Premium

ആനകളെ ഉൾപ്പെടുത്തി മാസ് ആക്ഷൻ സീൻ... ഇന്ത്യൻ സിനിമയിൽ ഇത് ആദ്യം; 'കാട്ടാളൻ' കലാസംവിധായകൻ സുനിൽ ദാസ് അഭിമുഖം

മലയാളത്തിലേക്ക് ഒരു വമ്പൻ ഹൈ-വോൾട്ടേജ് ആക്ഷൻ സിനിമ എത്തുന്നു... ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ'. ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയ പോസ്റ്ററുകളുമെല്ലാം ഉറപ്പ് നൽകുന്നത് ഇത് മികച്ചൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ്. കാട്ടാളൻ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് ചിത്രത്തിന്റെ കലാസംവിധായകൻ സുനിൽ ദാസ്.

വമ്പൻ ക്യാൻവാസിലെ 'കാട്ടാളൻ'

ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ബജറ്റ് ആവശ്യമായി വന്ന ചിത്രമാണ് കാട്ടാളൻ. വമ്പൻ സെറ്റുകൾ ആവശ്യമായി വന്നു. മാർക്കോ സിനിമയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാക്കിയത് ബ്ലഡായിരുന്നെങ്കിൽ, കാട്ടാളനിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കിയത് ആനക്കൊമ്പുകളാണ്. അഞ്ഞൂറോളം ആനക്കൊമ്പുകളാണ് സിനിമയ്ക്കായി നിർമ്മിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയാണ് കാട്ടാളൻ.

രാജ്യത്തിനകത്തും പുറത്തുമുള്ള ചിത്രീകരണം

കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി, തായ്‌ലൻഡ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുമാണ് ചിത്രീകരണം നടന്നത്. ഈ സിനിമയുടെ വർക്കിനായി വലിയൊരു ടീം തന്നെ എനിക്കൊപ്പം ഉണ്ടായിരുന്നു. ഈ സിനിമയിൽ എന്റെ ഏറ്റവും വലിയ ടാസ്‌ക് എന്തെന്നാൽ, ഞങ്ങളുടെ ജോലി അതിവേഗത്തിൽ പൂർത്തിയാകാതെ പോയാൽ അത് ചിത്രീകരണത്തെ ബാധിക്കുമായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ചതിനാലാണ് ഞങ്ങളുടെ ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.

നിർമ്മാതാവാണ് ഈ സിനിമയുടെ നട്ടെല്ല്

ഷെരീഫ് ഭായ് എന്ന് ഞങ്ങൾ വിളിക്കുന്ന നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. സെറ്റിലേക്ക് വരുമ്പോൾ തന്നെ മുഴുവൻ ടീമിനും പോസിറ്റീവ് എനർജി നൽകുന്ന വ്യക്തിയാണ് അദ്ദേഹം. എന്ത് പ്രതിസന്ധിയുണ്ടായാലും അത് സൂക്ഷ്മമായി, ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. ഞാൻ ഉൾപ്പെടെ ഈ സിനിമയിലെ പല ടെക്നീഷ്യൻസിനും ക്യൂബ്സിനൊപ്പം ഇത് രണ്ടാമത്തെ തവണയാണ് പ്രവർത്തിക്കുന്നത്.

ഞങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യവും നമ്മിൽ അവർ അർപ്പിക്കുന്ന വിശ്വാസവുമാണ് മികച്ചൊരു പ്രൊഡക്ട് ഒരുക്കാൻ പ്രചോദനം നൽകുന്നത്. ജോലി ചെയ്യുന്ന സിനിമ എന്നതിനപ്പുറം എല്ലാ ടെക്നീഷ്യൻസിനും "ഇത് എന്റെ സിനിമ" എന്നൊരു ചിന്തയുണ്ട്. അതിന് കാരണം ഷെരീഫ് മുഹമ്മദ് എന്ന നിർമ്മാതാവിന്റെ സമീപനമാണ്. ഇപ്പോൾ ഒരു നിർമ്മാതാവ് എന്നതിനപ്പുറം ഞങ്ങൾക്കെല്ലാവർക്കും ഒരു സഹോദരനെ പോലെയാണ് അദ്ദേഹം.

