കാറപകടത്തില്‍ സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും കൊല്ലപ്പെട്ടിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഏറെക്കാലം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇതിനിടയില്‍ വിവാദങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഉണ്ടായി. ബാലഭാസ്‌കറിന്റെ കുടുംബം നടത്തിയ പരാമര്‍ശങ്ങള്‍ അടക്കം വാര്‍ത്തയും വിവാദവുമായി. അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുനും എന്നാല്‍ അര്‍ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കി. അര്‍ജുന്റെ വാദങ്ങള്‍ വിവാദമായി മാറിയിരുന്നു. ഈ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ചുകൊണ്ട് ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ടുണ്ടായ പ്രചാരണങ്ങളെയെല്ലാം മനോരമ ന്യൂസ് അഭിമുഖത്തില്‍ ലക്ഷ്മി നിഷേധിച്ചു.
ലക്ഷ്മിയുടെ വാക്കുകള്‍
വിവാദങ്ങളുണ്ടാക്കുന്നവര്‍ ഇനിയും പറയും. കണ്ടത് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ. അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ എനിക്ക് പറയാനാകൂ. ഊഹാപോഹങ്ങള്‍ പറയാനോ മറ്റാരെങ്കിലും പറഞ്ഞത് കേട്ട് പറയാനോ കഴിയില്ല. എന്റെ ഭര്‍ത്താവിന്റെയോ മകളുടെയോ മരണത്തിനൊപ്പം കുറ്റം ചെയ്യാത്ത ആരുടെയും കണ്ണുനീരുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമില്ല. സത്യസന്ധമായിട്ട് ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക, ഇല്ലെങ്കില്‍ കുറ്റവാളികള്‍ ആകാതിരിക്കുക. ഇതാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഒരു മുടക്കവും വരുത്താതെ മൊഴി കൊടുക്കുന്നത്. ശാരീരികമായി പ്രശ്‌നങ്ങളുണ്ട്. കാലിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്.
അന്ന് നടന്നത്
അത് ഞങ്ങളുടെ ഒരു വ്യക്തിപരമായ യാത്രയായിരുന്നു. മകളുടെ ഒരു നേര്‍ച്ചയ്ക്ക് വേണ്ടി. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. പ്രസവത്തിന് ശേഷം ഇടക്കിടെ മഞ്ഞപ്പിത്തം വരുമായിരുന്നു. തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ ഒരു നേര്‍ച്ചയുണ്ടായിരുന്നു. ചിലപ്പോള്‍ അതിന് പോകാന്‍ പറ്റില്ലെന്ന് കരുതിയതാണ്. ബാലു നാട്ടിലുണ്ടായിരുന്നു. മോളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യാമെന്ന് ബാലു പറഞ്ഞു. നേര്‍ച്ചയായതുകൊണ്ട് പോയി. നേര്‍ച്ച കഴിഞ്ഞപ്പോള്‍ രാത്രി അധികം വൈകാത്തതുകൊണ്ട് തിരിച്ചതാണ്. അല്ലെങ്കില്‍ അവിടെ തങ്ങുമായിരുന്നു. ബാലുവിന് തിരികെ തിരുവനന്തപുരത്ത് എത്തി ചില ജോലികള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് തിരിച്ചതാണ്. എനിക്ക് ട്രാവല്‍ സിക്‌നെസ് ഉള്ളയാളാണ്. കാറിന്റെ മുന്‍സീറ്റില്‍ മോളെയും മടിയില്‍ വെച്ച് കണ്ണടച്ചിരിക്കുകയായിരുന്നു. മോഷന്‍ സെന്‍സിംഗ് ഇല്ലാതിരിക്കാന്‍ കണ്ണടച്ചിരിക്കുകയാണ് ചെയ്യുക. അന്നും അങ്ങനെ തന്നെയായിരുന്നു. കുറച്ചു ദൂരം വന്നിട്ടുണ്ട്. അതിന് ശേഷം കാര്‍ നിര്‍ത്തിയിരുന്നു. ഡ്രൈവ് ചെയ്തിരുന്ന ആളുടെ പേര് അര്‍ജുന്‍. ഡ്രൈവര്‍ പുറത്തിറങ്ങി. ബാലു പിന്നിലെ സീറ്റിലുണ്ട്. ആ കടയില്‍ നിന്ന് ഡ്രിങ്ക്‌സൊക്കെ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു.
