Special Report

‘ആക്രമണത്തിന് പിന്നില്‍ മണ്ണ് മാഫിയയും രാഷ്ട്രീയ-ഉദ്യോഗസ്ഥ സഖ്യവും’; നീതിക്കായി ഹൈക്കോടതിയിലേക്കെന്ന് മഹേഷ് വിജയന്‍ 

കെ. പി.സബിന്‍

വീട് കയറി ആക്രമണം നടത്തിയതിന് പിന്നില്‍ മണ്ണ് മാഫിയയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ സഖ്യവുമാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍ ദ ക്യുവിനോട്. ചൊവ്വാഴ്ച രാത്രിയാണ് മഹേഷിനും കുടുംബത്തിനും നേരെ ആയുധങ്ങളേന്തിയ സംഘത്തിന്റെ ആക്രമണ ശ്രമമുണ്ടായത്. വീട്ടിനകത്ത് പ്രവേശിച്ച് കതകടച്ചതിനാലാണ്‌ അപായപ്പെടുത്തലില്‍ നിന്ന് രക്ഷപ്പെട്ടത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം നഗരസഭാ അധികൃതരും ജിയോളജി വകുപ്പിലെ കുറച്ച് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം മണ്ണ് മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് മഹേഷ് പറയുന്നു.

കഴിഞ്ഞദിവസം വ്യാപകമായി വിജിലന്‍സ് പരിശോധനകളുണ്ടാവുകയും ടിപ്പറുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും കെട്ടിടങ്ങളുടെ കാര്യക്ഷമത പരിശോധിച്ച ശേഷമേ പണമനുവാദിക്കാവൂ എന്നും മഹേഷ് വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചെല്ലാം വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാകാം ആക്രമണത്തിന് കാരണമായിട്ടുണ്ടാവുകയെന്ന് മഹേഷ് പറഞ്ഞു. എന്നാല്‍ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും മണ്ണ് കടത്തി കോടികളുടെ ക്രമക്കേട് നടത്തുന്നത്‌ വകവെച്ച് കൊടുക്കാനാകില്ലെന്നും മഹേഷ് വിശദീകരിച്ചു.

പൊലീസില്‍ നിന്ന് യാതൊരു നടപടികളുമുണ്ടാകില്ലെന്ന് അക്രമികള്‍ക്ക് ഉറപ്പുണ്ട്. ഈ ധൈര്യത്തിലാണ് വീണ്ടും അപായപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുന്നത്. 22.1.2020 ന് കോട്ടയം നഗരസഭയില്‍ വെച്ച് തന്നെ അക്രമിച്ച കെഎസ് അജയന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു രണ്ടാമത്തെ സംഭവവും. 

അക്രമികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍ സിപിഎം ബന്ധം വ്യക്തമാകുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് കരുതുന്നില്ല. എന്നാല്‍ ഉന്നത നേതാക്കള്‍ക്കൊപ്പമൊക്കെ നില്‍ക്കുന്ന ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്ത് അതെല്ലാം ഇവര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.

ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കും. മണ്ണ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ചോദ്യം ചെയ്യും. കൂടാതെ പൊലീസ് സുരക്ഷയാവശ്യപ്പെടുമെന്നും മഹേഷ് ദ ക്യുവിനോട് വ്യക്തമാക്കി. തനിക്കെതിരെ ആക്രമണം നടത്തുന്നവര്‍ ഇക്കഴിഞ്ഞയിടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഒരു വിഭാഗം, നഗരസഭാ അധികൃതര്‍ക്കും മദ്യസല്‍ക്കാരം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ എസ്പിയടക്കമുള്ളവര്‍ക്ക് പ്രത്യേക പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മഹേഷ് പറഞ്ഞു.

