Kerala News

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി; സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായി ഇല്ലാതാകുമ്പോൾ

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍പ്പാത, നാല് മണിക്കൂറില്‍ തലസ്ഥാനത്തു നിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന പാത, സംസ്ഥാന സര്‍ക്കാരിന് കൂടി ഉടമസ്ഥതയുള്ള റെയില്‍ കമ്പനി; സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടം മാറ്റുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെട്ട സില്‍വര്‍ലൈന്‍. സംസ്ഥാന സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള റെയില്‍ വികസന കമ്പനിയായ കെ-റെയിലിന് കീഴിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിപിആര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് ലാന്‍ഡ് സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ വലിയ വിവാദമാകുകയും ചെയ്ത പദ്ധതി പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ പാതിവഴിയില്‍ മുടങ്ങിയ നിലയിലായിരുന്നു. പദ്ധതിക്ക് എതിരെ സമരങ്ങള്‍ നയിച്ച വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ എല്ലാം തന്നെ മരവിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പറഞ്ഞത്

കേരളത്തെ സാമ്പത്തികമായോ പാരിസ്ഥിതികമായോ ബാധിക്കാത്ത ഒരു സ്പീഡ് കോറിഡോറിന് തങ്ങള്‍ എതിരല്ലെന്നും എതിര്‍ക്കാന്‍ കാരണം അതിന് ഒരു ശരിയായ ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണെന്നും സതീശന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ നടപ്പാക്കിയിരുന്നെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമാകുമായിരുന്നു. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റായിരുന്നു. കേരളത്തിന്റെ ജ്യോഗ്രഫിക്കല്‍ ഘടന ചെരിവാണ്. നദികള്‍ ഒഴുകിവന്ന് കടലില്‍ പതിക്കുന്ന സ്ലോപ്പായിട്ടുള്ള സ്ഥലമാണ്. അതിനിടയില്‍ 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിയുക എന്നാല്‍ സസ്റ്റെയിനബിളായിട്ടുള്ള പ്രോജക്ട് ആയിരുന്നില്ല. പാരിസ്ഥിതിക ദുരന്തമുണ്ടാകുമായിരുന്നു. 200 കിലോമീറ്റര്‍ ദൂരം 10 അടി ഉയരത്തില്‍ മതിലായിരുന്നു. മണ്‍സൂണ്‍ തുടങ്ങിക്കഴിഞ്ഞാല്‍ ട്രെയിന്‍ മാത്രമല്ല, ബോട്ട് കൂടി ഓടിക്കാമായിരുന്നു. യുഡിഎഫിന്റെ ഒരു സബ് കമ്മിറ്റി പഠിച്ച്, വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സില്‍വര്‍ലൈന്‍ നടപ്പാക്കരുത് എന്നത്. ഗവണ്‍മെന്റ് അത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ സമരം ചെയ്തവര്‍ക്ക് ഒരു ശിക്ഷപോലെ ആ നോട്ടിഫിക്കേഷനുകള്‍ അവിടെ കിടക്കുകയാണ്. ഒരു ഉത്തരവിറക്കിയാല്‍ മാത്രം മതിയെന്നും പുതുയുഗയാത്രയില്‍ ആ പ്രദേശങ്ങളിലുള്ളവരുമായി സംസാരിച്ചിരുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാനുള്ള തീരുമാനം എടുത്തു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു, ഡീനോട്ടിഫിക്കേഷനാണ്. കാരണം ഈ പദ്ധതി നടക്കുന്നില്ല പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. നിരവധി വര്‍ഷങ്ങളായി ഈ ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയാതെയും മക്കളുടെ വിവാഹത്തിന് ഇതൊന്ന് പണയപ്പെടുത്തി ലോണെടുക്കാന്‍ കഴിയാതെയും സാധാരണക്കാരായ ആളുകള്‍ മുഴുവന്‍ വിഷമിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചതു കൊണ്ട്, കേന്ദ്ര ഗവണ്‍മെന്റും അംഗീകാരം തന്നില്ല. ഞങ്ങള്‍ അതിനെ എതിര്‍ത്ത് സമരം ചെയ്തതാണ്.
വി.ഡി.സതീശന്‍

മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും

പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലവിലുള്ള കേസുകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ച് അവയുടെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ നല്‍കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കെ-റെയിലിന് ബദല്‍ എന്ത്? ചോദ്യവുമായി ഇടതുപക്ഷം

പദ്ധതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതികരണവുമായി ഇടതുപക്ഷം രംഗത്തെത്തി. കെ-റെയിലിന് ബദല്‍ എന്തെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ചോദിച്ചു.

യുഡിഎഫ് തുടക്കം മുതലേ കെ-റെയിലിനെ എതിര്‍ത്ത് വന്നവരാണ്. അതിനെതിരെ സമരം നടത്തിയവരാണ്. അതുകൊണ്ട് അതിനെ വേണ്ടെന്ന് വെച്ചതില്‍ അദ്ഭുതമൊന്നും ഇല്ല. പേരെന്ത് വേണമെങ്കിലും വിളിച്ചോളൂ, ഇനി രാഗാ റെയില്‍ എന്ന് വേണമെങ്കിലും വിളിച്ചോ, കേരളത്തില്‍ ഇതുപോലെ ഒരു അതിവേഗപ്പാത വേണോ എന്നതാണ് ചോദ്യം. അതോ കേരളത്തിലുള്ളവര്‍ എല്ലാവരും കാറെടുത്ത് തെക്കുവടക്ക് ഓടണോ? റോഡ് ഉപയോഗിക്കുന്നവരെ റെയിലിലേക്ക് മാറ്റാന്‍ പറ്റണം, അതിന് അതിവേഗപ്പാത വേണം.
തോമസ് ഐസക്

കേരളത്തിന്റെ വളര്‍ച്ച 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് തയ്യാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കെ-റെയില്‍ മുന്‍പ് തന്നെ വഴിക്ക് വെച്ച് നിര്‍ത്തിപ്പോയതാണ്. കാരണം അതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടിയില്ല. അന്ന് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ ശക്തിയായി എതിര്‍ത്തു. ഏറ്റവും ശ്രദ്ധേയമായ ഒരു വികസന പരിപാടിയെ, കേരളത്തിന്റെ വളര്‍ച്ച 25 വര്‍ഷം അപ്പുറത്തേക്ക് കണ്ട് പ്ലാന്‍ ചെയ്ത പദ്ധതിയുടെ പ്രവര്‍ത്തനമാണ് വഴിക്കുവെച്ച് നിന്നു പോയത്. അത് ഇപ്പോള്‍ പൂര്‍ണ്ണമായിട്ട് നിര്‍ത്തുന്നുവെന്ന് മാത്രമേ പറയാനുള്ളു.
എം.വി.ഗോവിന്ദന്‍

സില്‍വര്‍ലൈന്‍ സമരം, ചരിത്രം

63,000 കോടി രൂപ ചെലവിലാണ് സില്‍വര്‍ലൈന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിപിആര്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. പദ്ധതിച്ചെലവിനായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജൈക)യില്‍ നിന്ന് വായ്പയെടുക്കാനും 80 ശതമാനം വരുന്ന ഈ തുകക്ക് പുറമേ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ കൂടി ചേര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല വിധത്തിലുള്ള എതിര്‍പ്പുകള്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്നു. സാമ്പത്തികമായി ബാധ്യതയുണ്ടാക്കുമെന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ബ്രോഡ് ഗേജ് പാതക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയാണ് സില്‍വര്‍ലൈനില്‍ ഉപയോഗിക്കാന്‍ പദ്ധതിയിട്ടത്. ഇതും വിവാദത്തിന് കാരണമായി.

ഉയര്‍ന്ന പദ്ധതിച്ചെലവില്‍ നിര്‍മിക്കുന്ന സില്‍വര്‍ലൈനിന്റെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതായിരിക്കുമെന്ന് ആരോപണം ഉയര്‍ന്നു. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കി ലാന്‍ഡ് സര്‍വേ നടപടികള്‍ തുടങ്ങിയതോടെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. സര്‍വേക്കായി വീടുകളിലും പുരയിടങ്ങളിലും സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പിഴുത് മാറ്റിക്കൊണ്ടുള്ള സമരങ്ങള്‍ നടന്നു. പലയിടത്തും പൊലീസ് നടപടികള്‍ വിവാദമായി. ഇതിനിടയില്‍ ഡിപിആറില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നീട്ടിവെച്ചു. വ്യക്തമായ നിലപാട് പറയാതെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയതും പദ്ധതിയില്‍ അനിശ്ചിതത്വമുണ്ടാക്കി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ പദ്ധതി നടപ്പാകില്ലെന്ന് വ്യക്തമായിരുന്നു.

പകരം എന്ത്?

സില്‍വര്‍ലൈന്‍ റദ്ദാക്കപ്പെടുമ്പോള്‍ പകരം എന്ത് സംവിധാനമാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുകയെന്ന ചോദ്യവും പ്രസക്തമാണ്. തെരഞ്ഞെടുപ്പിന് മുന്‍പായി ഇ.ശ്രീധരന്‍ ആര്‍ആര്‍ടിഎസ് പദ്ധതിയുമായി രംഗത്ത് വരികയും ഓഫീസ് തുറക്കുകയും ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി ഇതിന് ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ച് പാരിസ്ഥിതികവും സാമ്പത്തികവുമായി കേരളത്തിന് ബാധ്യത വരുത്താത്ത പദ്ധതി കൊണ്ടുവരണമെങ്കില്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. എന്നാല്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ അതിനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഹൈസ്പീഡ് റെയിലിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും.

എന്തുകൊണ്ടാണ് കേരളം ആ രാഷ്ട്രീയ പുഞ്ചിരിയെ ഒരു ഇമോഷണല്‍ മീം ആക്കി മാറ്റിയത്?

'ഡോസ്' ലോകത്തിന്റെ പല ഭാഗത്തും നടന്നിട്ടുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമ: അഭിലാഷ് ആര്‍. നായർ

പുതിയ സര്‍ക്കാരിന് കീഴില്‍ കിഫ്ബിക്ക് എന്ത് സംഭവിക്കും? Money Maze

മോദിയോട് ചോദ്യം ചോദിച്ച, X ഇളക്കി മറിച്ച ഹെല്ലെ ലിങ് ആരാണ്?

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

SCROLL FOR NEXT