Kerala News

സ്ത്രീകള്‍ അധികാരത്തോട് മുഖാമുഖം സംസാരിക്കാന്‍ ശീലിക്കണം; സുഹാസിനി മണിരത്‌നം

അധികാരത്തിന് എതിര്‍ദിശയില്‍ ഇരുന്ന് സംസാരിക്കാന്‍ സ്ത്രീകള്‍ ശീലിക്കണമെന്ന് സുഹാസിനി മണിരത്‌നം കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടണം. അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഭയമില്ലാതെ സംസാരിക്കാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും സുഹാസിനി പറഞ്ഞു. 'സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

'ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങള്‍ക്കായി പോരാടണം. അധികാരത്തിന് നേരെ എതിര്‍ദിശയിലിരുന്ന് സംസാരിക്കാന്‍ ശീലിക്കണം. ചെറുപ്പത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യമാണിത്.'- സുഹാസിനി പറഞ്ഞു. സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ചെറിയ പട്ടണത്തില്‍ വളര്‍ന്ന തനിക്ക് ആധിപത്യമല്ല, മറിച്ച് മാന്യമായി ജീവിക്കാനുള്ള അന്തസ്സാണ് വലുതെന്ന് ബോധ്യപ്പെട്ടിരുന്നു. പതിനേഴാം വയസ്സില്‍ ചലച്ചിത്ര രംഗത്തെത്തുമ്പോള്‍ സെറ്റുകളില്‍ നൂറുകണക്കിന് പുരുഷന്മാര്‍ക്കിടയില്‍ ഏക സ്ത്രീ താനായിരുന്നു. ആ സാഹചര്യം തന്നെ കൂടുതല്‍ അച്ചടക്കമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കി മാറ്റി. ഇരുവര്‍ സിനിമയുടെ സംഭാഷണ രചനയെക്കുറിച്ച് പരാമര്‍ശിക്കവേ, സംഭാഷണങ്ങള്‍ വെറും വാക്കുകളല്ലെന്നും അവ നിരീക്ഷണത്തില്‍ നിന്നും സഹാനുഭൂതിയില്‍ നിന്നും ഉണ്ടാവേണ്ടതാണെന്നും സുഹാസിനി വ്യക്തമാക്കി.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ വിവിധ സെഷനുകളിലായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്തു. രാഷ്ട്രീയത്തോടുള്ള വിമുഖത പുതിയ തലമുറ വെടിയണമെന്ന് ബിയോണ്ട് ദ ഹാഷ്ടാഗ് സംവാദത്തില്‍ സംസാരിച്ച ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് , യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി, എറണാകുളം ജില്ലാ പഞ്ചാത്തംഗം ജ്യൂബിള്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇടപ്പെട്ടുകൊണ്ടു മാത്രമേ രാഷ്ട്രീയരംഗത്തെ നവീകരിക്കാന്‍ കഴിയൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ തലമുറ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും മറ്റ് സാമൂഹ്യ പ്രശ്നങ്ങളും നേരിടുന്നതിന് ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ദുരന്തങ്ങളെ കേവലം തകര്‍ച്ചകളായല്ല, മറിച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനര്‍നിര്‍മ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുയാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദം ആകണമെന്ന് നീന്തല്‍ താരവും സംസ്ഥാന യുവ പ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ പറഞ്ഞു. പരിധികള്‍ ഇല്ലാത്ത മനുഷ്യര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ക്ക് ക്രിയാത്മകമായി ചിന്തിക്കാനും നീതിക്കായി ശബ്ദമുയര്‍ത്താനും സാമൂഹ്യ പുരോഗതിയില്‍ സജീവമായി പങ്കുചേരാനും സാധിക്കണമെന്ന് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു. 'സ്വതന്ത്ര തന്തിരം' ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയം എന്നത് അധികാരം പിടിച്ചെടുക്കലിനോ പദവികള്‍ക്കോ വേണ്ടി ആകരുത്, മറിച്ച് സേവനം, ഉത്തരവാദിത്തം, നല്ല മാറ്റങ്ങള്‍ എന്നിവയ്ക്കുള്ളതാകണമെന്നും ദിയ പറഞ്ഞു.

കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എഴുതിയ ബാബു ഏബ്രഹാം, എ വിഷന്‍ നെവര്‍ സ്റ്റോപ്പ്‌സ് ഇവോള്‍വിംഗ് എന്ന വിഷയത്തില്‍ സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് തുടങ്ങിയവരും സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ സംസാരിച്ചു.

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026

കാക്കി അണിഞ്ഞ് മോഹൻലാൽ; ഫൺ വൈബിൽ 'L366' പോസ്റ്റർ

'പ്രകമ്പനത്തി'നുള്ള നേരമായി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT