മൂന്ന് മാസമായി ഓണറേറിയമില്ല, പലരും കടക്കെണിയിൽ, സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കർമാർ

മൂന്ന് മാസമായി ഓണറേറിയമില്ല, പലരും കടക്കെണിയിൽ, സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കർമാർ
Published on

ഒരുകൂട്ടം ആശാ വർക്കർമാർ ഏഴ് ദിവസമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ സമരത്തിലാണ്. മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന വേതനം നൽകുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, ഓരോമാസവും യഥാക്രമം വേതനം നൽകുക, പെൻഷൻ സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് ആശാ വർക്കർമാർ ഉന്നയിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം മിനി ടിസിയുമായുള്ള അഭിമുഖം

സമരം തുടങ്ങാനുണ്ടായ സാഹചര്യം

മൂന്ന് മാസമായി കേരളത്തിൽ ആശമാർക്ക് വേതനം ലഭിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ് പല ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമീപിക്കാറുണ്ടെങ്കിലും കൃത്യമായ മറുപടി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഗവൺമെന്റുമായി ബന്ധപ്പെട്ട പലതരം ആവശ്യങ്ങൾക്ക് ഞങ്ങളെ ഉപയോഗിക്കാറുണ്ട്. രാത്രിയും പകലും എന്നില്ലാതെ ജോലി ചെയ്യുന്ന ഞങ്ങൾക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസമായിട്ടും ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതി വന്നതയോടെയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഒരു സമരം പ്രഖ്യാപിച്ചത്. ഞങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് വരെ സമരം തുടരും.

വേതന കുടിശിക തീർപ്പാക്കുക

ആശമാർക്ക് 2024 നവംബർ മുതൽ വേതനം കിട്ടുന്നില്ല. ഓരോ മാസവും വൈകുമ്പോൾ അടുത്ത മാസം ഒരുമിച്ച് നൽകുമെന്ന് പറയാറുണ്ട്. എന്നാൽ ഈ ഫെബ്രുവരി വരെ ആയിട്ടും ഒരു രൂപ പോലും ശമ്പളം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ബന്ധപ്പെട്ടവരുമായി സംസാരിക്കുമ്പോൾ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന മറുപടി ആണ് ലഭിക്കുന്നത്. ഞങ്ങൾക്കിടയിൽ കുടുംബമുള്ളവരാണ് ഭൂരിഭാഗവും. മക്കളെ നോക്കണം, കുടുംബം പോറ്റണം, ഓരോ ദിവസവും ഓരോ കാര്യങ്ങൾ ഉണ്ടല്ലോ, വിധവകളായും മറ്റും ഒറ്റക്ക് താമസിക്കുന്നവരും ഉണ്ട്. കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടാത്ത ഞങ്ങളുടെ അവസ്ഥ ആരെങ്കിലും ആലോചിക്കുന്നുണ്ടോ?

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്

വേതനത്തിലെ ക്രൈറ്റീരിയ നിർത്തലാക്കണം

നിലവിൽ 7000 രൂപയാണ് ആശമാരുടെ വേതനം. പത്ത് തരം ക്രൈറ്റീരിയ കണക്കാക്കിയാണ് ഇത് തരുന്നത്. എല്ലാവരും സ്ത്രീകളല്ലേ, എന്തെല്ലാം ആരോഗ്യ ആവശ്യങ്ങളുണ്ടാകും. രണ്ടു ദിവസം അവധി എടുത്താൽ നമുക്ക് ഒരു ക്രൈറ്റീരിയ പൂർത്തിയാക്കാനാകാതെ വരും. ആ ഘട്ടത്തിൽ പൂർത്തിയാക്കാത്ത ക്രൈറ്റീരിയയുടെ കണക്കിൽ വരുന്ന പണം പിടിച്ചുവെച്ചാണ് ബാക്കി വേതനം നൽകുക. ആകെ ഏഴായിരം രൂപയിൽ നിന്ന് ഓരോ മാസവും ഓരോ കാരണം പറഞ്ഞ് പണം പിടിച്ച് വെച്ചാൽ ഞങ്ങളെങ്ങനെ ജീവിക്കും. ക്രൈറ്റീരിയകൾ ഇല്ലാതെ നിശ്ചിത വേതനം എന്ന സംവിധാനം നടപ്പിലാക്കണം

വേതന വർദ്ധനവ് നടപ്പിലാക്കണം

ഏഴായിരം രൂപ കൊണ്ട് ഞങ്ങൾക്ക് ജീവിക്കാനാവുന്നില്ല എന്ന പരാതി ഞങ്ങൾ കാലങ്ങളായി പറയുന്നു എങ്കിലും ആരും അത് പരിഗണിക്കുന്നില്ല. ഞങ്ങളുടെ പണമെടുത്ത് യാത്ര ചെയ്യണം, യാത്രയ്ക്കിടയിലെ ചിലവുകളും ഞങ്ങൾ വഹിക്കണം. വേതനം യഥാക്രമം നൽകുന്നതോടൊപ്പം ദിവസേന വേതനം 700 രൂപയാക്കി ഉയർത്തണം. വർഷങ്ങളായി വർദ്ധനവിനെ കുറിച്ച് വാ തോരാതെ സമരിക്കുന്ന ഒരു മന്ത്രിമാരും ഈ വിഷയം നടപ്പിലാക്കാൻ തയ്യാറാകുന്നില്ല.

ഈ സമരത്തിൽ രാഷ്ട്രീയമില്ല

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന ഞങ്ങളുടെ കൂട്ടായ്മ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമല്ല. സംസ്ഥാനത്തെ ആശമാരുടെ ശബ്ദം പൊതുമധ്യത്തിൽ എത്തിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ആവശ്യത്തെ അംഗീരിക്കാൻ നിർവഹമായില്ലാത്തവരാണ് ഞങ്ങളുടെ മേൽ രാഷ്ട്രീയ ചായ്‌വ് ആരോപിക്കുന്നത്

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്

സർക്കാരിൽ വിശ്വാസമുണ്ട്, പക്ഷെ!

മന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ച പരാജയമായിരുന്നു. ഒരു തരത്തിലുള്ള ഹോം വർക്കും ഇല്ലാതെ വെറുതെ വന്ന് ഞങ്ങളുടെ കാര്യങ്ങൾ കേട്ടു എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല. ധനവകുപ്പുമായി സംസാരിക്കാം എന്നുമാത്രമാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വകുപ്പിന് കീഴിലാണ് ഇരുപത്തി ഏഴായിരത്തോളം വരുന്ന ആശമാർ ജോലി ചെയുന്നത്. അവരുടെ അടിസ്ഥാന ആവശ്യം നടപ്പിലാക്കാൻ മന്ത്രി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു. രാഷ്ട്രീയം ചികയുന്ന മന്ത്രിയെ ഞങ്ങൾ സമരപ്പന്തലിലേക്ക് ക്ഷണിക്കുന്നു. ഇവിടെ വന്ന് മന്ത്രി സത്യാവസ്ഥ മനസ്സിലാക്കണം. ഇത്തവണത്തെ ബജറ്റിൽ ആശമാരുടെ കാര്യത്തിൽ ഒരു പരാമർശം പോലുമുണ്ടായില്ല എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. സർക്കാരിൽ വിശ്വാസമുള്ളത് കൊണ്ടാണ് ഞങ്ങൾ സമരം അവസാനിപ്പിക്കാത്തത്. ഇടതുപക്ഷ സർക്കാർ പാവപ്പെട്ട ആശമാരുടെ ദുരിതം കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം

പെൻഷനോ അനുബന്ധ സംവിധാനമോ വേണം

വർഷങ്ങളോളം സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഞങ്ങൾ അറുപത്തിരണ്ട്‍ വയസ്സിൽ ജോലിയിൽ നിന്ന് ഒഴിയുമ്പോൾ വട്ടപ്പൂജ്യമാകുന്ന സ്ഥിതിയാണുള്ളത്. ഞങ്ങളുടെ തുടർജീവിതത്തെ കുറിച്ച് ആർക്കും ആശങ്കയില്ല. പ്രായപരിധി പൂർത്തിയായി ഒഴിയുന്ന ഓരോ ആശമാർക്കും അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്

ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ആർക്കെങ്കിലും ധാരണയുണ്ടോ?

ഡാറ്റ എൻട്രി, സർവ്വേ എന്നിങ്ങനെ എല്ലാ കാര്യത്തിനും ഞങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കണം. റീചാർജ് ഇനത്തിൽ 200 ഓരോ മാസവും നൽകുമെന്ന വാഗ്ദാനം കടലാസ്സിൽ ഒതുങ്ങി. തദ്ദേശസ്ഥാപനങ്ങൾ, അംഗനവാടി, പോലീസ്, വെറ്ററിനറി എന്നിങ്ങനെ എല്ലാവരും ഓരോ കാര്യങ്ങൾക്ക് ആശമാരെ ഉപയോഗിക്കും. ഓരോ വീട്ടുകാരും വളരെ ചെറിയ കാര്യങ്ങൾക്കും ആശമാരെ വിളിക്കും. ഏതെങ്കിലും വ്യക്തിപരമായ, കുടുംബ സാഹചര്യങ്ങളിൽ പെട്ട് ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യാതിരുന്നാൽ ആശമാർ കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകൾ എന്തെന്ന് ആർക്കെങ്കിലും അറിയുമോ? സമയ പരിധിയോ ഒഴിവു ദിവസമെന്നോ ഇല്ലാതെയാണ് ഓരോ ആശമാരും ജോലിയെടുക്കുന്നത്.

സർക്കാർ ഉറപ്പ് നൽകുംവരെ സമരം തുടരും

സർക്കാർ ഞങ്ങളുടെ പ്രശനങ്ങൾ കേട്ട് അതിൽ കൃത്യമായ പരിഹാരങ്ങൾ ഉറപ്പ് നൽകാതെ ഈ സമരം അവസാനിപ്പിക്കില്ല. കുടുംബമുള്ള, കുട്ടികളുള്ള മറ്റു എല്ലാ അത്യാവശ്യങ്ങളുള്ള ഒരുകൂട്ടം സ്ത്രീകൾ തെരുവിൽ സമരം ചെയ്യുന്നത് അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയാണ്. തിരുവനന്തപുരം വരെ വരാൻ വണ്ടിക്കാശില്ലാത്തതിനാൽ സമരത്തിന്റെ ഭാഗമാകാനാകാത്ത ഒട്ടേറെ ആശമാരുണ്ട്. ആര് പിന്തുണ തന്നാലും ഇല്ലെങ്കിലും ആവശ്യം നിറവേറും വരെ ഞങ്ങൾ സമരരംഗത്തുണ്ടാകും.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച അതിജീവന രാപ്പകൽ സമരത്തിൽ നിന്ന്

Related Stories

No stories found.
logo
The Cue
www.thecue.in