News n Views

‘42 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യും’; മോദി ‘വമ്പന്‍ പരിഷ്‌കരണങ്ങള്‍’ തുടരും

THE CUE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളില്‍ വമ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി നീതി ആയോഗ് വൈസ് ചെയര്‍മാന്‍. പൊതുമേഖലയിലെ 42 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ സ്വകാര്യവല്‍ക്കാരിക്കുകയോ ചെയ്യുമെന്ന സൂചനയാണ് പ്രധാനമന്ത്രി ചെയര്‍മാനായുള്ള സര്‍ക്കാര്‍ സംവിധാനമായ നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ നല്‍കുന്നത്. വരും മാസങ്ങളിലായി പല പൊതുമേഖല സ്ഥാപനങ്ങള്‍ക്കും താഴ് വീഴുകയോ സ്വകാര്യ വ്യക്തികളുടേയോ കമ്പനികളുടേയോ കയ്യിലെത്തുകയോ ചെയ്യും.

നഷ്ടത്തില്‍ പോകുന്ന എയര്‍ ഇന്ത്യക്ക് മേലുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം രീതി എടുത്തുകളഞ്ഞ് സ്വകാര്യവല്‍ക്കരണത്തിന് അവസരമൊരുക്കുകയും മോദി സര്‍ക്കാര്‍ അജണ്ടയിലുണ്ട്.

സ്വയം ഭരണാധികാരമുള്ള ഒരു കമ്പനി രൂപികരിച്ച് അത് എല്ലാ പൊതുമേഖല സ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന കമ്പനിയാക്കാനുള്ള ശ്രമവും സര്‍ക്കാരിനുണ്ട്. ഇത്തരത്തില്‍ സ്വയം ഭരണാധികാരമുള്ള കമ്പനിക്ക് മറ്റ് മന്ത്രാലയങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യത ഉണ്ടാവില്ല. ഇത് വസ്തുവകകള്‍ വില്‍ക്കാനും കൈമാറ്റം ചെയ്യാനും എളുപ്പമാക്കുകയും ചെയ്യും.

സര്‍ക്കാരിന്റെ നയരൂപീകരണത്തിന് ഉപദേശിക്കുന്ന നീതി ആയോഗ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള വമ്പന്‍ നടപടികളുണ്ടാകുമെന്നാണ്.

തൊഴില്‍ നിയമത്തേയും സ്വകാര്യവല്‍ക്കരണത്തേയുമെല്ലാം സ്വാധീനിക്കുന്ന നയരൂപീകരണമുണ്ടാകുമെന്നാണ് രാജീവ് കുമാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയത്. വ്യാവസായിക വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലടക്കം കാര്യങ്ങളില്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റമുണ്ടാകും.

ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി വിദേശ നിക്ഷേപകരടക്കം വന്‍കിടക്കാര്‍ നല്‍കുന്ന രീതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കലുള്ള ഭൂമി പോലും സ്വകാര്യവല്‍ക്കരിക്കപ്പെടും.

കോടതി ഇടപെടലുകളും പ്രദേശവാസികളുടെ സമരവുമെല്ലാം വ്യവസായികളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിദേശ നിക്ഷേപകര്‍ക്ക് നല്‍കാനാണ് പദ്ധതിയിടുന്നത്.്

മോദിയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യയുടെ(നീതി ആയോഗ്) വൈസ് ചെയര്‍മാന്‍ വ്യക്തമാക്കുന്നത് അടുത്ത മൂന്ന് മാസത്തിനകം സാമ്പത്തിക പരിഷ്‌കരണമുണ്ടാകുമെന്നാണ്.

അവര്‍ക്ക് (വിദേശ നിക്ഷേപകര്‍ക്ക്) സന്തോഷിക്കാന്‍ വകയുണ്ടാകും. നിങ്ങള്‍ക്ക് പരിഷ്‌കരണങ്ങളുടെ ഒരു നീണ്ട നിര കാണാനാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. അടിസ്ഥാന തലത്തില്‍ തന്നെ നടപ്പാക്കാനാണ് ശ്രമം.
രാജീവ് കുമാര്‍

ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളാണ് പ്രശ്‌നമെന്ന് സൂചിപ്പിക്കുന്ന രാജീവ് കുമാര്‍ ജൂലൈയിലെ പാര്‍ലമെന്റ് സെഷനില്‍ പുതിയ ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരുമെന്നും സൂചിപ്പിച്ചു. കമ്പനി ഉടമകള്‍ക്ക് അനുകൂലമായ നിലയില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നതെന്ന സൂചനയാണ് നീതി ആയോഗ് ചെയര്‍മാന്‍ നല്‍കുന്നത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച സാമ്പത്തിക പരിഷ്‌കരണമായിരുന്നു നോട്ട് നിരോധനം. 500, 1000 നോട്ടുകള്‍ നിരോധിച്ച് കള്ളപ്പണ വേട്ടയ്ക്കിറങ്ങിയ നരേന്ദ്ര മോദി ഇന്ത്യന്‍ സാമ്പത്തിക മേഖലയിലേല്‍പ്പിച്ച പ്രഹരം ചെറുതായിരുന്നില്ല. മണ്ടന്‍ തീരുമാനമെന്ന പഴികേട്ടിട്ടും ആദ്യഘട്ടത്തില്‍ നോട്ട് നിരോധനത്തെ പറ്റി മേനി പറഞ്ഞ മോദി സര്‍ക്കാര്‍ പിന്നെ അതിനെ കുറിച്ച് മിണ്ടാതായി.

പുതിയ സാമ്പത്തിക പരിഷ്‌കരണം എന്നത് കേള്‍ക്കുമ്പോള്‍ 2016 നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്യലാണ് സാധാരണക്കാരന്റെ മനസിലേക്ക് ഓടിവരിക.

65 വര്‍ഷം പ്രായമുണ്ടായിരുന്ന ഇന്ത്യയുടെ പ്ലാനിങ് കമ്മീഷനെ പൊളിച്ചുമാറ്റിയാണ് നാല് വര്‍ഷം മുമ്പ് മോദി നീതി ആയോഗ് രൂപീകരിച്ചത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT