'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…' അഞ്ച് വർഷങ്ങളായി റോജിൻ തോമസ് എന്ന സംവിധായകനും സംഘവും 'കത്തനാർ' എന്ന സിനിമയ്‌ക്കൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട്. ആ യാത്ര നിസ്സാരമല്ല എന്നും മലയാളത്തിൽ നിന്ന് ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ വ്യക്തമാക്കുന്നു. കത്തനാരോടൊപ്പമുള്ള ഈ യാത്രയുടെ വിശേഷം ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു റോജിൻ തോമസ്.
കത്തനാർക്കൊപ്പം അഞ്ച് വർഷങ്ങൾ
2021 ഓഗസ്റ്റിലാണ് 'ഹോം' റിലീസ് ചെയ്തത്. സെപ്റ്റംബറിൽ കത്തനാരിന്റെ വർക്ക് ആരംഭിച്ചു. പിന്നീട് അങ്ങോട്ട് ഈ നിമിഷം വരെ ഈ സിനിമയുടെ വർക്കുകളിലാണ് ഞങ്ങൾ. ഒരു വലിയ പ്രോജക്ട് ആയതിനാൽ തന്നെ പ്രതീക്ഷിക്കാത്ത നിരവധി പ്രതിസന്ധികൾ വരികയും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുകയും ചെയ്യേണ്ടി വന്നു. അത് വളരെ ചലഞ്ചിങ്ങായ കാര്യമായിരുന്നു. ഈ സിനിമയുടെ ലോകം എന്തെന്ന് കാണിക്കുന്നതിനായാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. അതിന് ലഭിക്കുന്ന റെസ്പോൺസ് കാണുമ്പോൾ സന്തോഷമുണ്ട്. എന്റേതു മാത്രമല്ല, നിരവധിപ്പേരുടെ പ്രയത്നത്തിന്റെ ഫലമാണ് കത്തനാർ. ക്യാമറ, ആർട്ട്, കോസ്റ്റ്യൂംസ്, സി.ജി… അങ്ങനെ എല്ലാ ഡിപ്പാർട്ട്മെന്റുകളും അവരുടെ 200% നൽകിയിട്ടുണ്ട്. അതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കും എന്ന പ്രതീക്ഷ നൽകുന്നതാണ് ട്രെയ്‌ലറിന് ലഭിക്കുന്ന പ്രതികരണം.
ഈ യാത്രയിലെ റിസ്ക്
ഒരു സംവിധായകൻ എന്ന നിലയിൽ അത് വലിയൊരു റിസ്ക് തന്നെയാണ്. അഞ്ച് വർഷമായി ഈ സിനിമയുടെ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അതിനും മുൻപ്, അതായത് കോവിഡ് സമയത്താണ് ഞാനും കോ-റൈറ്റർ രാമാനന്ദും ഈ സിനിമയുടെ കഥ ചർച്ച ചെയ്യുന്നത്. അന്ന് ഞങ്ങൾ ചിന്തിക്കുന്ന രംഗങ്ങൾ ഇന്നും റിലവന്റ് ആയിരിക്കണം എന്നത് വലിയ ചലഞ്ചായിരുന്നു. ഓരോ രംഗത്തിലും ഫ്രെഷ്‌നസ് നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
കത്തനാരിലെ പുതുമ
'കത്തനാരുടെ കഥ എന്തുകൊണ്ട് ഈ കാലഘട്ടത്തിൽ പറയണം' എന്ന ചോദ്യം തുടക്കം മുതൽ ഞങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നു. ഈ കഥ ഐതിഹ്യമാലയിൽ ഉണ്ട്. സിനിമയായും സീരിയലായും നാടകങ്ങളായും എല്ലാം കത്തനാരുടെ കഥ പലകുറി വന്നിട്ടുണ്ട്. അതിനപ്പുറം ഈ സിനിമ ഇപ്പോൾ എന്തിന് ചെയ്യണം എന്ന ചോദ്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത് തന്നെ. അതുകൊണ്ടാണ് നമ്മൾ കണ്ടു ശീലിച്ച കത്തനാരെ ഈ ട്രെയ്‌ലറിൽ കാണാൻ സാധിക്കാത്തതും.
ജയസൂര്യ അല്ലാതെ മറ്റൊരാളില്ല
ഒരു സംവിധായകൻ എന്ന നിലയിൽ പറയട്ടെ, ജയേട്ടനെയല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തിലേക്ക് ചിന്തിക്കാൻ ഇപ്പോൾ കഴിയില്ല. അതിമാനുഷികനായ, ഡിവൈനിറ്റിയുള്ള ഒരു കഥാപാത്രമായാണ് കത്തനാരെ ഞങ്ങൾ സമീപിച്ചിരിക്കുന്നത്. അത്തരമൊരു കഥാപാത്രത്തിന് ഒരു റഫറൻസ് നൽകാനാവില്ല. ആ കഥാപാത്രമായി മാറുക എന്നത് ചലഞ്ചിങ്ങായ കാര്യമാണ്. അതിനാലാകാം അദ്ദേഹം ഈ സിനിമയുടെ ഷൂട്ട് ആരംഭിച്ചതിന് ശേഷം മറ്റൊരു സിനിമ പോലും കമ്മിറ്റ് ചെയ്യാതിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കത്തനാർ എന്ന കഥാപാത്രത്തിലേക്ക് മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല.