കഴിഞ്ഞ രാത്രിയിലെ ആക്രമണത്തെക്കുറിച്ച് മഹേഷ് പറയുന്നതിങ്ങനെ. രാത്രി എട്ടുമണിയോടെയാണ് നാലംഗസംഘം കെഎല്‍ 05 എയു 6003 നമ്പര്‍ കാറില്‍ വീട്ടിലെത്തിയത്. കാര്‍ വാതില്‍ക്കല്‍ വന്ന് തിരിച്ച് വഴിയിലേക്ക് ഇറക്കി അല്‍പ്പം മാറ്റിയാണ് നിര്‍ത്തിയത്. വാഹനത്തിന്റെ ശബ്ദം കേട്ട് ഭാര്യ പുറത്തിറങ്ങി നോക്കി. അപ്പോള്‍ ഒരാള്‍ കാറില്‍ നിന്നിറങ്ങി മഹേഷ് ഉണ്ടോയെന്ന് ചോദിച്ചു. ഭാര്യ വിളിച്ചത് അനുസരിച്ച് ഞാന്‍ സിറ്റൗട്ടിലേക്ക് ചെന്നു. അപ്പോള്‍ അയാള്‍ വഴിയിലേക്ക് ഇറങ്ങി മാറി നിന്ന്, ഒരു കാര്യം ചോദിക്കാനുണ്ട് ഇറങ്ങി വരാമോയെന്ന് ചോദിച്ചു. അതില്‍ പന്തികേട് തോന്നിയതിനാല്‍ പുറത്തേക്കിറങ്ങിയില്ല.

ഇതോടെ മൂന്ന് പേര്‍ ഹോക്കി സ്റ്റിക്ക്, ഇരുമ്പുവടി തുടങ്ങിയവയുമായി ഇരച്ചെത്തി. ഈ സംഘത്തില്‍ ഉണ്ടായിരുന്ന കെഎസ് അജയന്‍ സിറ്റൗട്ടില്‍ കയറി എനിക്ക് നേരെ ഇരുമ്പുവടി കൊണ്ട് ആഞ്ഞുവീശി. ഒഴിഞ്ഞുമാറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഞാനും ഭാര്യയും വീട്ടിനകത്ത് കയറി വാതിലടച്ചു. ഇതോടെ അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചു. അമ്മയും ഭാര്യയും ഭയന്ന് അലറി വിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. പ്രതികള്‍ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. പത്ത് മിനിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികള്‍ പോയത്.

ആക്രമണത്തില്‍ വാതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നൂറില്‍ വിളിച്ച് അല്‍പ്പം കഴിഞ്ഞപ്പോള്‍ പൊലീസ് എത്തുകയും ചെയ്തു.

22.1.2010 ന് കോട്ടയം നഗരസഭയില്‍ വച്ച് തന്നെ പരിക്കേല്‍പ്പിച്ച കേസിലെ മൂന്നാം പ്രതി കെഎസ് അജയന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം ആക്രമണമെന്ന് മഹേഷ് വിജയന്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച കേസിലെ പ്രതികള്‍ 4.2.2020 ന് ഉച്ചയോടെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

മണല്‍മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു.

തോട് കയ്യേറ്റത്തിനെതിരെ നല്‍കിയ വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് പരാമര്‍ശിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മഹേഷിനെ നഗരസഭാ കാര്യാലയത്തില്‍ വെച്ച് ആക്രമിക്കുന്നതിന് ഒരാഴ്ച മുന്‍പ് കരാറുകാരനായ വെള്ളൂപ്പറമ്പ് സ്വദേശി ബൈജു ഭീഷണിപ്പെടുത്തുകയായിരുന്നു. മാടക്കന്‍ ഷാജിയെന്നയാള്‍ തോട് കൈയ്യേറി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകനായ മഹേഷ് വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതോടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.

അതേസമയം അന്ന്‌ തന്നെ മര്‍ദ്ദിച്ചതില്‍ പരാതി നല്‍കിയിട്ടും കോട്ടയം വെസ്റ്റ് പൊലീസ് അനാസ്ഥ തുടരുകയാണെന്ന് മഹേഷ് വിജയന്‍ പറഞ്ഞു. മൊഴിയെടുക്കുന്നതില്‍ പോലും പൊലീസ് ഒളിച്ചുകളിക്കുകയായിരുന്നു. താന്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പേരിന് മൊഴിയെടുപ്പ് നടത്തിയത്. എന്നാല്‍ അതുപ്രകാരമുള്ള വകുപ്പുകള്‍ പോലും ചേര്‍ത്തില്ല. എസ്പിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും മഹേഷ് അറിയിച്ചു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT