ഔദ്യോഗിക പ്രഖ്യാപനവും ആദ്യ പോസ്റ്ററും വന്നതിന് പിന്നാലെ മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ് മോഹൻലാൽ ചിത്രം L 365. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച്, രതീഷ് രവി തിരക്കഥ ഒരുക്കി, ഓസ്റ്റിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ഈ മോഹൻലാൽ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് രതീഷ് രവി.
മോഹൻലാലിലേക്കുള്ള യാത്ര
മൂന്ന് വർഷത്തോളമായി ഈ കഥയ്‌ക്കൊപ്പമുള്ള സഞ്ചാരം തുടങ്ങിയിട്ട്. ആഷിഖിലേക്ക് ഈ കഥ എത്തുന്നത് ഒന്നര വർഷം മുന്നേയാണ്. ഈ കഥാപാത്രം ഏറെ പെർഫോമൻസ് സാധ്യതയുള്ളതാണ്. ആഷിഖ് ഈ കഥയുടെ ഭാഗമായ ശേഷമാണ് ഇത് വലിയ ക്യാൻവാസിലേക്ക് മാറുന്നത്. അങ്ങനെയാണ് ഈ കഥ ലാൽ സാറിനോട് പറഞ്ഞാലോ എന്ന ആലോചനകൾ വരുന്നത്. ആഷിഖാണ് ലാൽ സാറിലേക്കുള്ള യാത്ര വേഗത്തിലാക്കിയത്. ഞങ്ങളെ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചതും കഥ പറയാൻ അവസരം ഒരുക്കിയതുമെല്ലാം ആഷിഖാണ്.
മോഹൻലാലിനോട് കഥ പറയുമ്പോൾ
ലാൽ സാറിനോട് കഥ പറയുന്ന നിമിഷം അത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ലാൽ സാറിനോട് കഥ പറയുന്ന നിമിഷത്തെക്കുറിച്ചുള്ള ആലോചന ഒരു മാസത്തോളം മനസ്സിലുണ്ടായിരുന്നു. എന്നാൽ കഥ പറയുന്ന നിമിഷം അതുവരെയുള്ള ടെൻഷനെല്ലാം ഇല്ലാതാവുകയായിരുന്നു. നമ്മുടെ ടെൻഷനെല്ലാം മാറ്റും വിധമാണ് ലാൽ സാർ പെരുമാറുന്നത്. അദ്ദേഹം പൊതുവേ അങ്ങനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
അദ്ദേഹം നമുക്ക് കഥ പറയുന്നതിന് ആവശ്യത്തിന് സമയം തന്നു. 10 മിനിറ്റ് കൊണ്ട് കഥ പറയാമോ എന്ന് ചോദിക്കുന്ന ആളല്ല ലാൽ സാർ. പകരം മുഴുവൻ കഥയും കേൾക്കുകയും അതേക്കുറിച്ച് ചർച്ച ചെയ്യുകയുമുണ്ടായി. കഥ പറയുന്ന വേളയിൽ വളരെ പോസിറ്റീവ് ആയാണ് ലാൽ സാറിന്റെ റിയാക്ഷൻ.
സിനിമ കോമഡി-ത്രില്ലർ അല്ലേ
ഒരു ഡ്രാമ-ത്രില്ലർ എന്നാണ് ഈ സിനിമയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. വളരെ ഇമോഷണലായ സിനിമയായാണ് ഞാൻ അതിനെ കൺസീവ് ചെയ്തിരിക്കുന്നത്. അതിൽ തമാശകളുണ്ട്. ഭയങ്കരമായി പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.
പൊലീസ് എന്നതിനപ്പുറം മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച്
കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ പറ്റുന്ന സാഹചര്യമല്ല. ലാലേട്ടൻ ഈ സിനിമയിൽ പൊലീസായിരിക്കും എന്ന അഭ്യൂഹങ്ങൾ പോലും ഞങ്ങളുടെ പോസ്റ്റർ വരുന്നതിന് മുന്നേ പുറത്തുവന്നിരുന്നു. അതിനാലാണ് ആ കാര്യം പോസ്റ്ററിൽ രേഖപ്പെടുത്തിയതും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിൽ കൂടുതലായി ഒന്നും പറയാനും കഴിയില്ല.
പ്രഖ്യാപനത്തിന് പിന്നാലെ വൻ ഹൈപ്പ്
ഒരു പുതിയ ടീം ലാൽ സാറിനൊപ്പം ചേരുമ്പോൾ പുതുമയുണ്ടാകും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുമല്ലോ. ആ പുതുമ ഉണ്ടാകും. ആ പുതുമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതും. ആ പുതുമ തന്നെയാണ് ഈ സിനിമ സാധ്യമാകാൻ കാരണം എന്നാണ് വിശ്വസിക്കുന്നത്.
അതുപോലെ ഈ സിനിമയുടെ സംവിധായകൻ നവാഗതനാണ്. എഴുതിയ എല്ലാ സിനിമകളും ഹിറ്റാക്കിയ തിരക്കഥാകൃത്തുമല്ല ഞാൻ. അതിനാൽ ഭാഗ്യത്തിനപ്പുറം വലിയ ഉത്തരവാദിത്തമായാണ് ഞങ്ങൾ ഈ സിനിമയെ കാണുന്നത്. മികച്ച ഒരു സിനിമയ്ക്കായി തന്നെ ഞങ്ങൾ ശ്രമിക്കും.