അനുഷ്ക ഭാഗമായത്
വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അനുഷ്ക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി ഞങ്ങൾ തന്നെ ഡയറക്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോഴാണ് 'ഹോം' സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് അനുഷ്ക അറിയുന്നത്. 'ഹോം'യുടെ ഫാനാണ് താൻ എന്ന് അനുഷ്ക പറഞ്ഞു.
സാധാരണ ഗതിയിൽ ഒരു വലിയ താരത്തോട് കഥ പറയുമ്പോൾ അവരുടെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ പറയാറുള്ളൂ. എന്നാൽ ഈ സിനിമയുടെ മുഴുവൻ കഥയും ഞങ്ങൾ അനുഷ്കയോട് നറേറ്റ് ചെയ്തു. വളരെ മൈന്യൂട്ട് ആയ ഡീറ്റെയിൽസ് പോലും ചോദിച്ചുകൊണ്ടാണ് അവർ ആ കഥയിൽ ഇൻവോൾവ് ആയത്. പിന്നീട് കഥ പറയുന്ന മറ്റൊരു മീറ്റിംഗിൽ അനുഷ്കയുടെ ഒരു സുഹൃത്തും അവർക്കൊപ്പം ഉണ്ടായിരുന്നു. ആ സുഹൃത്തിനോട് ഡീറ്റെയിൽഡ് ആയാണ് അനുഷ്ക കഥ പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി. ഞങ്ങൾ എങ്ങനെയായിരിക്കുമോ ആ കഥ നറേറ്റ് ചെയ്യുക, അതേപോലെയാണ് അനുഷ്ക കഥ പറഞ്ഞത്.
കത്തനാരിൽ ലാലേട്ടനുണ്ടോ?
ആ ഉത്തരം അല്ലാതെ മറ്റൊരു ഉത്തരം പറയാം. ചിത്രത്തിൽ കുറച്ച് സർപ്രൈസ് എലമെന്റുകൾ ഉണ്ട്. ആ സർപ്രൈസ് എലമെന്റുകളെക്കാൾ ഉപരി, ഓരോ സീനിലും പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിപ്പിക്കണം എന്ന ചിന്തയോടെയാണ് ഞങ്ങൾ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്.
ശ്രീഗോകുലം ഫിലിംസാണ് കത്തനാരിന്റെ നട്ടെല്ല്
ഗോപാലൻ സാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി… ഇവർ രണ്ടുപേരോടും ഉള്ള നന്ദി എടുത്ത് പറയേണ്ടതാണ്. 'ഹോം'ക്ക് മുമ്പാണ് ഈ കഥ ഗോകുലം കേട്ടത്. അന്ന് ഞങ്ങളിൽ അവർ അർപ്പിച്ച ഒരു വിശ്വാസമുണ്ട്. അത് ഈ അഞ്ച് വർഷങ്ങൾക്കിപ്പുറവും ഉണ്ട്. ഈ സിനിമയിലെ പല കാര്യങ്ങളും ചെയ്തു കാണിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. അത്തരം കാര്യങ്ങളെ ഇവർ രണ്ടുപേരും അന്ധമായി തന്നെ വിശ്വസിച്ചു എന്നത് ഒരു അനുഗ്രഹമാണ്. അവർ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. ശ്രീഗോകുലം എന്ന നിർമ്മാണ കമ്പനി ഇല്ലായിരുന്നുവെങ്കിൽ കത്തനാർ എന്ന സിനിമ ഉണ്ടാകില്ലായിരുന്നു.
ഫാന്റസി സിനിമകളോടുള്ള ഇഷ്ടം
എല്ലാ സിനിമകളും ഒരുവിധത്തിൽ ഫാന്റസിയാണല്ലോ. ജുറാസിക് പാർക്കും, ഹാരി പോട്ടറും, പൈറേറ്റ്സ് ഓഫ് ദ കരീബിയനും ഒക്കെ കണ്ട് അത്തരമൊരു ലോകം ഒരുക്കുന്നതിന്റെ ഫാസിനേഷനുമാണ് സിനിമയിലേക്ക് എന്നെ അടുപ്പിച്ചത്. യാഥാർഥ്യത്തിൽ കാണാൻ കഴിയാത്ത ഒരു ലോകമാണ് ഫാന്റസി സിനിമകൾ നമ്മുക്ക് കാണിച്ചുതരുന്നത്. അതാകാം ഫാന്റസിയോട് ഒരു ഇഷ്ടം ഉള്ളത്. സംവിധായകൻ ആകണമെന്ന ആഗ്രഹം തോന്നി തുടങ്ങിയതും ഫാന്റസി സിനിമകളോടുള്ള ഇഷ്ടം കൊണ്ടാണ്.
കത്തനാർ എപ്പോൾ?
സിനിമയുടെ അവസാന മിനുക്കുപണികളിലാണ്. അതിന്റെ തിരക്കുകളിലാണ് മുഴുവൻ ടീമും. അഞ്ച് വർഷത്തോളമായി ഒരു വലിയ ടീം ഒറ്റക്കെട്ടായി നിൽക്കുകയാണ്. അതിന്റെ അവസാന സ്റ്റേജിലാണ് എന്നതിന്റെ ത്രില്ലും ഉണ്ട്. സിനിമയുടെ റിലീസ് പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും.