News n Views

‘ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി തുറന്നുപറയണം, മറവിരോഗമുണ്ടെന്ന് പറഞ്ഞ, മദ്യപാനിയായ ഒരാളെങ്ങനെ ആരോഗ്യമേഖലയെ സംരക്ഷിക്കും?

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായി ആലോചിച്ചതിന് ശേഷമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയനിലെ ആരുമായാണാണ് ചര്‍ച്ച നടത്തിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായി മറുപടി പറഞ്ഞിരുന്നില്ല. സംസ്ഥാന ഭാരവാഹികള്‍ എട്ടു പേരും ആ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും പിന്നെ ആര് പങ്കെടുത്തു എന്ന് മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ചോദിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കഴിഞ്ഞില്ല എന്നിടത്താണ് വലിയ പരാജയമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിഷാ പുരുഷോത്തമന്‍.

ഒരു പക്ഷേ ആരെങ്കിലും തങ്ങളാണ് ഭാരവാഹികള്‍ എന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും മനോരമാ ന്യൂസിലെ മാധ്യമപ്രവര്‍ത്തക കൂടിയായ നിഷ പുരുഷോത്തമന്‍ ഇതേക്കുറിച്ചെഴുതിയ കുറിപ്പില്‍ വിശദീകരിക്കുന്നു.

ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയാല്‍ മാധ്യമപ്രവര്‍ത്തനം പ്രചാരവേലയായി മാറും. നമ്മളും നമുക്ക് പിന്നാലെ വരുന്ന തലമുറയും പ്രചാരവേലയുടെ അണിയറശില്‍പികളാകണോ അതോ ഭയമേതുമില്ലാതെ, അധികാരത്തിന്റെ ഇടനാഴിയില്‍ നടക്കുന്ന മൂന്നാംകിട ഇടപാടുകളെ പുറത്തുകൊണ്ടു വരണോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പ്രചാരവേല മാത്രമാണ് ജോലി എന്ന് കരുതുകയും അധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്നവര്‍ സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന വിശേഷണത്തിന് അര്‍ഹരാണോ എന്ന് ആത്മവിമര്‍ശനം നടത്തുകയും ചെയ്യുന്നത് നന്നാവും. പ്രചാരവേലയുടെ ഭാഗമാകുന്നവര്‍ അത് മാത്രം ചെയ്യണം. (നല്ല ശമ്പളം കിട്ടുമെങ്കില്‍ ജഞ ജോലി ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.) പക്ഷേ ഏതെങ്കിലും ഐഎഎസുകാരന്റെ പേക്കൂത്തുകള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ളതല്ല ഒരു മാധ്യമപ്രവര്‍ത്തകന്റയും ജീവിതമെന്നും നിഷാ പുരുഷോത്തമന്‍.

നിഷാ പുരുഷോത്തമന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

പ്രിയപ്പെട്ട പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങള്‍ക്ക്,

തികച്ചും അവിചാരിതമായി സംഘടനയുടെ തലപ്പത്ത് എത്തിയ വ്യക്തിയാണ് ഞാന്‍. സ്ഥാപനത്തിന് പുറത്തുള്ള മാധ്യമസുഹൃത്തുക്കളെയും പരിചയപ്പെടാനും മാധ്യമകൂട്ടായ്മ എന്ന വലിയ കുടുംബത്തിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ വളരെ സന്തോഷത്തിലായിരുന്നു. എത്ര വഴക്ക് കൂടിയാലും കമ്മിറ്റികളുടെ ഒടുവില്‍ തോളില്‍ കയ്യിട്ട് പോവുന്ന സുഹൃത്തുക്കളെ കണ്ട് മനംനിറഞ്ഞ് ചിരിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നിപ്പോള്‍ വേദനയോടെയാണ് ഇത് എഴുതുന്നത്. കെ.എം ബഷീര്‍ എന്ന നമ്മുടെ സഹോദരന്റെ മുഖം മനസില്‍ നിന്ന് മായുന്നില്ല. തൊഴില്‍ ചെയ്ത് മടങ്ങുമ്പോളാണ് ആരെയും ദ്രോഹിക്കാത്ത, ആരോടും വിരോധമില്ലാത്ത ബഷീര്‍ നടുറോഡില്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ഒരു മനുഷ്യന്‍ ബഷീറിന്റെ ജീവനെടുത്തു. തെറ്റുകള്‍ മാനുഷികമാണ്. ചരിത്രത്തില്‍ ആദ്യ സംഭവവുമല്ല. പക്ഷേ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന കൊലയാളി പിന്നീട് അധികാരമുപയോഗിച്ച് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ നമ്മള്‍ കണ്ടതാണ്. തെളിവുനശിപ്പിക്കാന്‍, പരിശോധ ഒഴിവാക്കാന്‍, തുടര്‍ച്ചയായി കള്ളം പറഞ്ഞു വിദ്യാസമ്പന്നനും ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ആളുമായ പ്രതി. പൂര്‍ണ അറിവോടെ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ, ഒരുപക്ഷേ രാജ്യദ്രോഹപരമായ കുറ്റംകൂടി അയാള്‍ ചെയ്തു. ആ ശ്രീറാം വെങ്കിട്ടരാമനെയാണ് ഇപ്പോള്‍ ഭരണതലത്തില്‍ സുപ്രധാനപദവിയില്‍ സംസ്ഥാനസര്‍ക്കാര്‍ അവരോധിച്ചിരിക്കുന്നത്.

മറവിരോഗമുണ്ടെന്ന് സ്വയം പറഞ്ഞ, തികഞ്ഞ മദ്യപാനിയായ ഒരാളെങ്ങനെ കേരളത്തിന്റെ ആരോഗ്യമേഖലയെ സംരക്ഷിക്കും എന്ന് മാധ്യമപ്രവര്‍ത്തകരല്ലാതെ മറ്റാര് ചോദിക്കും ? ഇനി യൂണിയന്‍ നേരിടുന്ന വിമര്‍ശനത്തെക്കുറിച്ച്... പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മതത്തോടെയാണ് ശ്രീറാമിനെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് നമുക്കെല്ലാം അറിയാം. സുതാര്യമായിരുന്നു കാര്യങ്ങളെങ്കില്‍ യൂണിയന്‍ ഭാരവാഹികളില്‍ ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തിന് ? ഞങ്ങള്‍ സംസ്ഥാന ഭാരവാഹികള്‍ എട്ടു പേരും ആ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെ ആര് പങ്കടുത്തു എന്ന് മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ചോദിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കഴിഞ്ഞില്ല എന്നിടത്താണ് നമ്മുടെ വലിയ പരാജയം. ഒരു പക്ഷേ ആരെങ്കിലും തങ്ങളാണ് ഭാരവാഹികള്‍ എന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം.

ഇനി ആരോ യൂണിയന്‍ എന്ന പേരില്‍ അവിടെ ചെന്നിരുന്നു എന്നിരിക്കട്ടെ. അവരുമായി ചര്‍ച്ച നടത്തിയോ, അതോ ശ്രീറാമിനെ തിരിച്ചെടുക്കുന്നു എന്ന് അറിയിക്കുകയാണോ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അറിയിക്കല്‍ ചര്‍ച്ചയല്ല എന്ന് പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിന് അറിയാതിരിക്കില്ല. ജനാധിപത്യമൂല്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന നേതാവാണ് അദ്ദേഹം.ഏകാധിപതികളുടെ രീതിയെ അദ്ദേഹം സ്വീകരിക്കാനിടയില്ല. ജനാധിപത്യമെന്നത് സംവാദങ്ങളും സംഭാഷണങ്ങളുമാണ്, ഉത്തരവിടല്‍ അല്ല എന്ന് ഇടതു,സ്വതന്ത്ര ചിന്തകളുടെ സഹയാത്രികരായ ഭരണകൂടത്തെ ആരും ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ ?

