മവാസോ എന്ന പേരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മാര്‍ച്ച് 1, 2 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ നടത്തുന്നത്. പുതിയ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനും സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും വ്യവസായ- അക്കാദമിക് വിദഗ്ദ്ധരെ പരിചയപ്പെടാനും അവരില്‍നിന്ന് അറിവ് നേടാനുമുള്ള ഒരവസരം എന്ന നിലയിലാണ് ഈ പരിപാടി നടത്തുന്നത് എന്ന് ഡിവൈഎഫ് നേതൃത്വം അറിയിച്ചു.
വിവിധ വകുപ്പ് മന്ത്രിമാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ. ഒ അനൂപ് അംബിക, മുന്‍ വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പിന്റെ സ്ഥാപകനായ വി കെ സി മമ്മദ് കോയ, ഇന്ത്യന്‍- ചൈനീസ് കമ്പനികളെ പോലും വെല്ലുവിളിക്കുന്ന സ്വതന്ത്ര ട്രാക്കിംഗ് സിസ്റ്റമുള്ള കമ്പനിയായി വളര്‍ന്ന ട്രാന്‍സൈറ്റിന്റെ ചെയര്‍മാനായ ജിസ് ജോര്‍ജ്, ജീന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് എന്ന റിസര്‍ച്ച് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിമല്‍ ഗോവിന്ദ്, മാതൃഭൂമി ഡിജിറ്റല്‍ വിഭാഗം തലവന്‍ മയൂര ശ്രേയാംസ്‌കുമാര്‍, മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറായ ജോണി ലൂക്കോസ് എന്നിങ്ങനെ നിരവധി പ്രഗത്ഭര്‍ മവാസോയില്‍ എത്തും. കേരളത്തില്‍ നിന്നുള്ള മറ്റ് പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യന്‍, റമീസ് അലി, ദേവിക ചന്ദ്രശേഖരന്‍, സംഗീത അഭയ് സജീഷ് കെ.വി., അഫ്‌സല്‍ സാലു, ഡോ. മഞ്ജു വാസുദേവ് തുടങ്ങി നിരവധിപേരും പരിപാടിയില്‍ അതിഥികളായെത്തും.
കലാധിഷ്ഠിതമായ ആശയങ്ങള്‍ ബിസിനസ് തന്ത്രങ്ങളുമായി സംയോജിപ്പിച്ച് പരിസ്ഥിതി സൗഹൃദമായ വീട്ടുപകരണങ്ങള്‍, ഓഫീസ് സ്റ്റേഷനറി വസ്തുക്കള്‍, ഡിസൈനര്‍ ബാഗുകള്‍, കരകൗശല വസ്തുക്കള്‍ അങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ ഇറാലൂം എന്ന കമ്പനിയുടെ സ്ഥാപകയായ ഹര്‍ഷ പുതുശ്ശേരിയും മവാസോയോയുടെ അതിഥിയാണ്. കണ്ടുപിടിത്തങ്ങളും നൂതനമായ ആശയങ്ങളും ആരുടെയെങ്കിലുമൊക്കെ ഉള്ളില്‍ ഒളിഞ്ഞു കിടക്കേണ്ട നാടല്ല കേരളം.
പിച്ചിങ് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട വര്‍ക്‌ഷോപ്പുകള്‍, വിദഗ്ധരുടെ സംഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്റ്റാര്‍ട്ടപ്പ് ഉല്‍പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന എക്‌സിബിഷന്‍ ബൂത്തുകള്‍ എന്നിവ രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. പിച്ചിങ് മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ചു ടീമുകള്‍ക്ക് അര ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. മവാസോ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഫെസ്റ്റിവലിന്റെ ഭാഗമായി യൂത്ത് സ്റ്റാര്‍ട്ടപ്പ് ഐക്കണ്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015ന് ശേഷം സ്ഥാപിച്ച 45 വയസ്സിനു താഴെയുള്ള സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്ക് നേരിട്ടോ സുഹൃത്തുക്കള്‍ക്ക് അവാര്‍ഡിനായി വെബ്‌സൈറ്റ് വഴി നോമിനേഷന്‍ സമര്‍പ്പിക്കാം.
യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവിലിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെ വിവിധ കോളേജുകളില്‍ സംരംഭക മേഖലയെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്‌സ് അടക്കം നൂതനമായ വിഷയങ്ങളാണ് പ്രീ ഇവന്റുകളില്‍ കൈകാര്യം ചെയ്യുന്നത്.