VFX ഇല്ല... എല്ലാം ഒറിജിനൽ

സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ VFX ഉപയോഗിക്കേണ്ടതില്ലെന്നത് സംവിധായകൻ പോളിന്റെയും നിർമ്മാതാവ് ഷെരീഫ് ഭായിയുടെയും നിർബന്ധമായിരുന്നു. എനിക്കും വ്യക്തിപരമായി അത്തരമൊരു വർക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആർട്ടിലൂടെ ഒരുക്കിയാൽ ബജറ്റ് വർധിക്കുമെന്ന സാഹചര്യത്തിൽ VFX ഉപയോഗിക്കേണ്ടി വരാം. എന്നാൽ കഴിയുന്നത്ര കാര്യങ്ങൾ ആർട്ടിൽ തന്നെ ഒരുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഈ സിനിമയിൽ ഒരുപാട് കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യാൻ കഴിഞ്ഞു.

കാടിനകത്തെ ചിത്രീകരണം

കാടിനകത്തെ ചിത്രീകരണം ഏറെ പ്രയാസകരമായിരുന്നു. എല്ലാവരും വലിയ ശ്രമം നടത്തിയിട്ടാണ് ഈ സിനിമ ഒരുക്കിയത്. എപ്പോൾ മഴ പെയ്യുമെന്ന് പോലും പ്രവചിക്കാൻ കഴിയാത്ത സ്ഥലങ്ങളിലായിരുന്നു കാട്ടാളന്റെ ചിത്രീകരണം. അന്നൊക്കെ വലിയ കഷ്ടപ്പാടുകളിലൂടെയാണ് അത് പൂർത്തിയാക്കിയത്. എന്നാൽ ഇപ്പോൾ ആ വിഷ്വൽസ് കാണുമ്പോൾ, "നമ്മൾ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം കിട്ടി" എന്ന സന്തോഷമാണ് ലഭിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യം

കെച്ച മാസ്റ്ററും സന്തോഷ് മാസ്റ്ററുമാണ് ഈ സിനിമയിലെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. കെച്ച മാസ്റ്റർ തായ്‌ലൻഡിലായിരുന്നു ഷൂട്ട് ചെയ്തത്. ആനകളുടെ ഫൈറ്റാണ് പ്രധാന ആകർഷണം. ഇന്ത്യൻ സിനിമയിൽ തന്നെ ആനകളെ ഉൾപ്പെടുത്തി ഇത്രയും ഗംഭീരമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ മറ്റൊരു സിനിമ കണ്ടിട്ടില്ല. അത് എന്നെ സംബന്ധിച്ച് മികച്ചൊരു അനുഭവമായിരുന്നു. രണ്ട് ആനകളാണ് ഈ രംഗങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത്. മനുഷ്യർ എങ്ങനെയോ അതുപോലെ തന്നെ ക്യാമറയ്ക്ക് മുന്നിൽ ഈ ആനകളും പെരുമാറി. സന്തോഷ് മാസ്റ്ററും അതിഗംഭീരമായി ഫൈറ്റ് സീനുകൾ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. ഒരു സ്റ്റണ്ട് സീനും മറ്റൊന്നുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത വിധം വ്യത്യസ്തവും ഗംഭീരവുമാണ് അവ.

'മാർക്കോ' താരതമ്യങ്ങൾക്കപ്പുറം ഈ 'കാട്ടാളൻ'

മാർക്കോയുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. ഇത് മറ്റൊരു ജോണറിലുള്ള സിനിമയാണ്. കാട്ടാളന്റെ ടെറൈൻ മാർക്കോയിൽ നിന്നും പൂർണമായും വ്യത്യസ്തമാണ്. കാടിനുള്ളിലാണ് ഈ സിനിമ കഥ പറയുന്നത്. മാർക്കോയിൽ ഉപയോഗിച്ചിരുന്നതുപോലുള്ള സ്റ്റൈലിഷ് വാഹനങ്ങൾ ഇവിടെ ഉപയോഗിക്കാനും കഴിയില്ല. എന്നാൽ മറ്റു ചില കാര്യങ്ങളിൽ ഈ സിനിമ സ്റ്റൈലിഷാക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകരോട്

കാട്ടാളൻ നാളെ തിയറ്ററിലെത്തുകയാണ്. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണമെന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്.

യുദ്ധക്കനലില്‍ വെന്തുരുകുന്ന അടുക്കളകള്‍: ഭൗമരാഷ്ട്രീയവും വിപണിയുടെ ധാര്‍മ്മികതയും

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’; ഫസ്റ്റ്ലുക്ക്

പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്, പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

Hunt Begins @ 7;'കാട്ടാളൻ' ആദ്യഷോ രാവിലെ ഏഴിന്, അഡ്വാൻസ് ബുക്കിംഗിലും വമ്പൻ പ്രതികരണം

ഡോസ് ഇനി ഗൾഫ് രാജ്യങ്ങളിലേക്ക്; ജിസിസി റിലിസിന് എത്തി

SCROLL FOR NEXT