യൂണിയന്‍ അംഗങ്ങളും അല്ലാത്തവരുമായ മാധ്യമപ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ മറക്കാതിരിക്കുന്നത് നല്ലതാണ്. ക്ഷേമനിധിയും പെന്‍ഷനും പ്രസ്‌ക്ലബ് കെട്ടിടം പണിയലും എല്ലാം യൂണിയന്‍ മുന്‍കയ്യേടുക്കേണ്ട കാര്യമാണ്. പക്ഷേ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്നത് മറക്കരുത്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കപ്പെടുമ്പോളേ മേല്‍പ്പറഞ്ഞതിനെല്ലാം പ്രസക്തിയുള്ളൂ. ഒരു സര്‍ക്കാരിനും മുന്നില്‍ നട്ടെല്ലുവളയ്ക്കാതെ നില്‍ക്കാന്‍ മാധ്യമസമൂഹത്തെ കരുത്തരാക്കുക എന്ന വലിയ ഉത്തരവാദിത്തം യൂണിയന്‍ മറക്കരുത്.

' ദ പോസ്റ്റ് 'എന്ന പ്രശസ്ത ചിത്രത്തില്‍ ബെന്‍ ബ്രാഡ്്‌ലിയുടെ ഡയലോഗുണ്ട്.. എന്ത് അച്ചടിക്കാം അച്ചടിക്കരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നിടത്ത് മാധ്യമപ്രവര്‍ത്തനം മരിക്കുന്നു.....അതുപോലെയാണ് എന്ത് ചോദിക്കാം എന്ത് ചോദിക്കരുത് എന്ന് ഭരണവര്‍ഗം തീരുമാനിക്കുന്നിടത്ത് മാധ്യമപ്രവര്‍ത്തനം മരിക്കുന്നു എന്ന് മറക്കാതിരിക്കാം.

എതിരാളികളെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അവരെ വിലയ്‌ക്കെടുക്കുക എന്നതാണ്. അധികാരിവര്‍ഗം എക്കാലവും അത് ചെയ്യുകയും ചെയ്യും. ആല്‍ബെര്‍ട്ടോ ഫുജിമോറി മുതല്‍ വ്‌ലാദിമിര്‍ പുടിന്‍വരെ ഇത് തെളിയിച്ചിട്ടുണ്ട്.

വിലയിടാന്‍ മാധ്യമസമൂഹം നിന്നു കൊടുക്കുമ്പോള്‍ മരിക്കുന്നത് മാധ്യമപ്രവര്‍ത്തനം മാത്രമല്ല ജനാധിപത്യം കൂടിയാണ്. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയാല്‍ മാധ്യമപ്രവര്‍ത്തനം പ്രചാരവേലയായി മാറും. നമ്മളും നമുക്ക് പിന്നാലെ വരുന്ന തലമുറയും പ്രചാരവേലയുടെ അണിയറശില്‍പികളാകണോ അതോ ഭയമേതുമില്ലാതെ, അധികാരത്തിന്റെ ഇടനാഴിയില്‍ നടക്കുന്ന മൂന്നാംകിട ഇടപാടുകളെ പുറത്തുകൊണ്ടു വരണോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പ്രചാരവേല മാത്രമാണ് ജോലി എന്ന് കരുതുകയും അധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്നവര്‍ സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന വിശേഷണത്തിന് അര്‍ഹരാണോ എന്ന് ആത്മവിമര്‍ശനം നടത്തുകയും ചെയ്യുന്നത് നന്നാവും. പ്രചാരവേലയുടെ ഭാഗമാകുന്നവര്‍ അത് മാത്രം ചെയ്യണം. (നല്ല ശമ്പളം കിട്ടുമെങ്കില്‍ PR ജോലി ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.) പക്ഷേ ഏതെങ്കിലും ഐഎഎസുകാരന്റെ പേക്കൂത്തുകള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ളതല്ല ഒരു മാധ്യമപ്രവര്‍ത്തകന്റയും ജീവിതം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ. ഇത്തരം അനീതികള്‍ വച്ചുപൊറുപ്പിക്കുന്നത് വരുംതലമുറയോടും ചെയ്യുന്ന അപരാധമാണ് .

നിഷാ പുരുഷോത്തമന്‍ വൈസ് പ്രസിഡന്റ്,

കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT