News n Views

ശാന്തിവനത്തില്‍ തല്‍ക്കാലം ടവര്‍ പണിതുടങ്ങില്ല, ഒഴിച്ച സ്ലറി കെഎസ്ഇബി തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ ചര്‍ച്ചയില്‍ തീരുമാനം

THE CUE

ശാന്തിവനത്തില്‍ കെഎസ്ഇബി തല്‍ക്കാലം പണിതുടങ്ങില്ലെന്ന് എറണാകുളം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ശാന്തിവനത്തെ തൊടാതെയുള്ള ലൈന്‍ മാത്രമേ അനുവദിക്കൂ എന്ന നിലപാടില്‍ ശാന്തിവനത്തിലെ സമരസമിതി ഉറച്ചുനിന്നു. തല്‍ക്കാലം ശാന്തി വനത്തില്‍ നിക്ഷേപിച്ച സ്ലറി കെഎസ്ഇബി തന്നെ മാനുവലി നീക്കംചെയ്യാന്‍ ധാരണയായി. സ്ലറി കെഎസ്ഇബി നീക്കുന്നതിന്റെ മേല്‍നോട്ടം ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് വഹിക്കും.

എറണാകുളം കലക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ ശാന്തിവനത്തില്‍ നിന്നും ഡോ. വി എസ് വിജയന്‍, പ്രൊഫ. കുസുമം ജോസഫ്, മീന ശാന്തിവനം, ഉത്തര എന്നിവര്‍ പങ്കെടുത്തു. കെഎസ്ഇബി വലിയ തോതില്‍ കലക്ടറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സമരസമിതിക്കാര്‍ ആരോപിക്കുന്നുണ്ട്. തല്ക്കാലം പണി തുടങ്ങില്ലെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് കളക്ടര്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്.

ശാന്തിവനം വിഷയത്തില്‍ താല്‍ക്കാലിക പരിഹാരമായെങ്കിലും ശാന്തിവനത്തില്‍ നിന്നും പൂര്‍ണ്ണമായും ടവര്‍ ലൈന്‍ വഴിമാറ്റി വിടുന്നതുവരെ സമരം തുടരുക തന്നെ ചെയ്യുമെന്നാണ് ശാന്തിവനം സമരസമിതിയുടെ തീരുമാനം.

എറണാകുളം നോര്‍ത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനത്തിന് നടുവിലായി 110 കെവി ലൈന്‍ വലിക്കുന്നതിനായുള്ള കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നീക്കമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. മറ്റൊരു വഴി നേരെ തന്നെ സാധ്യമാണെന്നിരിക്കെ വൈദ്യുതബോര്‍ഡ് 110 കെവി ലൈന്‍ വലിക്കാന്‍ ശാന്തിവനത്തിന്റെ ജൈവസമ്പത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതിലാണ് പ്രതിഷേധം.

പ്രതിഷേധവും സമരവും ശക്തമായതിന് പിന്നാലെ വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് അംഗവും എറണാകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി രാജീവ് പറഞ്ഞിരുന്നു. കളക്ടറുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് കലക്ടര്‍ സമ്മതിച്ചതായും പി രാജീവ് ഫേസ്ബുക്കില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് ചര്‍ച്ച നടന്നത്.

ശാന്തിവനത്തിനായി പരിസ്ഥിതി പ്രവര്‍ത്തകരും സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. പ്രകൃതി സ്നേഹികളും വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇവിടെ ശാന്തിവനം സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കഴിഞ്ഞയാഴ്ച കൂട്ടായ്മ നടത്തുകയും ചെയ്തിരുന്നു.

പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പി രാജീവ് സ്ഥലം സന്ദര്‍ശിച്ചത് .വിഡി സതീശന്‍ എംഎല്‍എയും പ്രദേശത്ത് എത്തിയിരുന്നു. പ്രളയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വികസന കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കാനാകണമെന്നും പി രാജീവ് പറഞ്ഞു.

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് 2 ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യമെത്തിയത്.

മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈന്‍ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാനുള്ള പദ്ധതി ഇവിടെയുള്ള ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ ആയിരുന്നുവെന്നും കെഎസ് ഇബി മുന്‍ ചെയര്‍മാന്റെ സ്ഥലത്തെ ഒഴിവാക്കാനായി ലൈന്‍ വലിക്കുന്ന പാത മാറ്റി നിശ്ചയിക്കുകയായിരുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.

വനത്തിന്റെ നടുവില്‍ ടവര്‍ വരും വിധമാണ് നിലവിലെ പ്ലാന്‍ എന്നും ഇവിടെയുള്ളവര്‍ വിശദീകരിക്കുന്നു. പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവയ്ക്കാതെ കെഎസ്ഇബി ടവര്‍ നിര്‍മ്മാണവും ലൈന്‍ വലിക്കലും തുടരുന്ന പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT