News n Views

സദാചാര ആക്രമണപരാതി: പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍; രാധാകൃഷ്ണനെ കൂവിവിളിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

THE CUE

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപരും പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ അറസ്റ്റില്‍. പേട്ട പൊലീസ് പ്രസ് ക്ലബ്ബിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദ്ദനം, തടഞ്ഞുവെയ്ക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകളാണ് രാധാകൃഷ്ണന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബ് ഓഫീസില്‍ നിന്ന് പുറത്തിറക്കി കൊണ്ടുവരുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൂവി വിളിച്ചു. ഒരു കുടുംബം തകരാതെ നോക്കിയതിന് ലഭിച്ച ശിക്ഷയാണ് ഇതെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റിനിടെ പ്രതികരിച്ചു.

വനിതാ മാധ്യമ പ്രവര്‍ത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എം രാധാകൃഷ്ണനും സംഘത്തിനുമെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിക്കുമെന്ന് വനിതാ കമ്മീഷന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളില്‍ ഐസിസി ( ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) ഉണ്ടോയെന്ന് പരിശോധിക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ശനിയാഴ്ച്ച രാത്രി രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്നാണ് പരാതി. സഹപ്രവര്‍ത്തകനും കുടുംബസുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലെത്തിയെന്ന പേരിലായിരുന്നു ഇത്. തന്നെ കാണാനെത്തിയ സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം സുഹൃത്തിനെ തടഞ്ഞുവെച്ചു. സുഹൃത്തിനെ പോകാന്‍ അനുവദിക്കാതെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ ആണ്‍ സുഹൃത്ത് വീട്ടില്‍ വരുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. തന്നേയും മക്കളേയും രാധാകൃഷ്ണന്‍ ബലം പ്രയോഗിച്ച് റൂമിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറിയവര്‍ അതിന് അനുവദിച്ചില്ല. ഇതിനിടെ വീട്ടിലെത്തിയ കുടുംബ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

രാധാകൃഷ്ണന്‍ രാജി വെക്കേണ്ടതില്ലെന്ന് പ്രസ് ക്ലബ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചതിനേത്തുടര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വീണ്ടും പ്രതിഷേധവുമായെത്തിയിരുന്നു. എം രാധാകൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ രാവിലെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. മാനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചുകയറിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് ചാണകവെള്ളം നിറച്ച കുപ്പി നല്‍കുകയും ചെയ്തു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT