്ലെങ്കില്‍ പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ചര്‍ച്ചകളിലൂടെയുമാണ് പരിഹാരം ഉണ്ടാകാറ്.

രണ്ട് സൈന്യങ്ങളും ഏപ്രില്‍ രണ്ടാം വാരമുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് അതായത് സ്റ്റാറ്റസ്‌കോ ആന്റെയിലേക്ക് മടങ്ങിയാലാണ് സമാധാനപരമായ പരിഹാരം ഉണ്ടാവുക. എന്നാല്‍ കടന്നുകയറിയ പ്രദേശങ്ങളില്‍ നിന്ന് സ്റ്റാറ്റസ്‌കോ ആന്റെയിലേക്ക് മടങ്ങാനുള്ള മനോഭാവം ചൈന കാണിക്കുന്നില്ല. അതിന്റെയര്‍ത്ഥം അവര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ്.

രാഷ്ട്രീയ ചര്‍ച്ചകളിലൂടെ സ്റ്റാറ്റസ് കോ ആന്റെയിലേക്ക് മടങ്ങിപ്പോയാല്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും നല്ലതാണ്. നമുക്കെല്ലാം നല്ലതാണ്. മറിച്ചാണെങ്കില്‍ വലിയ പ്രശ്‌നമാണുണ്ടാവുക. അതിനാല്‍ ഈ സാഹചര്യത്തെ വളരെ ഗൗരവകരമായി കാണണമെന്നും എകെ ആന്റണി വിശദീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1975 ന് ശേഷം ഇതാദ്യമാണ്, ആയിരക്കണക്കിന് മൈലുകള്‍ ദൂരമുള്ള ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ രക്തം വീഴുന്നത്. ഇതിനിടയ്ക്ക് ഉന്തും തള്ളുമുണ്ടായിട്ടുണ്ട്. മുഖാമുഖം വന്ന് മല്‍പ്പിടുത്തമുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഒരു തുള്ളി ചോര വീണിട്ടില്ല. ആര്‍ക്കും ഒരപായവും സംഭവിച്ചിട്ടില്ല.

ഇന്ത്യന്‍ പട്ടാളത്തോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രതിരോധ മന്ത്രിയാണ് ഞാന്‍. ഇന്ത്യന്‍ സേന മനപ്പൂര്‍വം പ്രകോപനമുണ്ടാ ക്കുന്നവരല്ലെന്നത് എന്റെ നേരിട്ടുള്ള അനുഭവമാണ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ രാജ്യം ഏപ്പോഴും ജാഗ്രത പാലിച്ചിട്ടുണ്ട്.

പ്രകോപനം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നാണെന്നതില്‍ സംശയമില്ല. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ വിശദീകരിക്കട്ടെ. രാജ്യരക്ഷയുടെ കാര്യത്തില്‍ ഭരിക്കുന്ന ഗവണ്‍മെന്റ് ഏതായാലും അവരോടൊപ്പവും സൈന്യത്തോടൊപ്പവും നില്‍ക്കുന്നവരാണ് ഇന്ത്യന്‍ ജനത. സൈന്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ട് നടന്ന കാര്യങ്ങളെന്താണെന്നും ഇപ്പോള്‍ നടക്കുന്നതെന്താണെന്നും കേന്ദ്രം വ്യക്തമാക്കണമെന്നും എകെ ആന്റണി ദ ക്യുവിനോട് പറഞ്ഞു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT