News n Views

ആമസോണ്‍ സംരക്ഷണത്തിനായി ‘തലയുയര്‍ത്തി പോരാടി’; ഖനന മാഫിയ പൗലീനോയെ കൊന്നുതള്ളിയത് തലതുളച്ച നിറയാല്‍ 

THE CUE
പലപ്പോഴും ഭയപ്പെടാറുണ്ട്, പക്ഷേ തലയുയര്‍ത്തി തന്നെ ഞങ്ങള്‍ക്ക് പോരാടേണ്ടതുണ്ട്. ഞങ്ങള്‍ പോരാട്ടം തുടരുകയുമാണ്. വന്‍ തോതിലാണ് ഇവിടെ വനനശീകരണം. വന്‍ മരങ്ങള്‍ വെട്ടി നിര്‍ബാധം കടത്തുകയാണ്. ഇനിയുള്ള തലമുറകള്‍ക്കായി കാടിനെ കാത്തുവെയ്‌ക്കേണ്ടതുണ്ട്

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സെപ്റ്റംബറില്‍ പൗലോ പൗലീനോ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. ഖനനമാഫിയാ സംഘത്തിന്റെ ക്രൂരവേട്ടയ്ക്കിരയായി പൗലോ പൗലീനോ കൊല്ലപ്പെട്ടതോടെ ലോകത്തിന് നഷ്ടമായത് ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകനെയാണ്.

ലോകത്തിന്റെ ശ്വാസകോശമായ ആമസോണിനെ വെട്ടിവെളിപ്പിച്ചും കത്തിച്ചും ഇല്ലാതാക്കുന്നതിനെതിരെ രൂപീകരിക്കപ്പെട്ട ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റിന്റെ മുന്നണി പോരാളിയായിരുന്നു ഈ ആദിവാസി യുവാവ്. തലയ്ക്ക് നിറയൊഴിച്ചാണ് 26 കാരനെ ഖനന മാഫിയാ സംഘം കൊലപ്പെടുത്തിയത്. ബ്രസീല്‍ മരാന്‍ഹോയിലെ അറാരിബോയ റിസര്‍വ് വനത്തിനുള്ളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവമെന്ന് ബ്രസീലിയന്‍ ഇന്‍ഡിജെനസ് പീപ്പിള്‍സ് അസോസിയേഷന്‍ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ടൈനാകി ടെനിറ്റെഹര്‍ എന്ന ആദിവാസി യുവാവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്നുള്ള തങ്ങളുടെ വെടിവെപ്പില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. വന്‍കിട കാലവളര്‍ത്തലിനും ഖനനത്തിനുമൊക്കെയായി കയ്യേറ്റക്കാര്‍ ലോകത്തെ അത്യപൂര്‍വ ജൈവ ആവാസ വ്യവസ്ഥയെ വെളുപ്പിച്ച് ഇല്ലാതാക്കുമ്പോള്‍ ചെറുക്കാന്‍ നിലയുറപ്പിച്ചാണ് പൗലീനോ ലോക ശ്രദ്ധനേടിയത്.

അമൂല്യമായ സസ്യ ജീവി വര്‍ഗങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ ഇന്ന് നേരിടുന്ന തകര്‍ച്ചയില്‍ വേദനിക്കുന്നവരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നതാണ് സംഭവം. ഗോത്രവര്‍ഗമായ ഗ്വാജജാറായുടെ പ്രതിനിധിയായിരുന്നു പൗലോ പൗലീനോ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് നടത്തിവരുന്ന ചെറുത്തുനില്‍പ്പുകള്‍ പലകുറി ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ആമസോണ്‍ മേഖലയില്‍ ഇരുപതിനായിരത്തോളം അംഗങ്ങളുള്ള ഗോത്ര വിഭാഗമാണ് ഗ്വാജജാറ. മഴക്കാടുകളുടെ സംരക്ഷണത്തിനായി 2012 ല്‍ ഈ ഗോത്രവിഭാഗം ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയായിരുന്നു. ഇതാദ്യമായല്ല ആമസോണില്‍ പരിസ്ഥിതി സംരക്ഷകര്‍ കൊല്ലപ്പെടുന്നത്. ഗാര്‍ഡിയന്‍സില്‍ അംഗങ്ങളായിരുന്ന മൂന്ന് പേര്‍ നേരത്തേ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് , മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന വ്യക്തമാക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ടബാറ്റിന്‍ഗയില്‍ ഒരു ഉദ്യോഗസ്ഥ പ്രതിനിധിയും കൊല്ലപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കാട് നശിപ്പിക്കുന്ന ഖനന മാഫിയയും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിയിറക്കുന്ന വന്‍കിടക്കാരും കാലിവളര്‍ത്തലുകാരും നടത്തുന്ന വന്‍ കയ്യേറ്റങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുകയായിരുന്നു ബോള്‍സനാരോ ഭരണകൂടം. പൗലീനോയുടെ മരണത്തില്‍ ബോള്‍സനാരോ സമാധാനം പറയണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എപിഐബി എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. പൗലീനോയുടെ രക്തം പുരണ്ട കൈകളാണ് ബോള്‍സനാരോയുടേത്.അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളും ദുഷ്‌ചെയ്തികളുമാണ് തദ്ദേശീയര്‍ക്കെതിരായ നിരന്തര ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT