സുരക്ഷിതമായി പിടികൂടിയത് 48,000ല്‍ പരം പാമ്പുകളെ; നാല് വര്‍ഷം പൂര്‍ത്തിയാക്കി സര്‍പ്പ പ്രൊജക്ട്

സുരക്ഷിതമായി പിടികൂടിയത് 48,000ല്‍ പരം പാമ്പുകളെ; നാല് വര്‍ഷം പൂര്‍ത്തിയാക്കി സര്‍പ്പ പ്രൊജക്ട്
Published on

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച സര്‍പ്പ പ്രൊജക്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ജനവാസമേഖലകളില്‍ എത്തുന്ന അപകടകാരികളായ വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യ സാന്നിധ്യമില്ലാത്ത വനപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പാമ്പുകടി മരണങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് പദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സര്‍പ്പ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. പാമ്പു പിടിത്തത്തില്‍ വിദഗ്ദ്ധ പരിശീലനം കിട്ടിയ വോളണ്ടിയര്‍മാരുടെ സംഘമാണ് പ്രോജക്ടിന്റെ പ്രത്യേകത. പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ കൂടുതലും വനത്തിന് പുറത്തുവെച്ചാണെന്ന വസ്തുതയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സര്‍പ്പ ആപ്പും പരിശീലനം കിട്ടിയ വോളണ്ടിയര്‍മാരുമാണ് സര്‍പ്പ പ്രോജക്ടിലുള്ളത്. പദ്ധതിയുടെ ഭാഗമായി ആറായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കുകയും 2800 പേര്‍ക്ക് പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് നല്‍കുകയും ചെയ്തു. 24 മണിക്കൂറും വോളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 48,000ല്‍പരം പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ സര്‍പ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനവാസ മേഖലകളില്‍ പാമ്പുകളെ കണ്ടാല്‍ അവയുടെ ചിത്രം സര്‍പ്പ ആപ്പിലൂടെ എടുത്ത് പോസ്റ്റ് ചെയ്താല്‍ മതിയാകും. ഏറ്റവും അടുത്തുള്ള സര്‍പ്പ വോളണ്ടിയര്‍ അവിടെയെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി അടുത്തുള്ള വനംവകുപ്പ് ഓഫീസില്‍ ഏല്‍പിക്കും.

സര്‍പ്പ വോളണ്ടിയര്‍മാര്‍ക്ക് പണം നല്‍കേണ്ടതുണ്ടോ?

പാമ്പുകളെ പിടികൂടാന്‍ എത്തുന്ന സര്‍പ്പ വോളണ്ടിയര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് വോളണ്ടിയര്‍മാര്‍. അവരില്‍ പൊലീസുകാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. വോളണ്ടിയര്‍മാരെ ഫോണില്‍ വിളിക്കേണ്ട ആവശ്യം പോലും സര്‍പ്പ ആപ്പില്‍ ഇല്ല. ആപ്പില്‍ ഫോട്ടോ ഇട്ടാലുടന്‍ തന്നെ പാമ്പിനെ കണ്ടെത്തിയ പ്രദേശത്തിന് അടുത്തുള്ള വോളണ്ടിയര്‍മാര്‍ക്ക് വിവരം ഉടന്‍ ലഭിക്കുന്ന വിധത്തിലാണ് അത് തയ്യാറാക്കിയിരിക്കുന്നത്.

പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇത്തരം കാര്യങ്ങളിലുള്ള ബോധവല്‍ക്കരണവും പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളും സര്‍പ്പ ആപ്പിലുണ്ട്. വിഷപ്പാമ്പുകളെ കണ്ടാല്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളും ആപ്പില്‍ നല്‍കിയിരിക്കുന്നു.

സര്‍പ്പ പ്രോജക്ടിലൂടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019ല്‍ 123 പേരാണ് കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത്. 2024ല്‍ ഇത് 30 ആയി കുറയ്ക്കാന്‍ സാധിച്ചു. സര്‍പ്പ പ്രോജക്ടിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം എന്ന ഒരു പദ്ധതി കൂടി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പാമ്പുകടി മരണങ്ങള്‍ പകുതിയായി കുറയ്ക്കുകയും അഞ്ച് വര്‍ഷത്തിനുള്ളില്‍ പാമ്പുകടി മരണങ്ങള്‍ പൂര്‍ണ്ണമായും തടയുകയുമാണ് ലക്ഷ്യം. ഇതിനായി വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ദുരന്തനിവാരണം എന്നീ വകുപ്പുകള്‍ സഹകരിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ആന്റിവെനം ലഭ്യമാക്കുക, പഞ്ചായത്ത് തലത്തില്‍ റെസ്‌പോണ്‍സ് ടീമുകള്‍ സജ്ജമാക്കുകയും തദ്ദേശീയമായി ആന്റിവെനം ഉത്പാദിപ്പിക്കുന്നതിനും അടക്കം വിവിധ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in