Special Report

ജാതിഗ്രാമങ്ങള്‍: നവോത്ഥാന സമിതി പിരിച്ചുവിടണം;പാലക്കാട്ടെ 12കാരനെ കേള്‍ക്കാന്‍ ആരുമില്ലെന്ന് സണ്ണി എം കപിക്കാട്

എ പി ഭവിത

പാലക്കാട് വടകരപ്പതിയില്‍ ജാതി മാത്രമേയുള്ളു മനുഷ്യരെ ആരും കാണുന്നില്ലെന്ന് പറയുന്ന 12കാരനെ കേള്‍ക്കാന്‍ ആരുമില്ലാത്തതാണ് പ്രശ്‌നമെന്ന് സാമൂഹിക ചിന്തകന്‍ സണ്ണി എം കപിക്കാട്. അവിടെയുള്ള ദളിതരുടെ അവസ്ഥയാണ് 12കാരന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മലയാളി സമൂഹത്തിന്റെ ജീര്‍ണതയായി ഇതിനെ കാണണം. ദളിതര്‍ ഇപ്പോഴും ജാതി വിവേചനം നേരിടുന്നതിന് ഉത്തരവാദികള്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്നും സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി.

ദളിതര്‍ക്ക് എന്തുസംഭവിച്ചാലും കുഴപ്പമില്ല എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലും ഉള്ളത്. അത് രാഷ്ട്രീയമായി തിരുത്താന്‍ തയ്യാറാവണം. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കൊണ്ട് ദളിതര്‍ക്ക് ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നത് അംഗീകരിക്കണമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ച് ദ ക്യൂ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദളിതര്‍ സംഘടിക്കുന്നതിനെ എതിര്‍ത്ത് നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. സമുദായമായി ഒറ്റക്കെട്ടായി നില്‍ക്കുന്നതിനുള്ള അവകാശം അംഗീകരിക്കുന്നതിന് പകരം പാര്‍ട്ടിയോടുള്ള കൂറ് നഷ്ടപ്പെടാതിരിക്കാനാണ് അവരുടെ ശ്രദ്ധ.
സണ്ണി എം കപിക്കാട്

നവോത്ഥാന സമിതി രൂപീകരിച്ചെങ്കിലും അത് സാമൂഹികമായ മാറ്റത്തിനുള്ള ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന് സംശയമാണെന്നും കപിക്കാട് വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന നയമോ പരിപാടിയോ നവോത്ഥാന സമിതിക്കില്ല. ഇടപെടാന്‍ കഴിയണമെങ്കില്‍ സര്‍ക്കാരിന്റെയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും നിലപാടില്‍ മാറ്റം വരണം.

ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കണം. സാമൂഹിക പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നതാണ് ജാതി വിവേചനമെന്ന നിലപാട് മാറ്റണം. ഇല്ലാത്ത ഒരു കാര്യം പറഞ്ഞുപരത്തി ഉണ്ടാക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അത്തരം ഇടപെടല്‍ നടത്താന്‍ കഴിയാത്ത നവോത്ഥാന സമിതി പിരിച്ചുവിടുകയാണ് വേണ്ടത്.

വ്യവസ്ഥിതി മാറണമെന്ന് ആവര്‍ത്തിച്ച് പറയുന്നവരുടെ മനോഭാവം കൂടി മാറണം. ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്ത് വ്യവസ്ഥിതി മാത്രം മാറിയിട്ട് കാര്യമില്ല. ദളിതരും മനുഷ്യരാണെന്ന് തോന്നണം. കേരളത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കാന്‍ തയ്യാറാവണം. പൊതുചര്‍ച്ചകളിലേക്ക് ഇത്തരം വിഷയം വരുമ്പോള്‍ നിഷേധിക്കുന്ന രീതി മാറണം. യാഥാര്‍ത്ഥ്യം അംഗീകരിച്ചാലെ സ്‌റ്റേറ്റായാലും സമൂഹത്തിനായാലും ദളിത് സംഘടനകള്‍ക്കായാലും ക്രിയാത്മകമായി ഇടപെടാന്‍ കഴിയൂ. വിവേചനമുണ്ടെന്ന നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ അതിനെ അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക ഭരണകൂടങ്ങളും തയ്യാറായില്ല.

സാമുദായിക സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് മറ്റൊരു പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന് നാണക്കേടാണെന്ന് പറഞ്ഞാണ് യാഥാര്‍ത്ഥ്യത്തെ ഒളിപ്പിച്ച് വെക്കുന്നത്. വിവേചനം നിലനില്‍ക്കുന്നതില്‍ അസ്വസ്ഥപ്പെടാത്ത പൊതുബോധം മലയാളിക്ക് ഉണ്ട് എന്നതാണ് പ്രശ്‌നം. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ മിണ്ടാതിരിക്കുന്നതും ഇതുകൊണ്ടാണ്. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാത്തതിന് ദളിത് സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും വീഴ്ചയുണ്ട്. ജാതി വിവേചനം നിലനില്‍ക്കുന്നത് അപമാനമാണെന്ന് സമൂഹത്തിന് തോന്നുമ്പോഴെ മാറ്റം ഉണ്ടാകൂവെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേര്‍ത്തു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT