Kerala News

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും

സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരുടെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംയുക്ത പ്രസ്താവന. ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുന്നതിനു പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് മന്ത്രിമാരും സിപിഎം, സിഐടിയു നേതാക്കളും ശ്രമിക്കുന്നതെന്നും സംഘടിക്കാനും സമരം ചെയ്യാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് ഭരണാധികാരികളെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ടീസ്റ്റ സെതല്‍വാദ്, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, കെ.സച്ചിദാനന്ദന്‍ തുടങ്ങി നൂറ് പേര്‍ ഒപ്പുവെച്ച പ്രസ്താവനയാണ് പുറത്തു വന്നത്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം വായിക്കാം

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക: എഴുത്തുകാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും പുറപ്പെടുവിക്കുന്ന പ്രസ്താവന.

17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകണമെന്ന് കേരള സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നമ്മുടെ ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം.

ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുക, നല്കാനുള്ള 3 മാസത്തെ കുടിശ്ശിക നല്കുക, വിരമിക്കല്‍പ്രായം 62 എന്ന് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിന്‍വലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്കുക തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപകല്‍സമരം നടത്തുന്നത്.

ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുന്നതിനു പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ - ധനകാര്യ മന്ത്രിമാരും ചില സിപിഎം, സിഐടിയു നേതാക്കളും ശ്രമിക്കുന്നത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് ഭരണാധികാരികള്‍. സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാരെ അഭിസംബോധനചെയ്തു സംസാരിച്ച ബുദ്ധിജീവികളെയും സാമൂഹ്യപ്രവര്‍ത്തകരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ബാലിശവും പരിഹാസ്യവുമായ നീക്കമുണ്ടാകുന്നു. ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തില്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇതൊന്നും. ചെയ്യുന്നവരെ അധിക്ഷേപിക്കാനും സമരത്തെ അടിച്ചമര്‍ത്താനുമുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം.

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ അല്ല കേന്ദ്രത്തിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നുമാണ് സര്‍ക്കാരിന്റെ സ്വയംപ്രഖ്യാപിത വക്താക്കളായി സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നവര്‍ പറയുന്നത്. സംസ്ഥാനത്ത് ആരോഗ്യ പരിപാലനമേഖലയിലെ ഏറ്റവും താഴെത്തട്ടില്‍ സുപ്രധാനമായ ചുമതലകള്‍ ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ് ഇവിടെ.

കേന്ദ്രത്തിനാണ് മുഖ്യ ഉത്തരവാദിത്വമെങ്കില്‍ ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച് പരിഹാരം കാണാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടരുത്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ഒരു നിമിഷം വൈകാതെ ചര്‍ച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT