ബിഎസ് യെദ്യൂരപ്പ
ബിഎസ് യെദ്യൂരപ്പ 
Politics

‘മുഖ്യമന്ത്രിയാക്കിയതിന് 1000 കോടി അനുവദിച്ചു’; യെദ്യൂരപ്പ സര്‍ക്കാര്‍ ഫണ്ട് വെച്ച് വിലപേശിയെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ

THE CUE

മുഖ്യമന്ത്രിയാക്കാനായി ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഫണ്ട് വാഗ്ദാനം ചെയ്ത് വിലപേശിയെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ. കൃഷ്ണരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായ നാരായണ ഗൗഡയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് മുമ്പാണ് ബിജെപി നേതാവ് വികസനഫണ്ട് വാഗ്ദാനം ചെയ്തതെന്ന് നാരായണ ഗൗഡ പറഞ്ഞു. കൃഷ്ണരാജ്‌പേട്ട് മണ്ഡലത്തിന് വേണ്ടി 700 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 1000 കോടി തരാമെന്ന് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ബിജെപി സര്‍ക്കാര്‍ മണ്ഡലത്തിലേക്ക് ആയിരം കോടി അനുവദിച്ചെന്നും നാരായണ ഗൗഡ വെളിപ്പെടുത്തി.

മണ്ഡലത്തിന് വികസനഫണ്ട് ലഭിക്കാനാണ് താന്‍ യെദ്യൂരപ്പ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്ന് അയോഗ്യനാക്കപ്പെട്ട ഒരു മുന്‍ ജെഡിഎസ് എംഎല്‍എയും പറഞ്ഞിട്ടുണ്ട്.
നാരായണ ഗൗഡ

നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍

“ഒരു ദിവസം കുറച്ചു പേര്‍ വന്ന് എന്നെ യെദിയൂരപ്പയുടെ വസതിയിലേക്ക് കൂട്ടികൊണ്ട് പോയി. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ആകാന്‍ തന്നെ സഹായിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു. കൃഷ്ണരാജ്‌പേട്ട് മണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തന്നാല്‍ ഞാന്‍ പിന്തുണയ്ക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു. 300 കോടി രൂപ അധികം തരാമെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞത് പോലെ 1000 കോടി അദ്ദേഹം എനിക്ക് നല്‍കി. ആവശ്യപ്പെട്ടപ്രകാരം ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.”

അയോഗ്യരാക്കപ്പെട്ട 15 എംല്‍എമാരുടെ മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച ഓപ്പറേഷന്‍ ലോട്ടസിന് പിന്നില്‍ ബിജെപി ദേശീയ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷായാണെന്ന് യെദ്യൂരപ്പ സൂചിപ്പിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത് വിവാദമായിരുന്നു. ഹബ്ബള്ളിയില്‍ ചേര്‍ന്ന ബിജെപി യോഗത്തിനിടയിലെ സംഭാഷണ ശകലം ചോര്‍ന്നതാണ് വാര്‍ത്തയായത്. കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആവശ്യത്തെ ചില ബിജെപി നേതാക്കള്‍ എതിര്‍ത്തു. തന്നെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി കാലുമാറിയവരെ തഴയാനുള്ള നീക്കത്തില്‍ ക്ഷുഭിതനായി യെദ്യൂരപ്പ പ്രതികരിക്കുകയായിരുന്നു. മുംബൈയില്‍ അമിത് ഷായുടെ കണ്ണെത്തും ദൂരത്ത് അവരെ കുറേ നാള്‍ കാത്ത് വെച്ചതാണെന്നും തങ്ങളെ 'രക്ഷിച്ചവരുടെ' 'ത്യാഗം' കാണാതെ പോകരുതെന്നും യെദിയൂരപ്പ നേതാക്കളോട് പറയുന്നുണ്ട്. ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനവും അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനവും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT