വര്‍ണ്ണ വിവേചന പരാമര്‍ശത്തില്‍ മറുപടി പോസ്റ്റുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെയും മുന്‍ഗാമിയായ ഭര്‍ത്താവ് വി.വേണുവിന്റെയും പ്രവര്‍ത്തനങ്ങളെ കറുപ്പും വെളുപ്പുമായി താരതമ്യം ചെയ്ത പരാമര്‍ശത്തിലാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കറുപ്പാണ് സൗന്ദര്യമെന്നും ആ കറുപ്പ് തനിക്ക് സ്വീകാര്യമാണെന്നും കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നു. കറുപ്പിനെ മോശമായി കാണുന്ന പൊതുബോധത്തെയും അതില്‍ മുങ്ങി അപകര്‍ഷതയോടെ ജീവിക്കേണ്ടി വന്നതിനെക്കുറിച്ചും അവര്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഓഫീസില്‍ എത്തിയ സന്ദര്‍ശകന്‍ നടത്തിയ പരാമര്‍ശത്തിലാണ് ചീഫ് സെക്രട്ടറിയുടെ പോസ്റ്റ്.
പോസ്റ്റില്‍ പറയുന്നത്
ചീഫ് സെക്രട്ടറിയെന്ന നിലയില്‍ എന്റെയും എന്റെ ഭര്‍ത്താവിന്റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രസകരമായ ഒരു കമന്റ് കേള്‍ക്കാനിടയായി. എന്റെ പ്രവര്‍ത്തനം കറുപ്പും ഭര്‍ത്താവിന്റേത് കറുപ്പും എന്നായിരുന്നു ആ കമന്റ്. അതേക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നെങ്കിലും ചില പ്രതികരണങ്ങളെത്തുടര്‍ന്ന് അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതാണെന്ന ചിലരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അത് റീപോസ്റ്റ് ചെയ്യുകയാണ്.
എന്തുകൊണ്ടാണ് അത് വിളിച്ചു പറയേണ്ടി വരുന്നത്. ശരിയാണ് എനിക്ക് അതില്‍ വിഷമമുണ്ടായി. കഴിഞ്ഞ ഏഴുമാസമായി എന്റെ മുന്‍ഗാമിയോടുള്ള താരതമ്യങ്ങളുടെ ഘോഷയാത്രയാണ് നടന്നു വരുന്നത്. അതിനോട് ഒരുവിധത്തില്‍ ചേര്‍ന്നു പോകാന്‍ ഞാന്‍ തുടങ്ങിയിരുന്നു. ഒരു സ്ത്രീയെന്ന ആഖ്യാനത്തോടെ കറുപ്പ് എന്നത് എന്തോ അപമാനകരമായ ഒന്നായി അത് ചിത്രീകരിക്കപ്പെട്ടു. കറുപ്പെന്നാല്‍ ആ നിറം മാത്രമല്ല, ഒരിക്കലും നന്മ ചെയ്യാത്ത ഒന്നായി, ദുഷ്ടതയുടെ പര്യായമായി, സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായി ഇരുട്ടിന്റെ ആത്മാവായി മുദ്രകുത്തപ്പെട്ടു.
എന്തിനാണ് കറുപ്പിനെ ഇത്രയും നിന്ദിക്കുന്നത്. പ്രപഞ്ചത്തില്‍ എമ്പാടും നിറഞ്ഞു നില്‍ക്കുന്ന സത്യമാണ് കറുപ്പ്. എന്തിനെയും വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്ന്. മനുഷ്യരാശിയുടെ അറവിലുള്ള ഏറ്റവും ശക്തമായ ഊര്‍ജ്ജത്തുടിപ്പ്. എല്ലാവര്‍ക്കും ഒരുപോലെ ചേരുന്ന നിറം, ഓഫീസിലെ ഡ്രസ് കോഡ്, സായാഹ്ന വസ്ത്രങ്ങളുടെ അഴക്, കണ്മഷിയുടെ സത്ത, മഴയുടെ സത്യം.
എന്നെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്ത സുന്ദരിയായി വീണ്ടും ജന്മം നല്‍കുമോ എന്ന് നാലു വയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കുമായിരുന്നു. കറുപ്പ് മോശം നിറമാണെന്ന ആഖ്യാനങ്ങളാല്‍ മൂടപ്പെട്ട് 50 വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു. ആ ആഖ്യാനങ്ങളില്‍ പെട്ട് കറുപ്പിന്റെ മൂല്യവും സൗന്ദര്യവും കാണാന്‍ എനിക്ക് കഴിഞ്ഞില്ല. വെളുത്ത ചര്‍മത്തില്‍ ആകൃഷ്ടയായി വെളുത്തതെല്ലാം നല്ലതാണെന്ന ബോധ്യത്തില്‍ ജീവിച്ചു. അവയിലൊന്നും ചേരാന്‍ കഴിയാത്ത, കുറഞ്ഞയാളാണ് ഞാനെന്ന ധാരണയില്‍ കഴിഞ്ഞു.
എന്റെ കുട്ടികളാണ് ആ തെറ്റിദ്ധാരണ മാറ്റിയത്. അവര്‍ കറുപ്പിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു. ഞാന്‍ സൗന്ദര്യം കാണാത്തിടത്ത് അവര്‍ സൗന്ദര്യം കാണുന്നു. കറുപ്പ് ഗംഭീരമെന്ന് അവര്‍ വിശ്വസിക്കുന്നു. കറുപ്പ് സുന്ദരമാണെന്ന് അവര്‍ എനിക്ക് കാട്ടിത്തരുന്നു.