Kerala News

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

മോശമാണെന്ന കാരണത്താല്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് തന്റെ സംഭാവനയെന്ന് ശ്രീനിവാസന്‍. 2006ലെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വിജു വി. നായരുമായുള്ള അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതാണ് ഇത്. സിനിമയില്‍ കയറിപ്പറ്റാന്‍ കഷ്ടപ്പെട്ടിട്ടില്ലെന്നും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമയില്‍ തന്നെ വിളിച്ചിട്ടാണ് താന്‍ പോയതെന്നും ശ്രീനിവാസന്‍ പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

മമ്മൂട്ടി എനിക്ക് വേണ്ടി ചില സിനിമകളില്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു ദിവസം മമ്മൂട്ടിയോട് പറഞ്ഞു, ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുതെന്ന്. കാരണം, സിനിമയുടെ കാര്യങ്ങളൊക്കെ എനിക്ക് ഏകദേശം അറിയാം. അപ്പോള്‍ നിര്‍മാതാവും സംവിധായകനും വിചാരിക്കും മമ്മൂട്ടി പറഞ്ഞയാളിനെ അനാവശ്യമായി സിനിമയില്‍ വലിച്ചു കയറ്റുക, അവന് മുറിയും ഭക്ഷണവും കൊടുക്കുക, അവന് സിനിമയില്‍ ഒരു മാര്‍ക്കറ്റുമില്ല എന്നൊക്കെ. ആരെയും കുത്താന്‍ പറയുകയല്ല, ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു. ഇതൊക്കെ മനസിലാക്കിയിട്ട് എന്നെ ഒരനാവശ്യ വസ്തുവായി ലൊക്കേഷനില്‍ കൊണ്ടുപോയി ശുപാര്‍ശ ചെയ്യരുത്. പുള്ളിക്കത് മനസിലായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ചാന്‍സ് ചോദിച്ച് പോകാത്തത്. മോശമാണെന്ന കാരണത്താല്‍ ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന.

സിനിമയില്‍ കയറിപ്പറ്റാന്‍ ഞാന്‍ കഷ്ടപ്പെട്ടിട്ടില്ല. സിനിമയില്‍ ഒരു പണിക്ക് ഞാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് സിനിമ എന്നും ഇഷ്ടമായിരുന്നു. മദിരാശിയില്‍ ചില സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ വഴിയാണ് അവിടേക്ക് പോയത്. അച്ഛന്റെ അനുവാദം ഇല്ലായിരുന്നു. വയനാട്ടിലെ ഒരു സുഹൃത്ത് തന്ന 75 രൂപയുമായാണ് പോയത്. മദ്രാസില്‍ ഒരു നിര്‍ധന സുഹൃത്തിനൊപ്പം കഴിഞ്ഞു. ചാന്‍സ് ചോദിച്ച് അലഞ്ഞിട്ടോ വലഞ്ഞിട്ടോ അല്ല സിനിമയില്‍ വന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമയില്‍ തന്നെ എന്നെ വിളിച്ചിട്ടാണ് ഞാന്‍ പോകുന്നത്. എല്ലാ സിനിമകളും അങ്ങനെ തന്നെ.

എഴുത്തിലും അഭിനയത്തിലും അതിനെല്ലാം പിന്നിലുള്ള ഞാന്‍ ഒരു താരമല്ല. അഭിനയിക്കുമ്പോള്‍ നടന്‍ അയാളെ ഏല്‍പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നയാള്‍. എഴുതുമ്പോള്‍ വേറൊരു മനസാണ്. ഒരു ചക്കവീണ് മുയല് ചത്തു, അതുകൊണ്ടൊരു സിനിമയുണ്ടാക്കിക്കളയാം എന്ന് വിചാരിക്കാന്‍ പറ്റില്ലല്ലോ. ഓരോ സിനിമക്ക് വേണ്ടി ഓരോ ആലോചന, പരിശ്രമം. ഉദയനാണ് താരം എന്നത് ഒരു സിനിമയാണ്. ഉദയനാണ് അതില്‍ താരം. ഒരു കണക്ക് പിഴച്ചുപോയാല്‍ നമ്മളാണ് നിമിത്തം, അത്രമാത്രം. ഞാനാണ് അല്ലെങ്കില്‍ എന്റെ മിടുക്ക് കൊണ്ടാണ് ഒരു സിനിമ വിജയിച്ചതെന്ന് പറഞ്ഞാല്‍ അതൊട്ടും ശരിയല്ല. വിജയമായാലും പരാജയമായാലും അതില്‍ നമുക്കൊരു പങ്കുണ്ടെന്ന് വേണമെങ്കില്‍ പറയാം.

ഉദയായുടെ ഉമ്മയാണ് ആദ്യം കണ്ട സിനിമ. കൂത്തുപറമ്പിലെ ടാക്കീസില്‍ വെച്ചാണ് കണ്ടത്. അച്ഛന്റെ വീട് അവിടെയായിരുന്നു. പാട്യത്തായിരുന്നു ജനനം. ഉമ്മ കണ്ടപ്പോള്‍ ജീവിതത്തില്‍ അതുവരെയില്ലാത്ത ഒരമ്പരപ്പുണ്ടായി. ഈ മഹാദ്ഭുതം കണ്ടുകൊണ്ടേയിരിക്കണമെന്ന് ആഗ്രഹിച്ചു. സിനിമ എനിക്ക് ഒരാവേശമായിരുന്നില്ല. സത്യേട്ടനെ പോലെയുള്ള നടന്‍മാരുടെ സിനിമ കണ്ടിട്ട് അതിന്റെ കഥകള്‍ നോട്ട് പുസ്തകത്തില്‍ എഴുതിവെക്കുന്ന പതിവുണ്ടായിരുന്നു. തലശ്ശേരിയിലാണ് അന്ന് സിനിമ റിലീസാകുന്ന തിയറ്ററുകള്‍. റിലീസാകുന്ന ദിവസം ആദ്യത്തെ ഷോ തന്നെ പോയി കാണുമായിരുന്നു.

സിനിമ എന്ന് പറയുന്നത് ഒരു വലിയ സമുദ്രമാണ്. അതിലെ ഒരു തുള്ളി നമുക്ക് ഒതുങ്ങിയിട്ടില്ല. അതിങ്ങനെ പരന്ന്പരന്ന് കിടക്കുകയാണ്. നമ്മള്‍ അതിന്റെ ഒഴുക്കിലും. ഏത് ദിക്കിലേക്ക് ഒഴുകുന്നു, കൈകാലിട്ടടിക്കുന്നു എന്നതില്‍ കവിഞ്ഞ് ഒന്നും അവകാശപ്പെടാനില്ല. സ്വന്തം ആകാരത്തെ പരിഹസിച്ചുകൊണ്ട് എഴുതിയത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഞാനൊരു അധമനാണെന്ന തോന്നലൊന്നും എനിക്കില്ല.

സിനിമകളില്‍ സന്ദേശം നല്‍കേണ്ട ആവശ്യമില്ല എന്ന് എനിക്കും തോന്നാറുണ്ട്. അത് വേണ്ടാത്ത കാര്യമാണെന്ന്. പക്ഷേ, സിനിമക്ക് ഒരു കണ്‍ക്ലൂഷന്‍ വേണം. ചിലപ്പോഴൊക്കെ അത് സില്ലിയായിപ്പോകാറുണ്ടെന്ന് എനിക്ക് തന്നെ അറിയാം. പക്ഷേ, വേറെ നല്ലത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാക്കിപ്പോകുന്നതാണ്. എങ്കിലും ആ കണ്‍ക്ലൂഷന് മുന്‍്പ് വരെയുള്ള കാര്യങ്ങള്‍ ഒരുവിധം കൊള്ളാവുന്നതാണെങ്കില്‍ എങ്ങനെയെങ്കിലും ഒന്നവസാനിപ്പിക്കുക.

സിനിമ എനിക്ക് തന്നത് സന്തോഷമാണ്. ഇംഗ്ലീഷില്‍ പറയാറില്ലേ, If you choose a job you love, then you will never have to work. സന്തോഷമുള്ളത് ചെയ്യുമ്പോള്‍ അതൊരു ജോലിയല്ലാതാകുന്നു.

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

SCROLL FOR NEXT