

ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കമായി. കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം നിര്‍വഹിച്ചു. വിജ്ഞാനവും സാങ്കേതികവിദ്യയും സര്‍ഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. ഭാവിയെ ആര് രൂപകല്‍പ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയര്‍ത്തുന്നത്. അതിരുകള്‍ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ എന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം നല്‍കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം പ്രാപ്തമാകു എന്നും ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന 'ജെയിന്‍ ആക്‌സിലറേറ്റര്‍' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. മാറ്റങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാധാരണക്കാര്‍ക്ക് കൂടി ശബ്ദം ഇടമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് സമ്മിറ്റ് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഭാവിയെ നേരിടാനുള്ള ഒരേയൊരു മാര്‍ഗ്ഗം കൂട്ടായ പ്രവര്‍ത്തനമാണെന്നും കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാന്‍ ഈ സംഗമം ഉപകരിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുരുന്തില്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ സാധാരണ പൗരന്മാര്‍ക്ക് വേദിയൊരുക്കുന്നതിലൂടെ, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന യൂണിവേഴ്‌സിറ്റിയുടെ ദൗത്യം ഒരിക്കല്‍ കൂടി സാക്ഷാത്കരിക്കുകയാണെന്ന് പ്രോ വി.സി പ്രൊഫ. ഡോ. ജെ. ലത പറത്തു. ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ റാഷിദ് ഉള്ളമ്പിള്ളി, കിന്‍ഫ്ര ഡയറക്ടര്‍ സാബു ജോര്‍ജ്, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ നീളുന്ന സമ്മിറ്റില്‍ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുന്നൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നാല് ദിവസത്തെ ഡ്രോണ്‍ ഷോ സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.
ലോകോത്തര വാഹനങ്ങള്‍ അണിനിരക്കുന്ന ഓട്ടോ എക്‌സ്‌പോ, റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ 'റോബോവേഴ്‌സ്', ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, ഉത്സവപ്പറമ്പുകളുടെ പ്രതീതി നല്‍കുന്ന ഫെസ്റ്റിവല്‍ വില്ലേജ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജോണിറ്റ ഗാന്ധി, നികിത ഗാന്ധി, അറിവ് തുടങ്ങിയ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത നിശകളും അരങ്ങേറും.