അര്‍ജുന്‍ അത് ബാലുവിന് കൊണ്ടുവന്നു കൊടുക്കുമ്പോള്‍ ബാലു എന്നോടു ചോദിച്ചു, നിനക്കെന്തെങ്കിലും വേണോ എന്ന്. വേണ്ട എന്ന് പറഞ്ഞു. നമ്മളിപ്പോള്‍ എത്താറായോ എന്ന് ചോദിച്ചു. ഇനി അധികം വൈകില്ല, എത്താറായി എന്ന് ബാലു പറഞ്ഞു. എനിക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ അര്‍ജുന്‍ കാറില്‍ കയറി, ഡോര്‍ അടച്ചു, ഞാന്‍ കണ്ണടച്ചു, ഞാനൊന്ന് കിടക്കട്ടെ എന്ന് ബാലു പറയുന്നുണ്ടായിരുന്നു. ബാലു റെസ്റ്റ് എടുക്കുന്നതിന് വേണ്ടി കിടക്കുകയായിരുന്നു. പിന്നെ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി. എനിക്ക് സമയമൊന്നും അറിയിച്ച. എനിക്ക് വളരെ അണ്‍യൂഷ്വല്‍ ആയിട്ട് ഒരു മൂവ്‌മെന്റ് ഫീല്‍ ചെയ്തിട്ടാണ് ഞാന്‍ കണ്ണു തുറക്കുന്നത്. കുറച്ചൊരു ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, വല്ലാത്തൊരു നിയന്ത്രണമില്ലാത്ത അവസ്ഥ. ഞാന്‍ കണ്ണുതുറക്കുമ്പോല്‍ പുറത്തുള്ള കാഴ്ചകള്‍ അത്ര വ്യക്തമല്ല. പക്ഷേ അകത്ത് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന അര്‍ജുന്‍ ആകെ പകച്ച് വണ്ടിയുടെ കണ്‍ട്രോള്‍ കയ്യിലില്ലാത്തതുപോലെ ഇരിക്കുകയായിരുന്നു. കുറച്ചു സെക്കന്‍ഡുകളുടെ ഓര്‍മയാണ്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ ഒച്ച പുറത്തുവന്നോ എന്ന് എനിക്ക് അറിയില്ല.
ഞാന്‍ ഗിയര്‍ബോക്‌സില്‍ കൈകൊണ്ട് നന്നായിട്ട് അടിക്കുന്നുണ്ടായിരുന്നു. അവിടെയെന്റെ ബോധം പോയി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. പിന്നെ ഞാന്‍ എത്രയോ ദിവസം കഴിഞ്ഞ് ആശുപത്രിയിലാണ് കണ്ണ് തുറക്കുന്നത്.
അന്ന് തങ്ങുമെന്ന് പറഞ്ഞിരുന്നില്ല. എന്റെ അസുഖം കാരണമാണ് പൂജ കഴിഞ്ഞ് വൈകുകയാണെങ്കില്‍ റെസ്റ്റ് ചെയ്ത്‌പോകാമെന്ന് ബാലു പറഞ്ഞത്. വൈകുന്നില്ലെങ്കില്‍ പുറപ്പെടാം, കാരണം ബാലുവിന് രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട്, സ്റ്റുഡിയോ വര്‍ക്ക് ഒക്കെയുണ്ട്. വര്‍ക്ക് അടുത്ത ദിവസത്തേക്ക് മാറ്റുമ്പോള്‍ വീണ്ടും വൈകുമെന്നതുകൊണ്ടാണ്. ബാലഭാസ്‌കറിനെ അറിയുന്നവര്‍ക്ക് അറിയാം. അദ്ദേഹം ഒരു റുട്ടീന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് മാറില്ല. വൈകിയിരുന്നെങ്കില്‍ ഞങ്ങള്‍ പുറപ്പെടുമായിരുന്നില്ല. അല്ലാതെ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയൊന്നുമല്ല യാത്ര പുറപ്പെട്ടത്. സമ്മര്‍ദ്ദം ചെലുത്തി യാത്ര ചെയ്യിക്കാനൊന്നും ആര്‍ക്കും പറ്റുന്നയാളല്ല ബാലു.
അര്‍ജുന്‍ തന്നെയാണ് കാറോടിച്ചത്
മറ്റുള്ളവര്‍ക്ക് ആശയക്കുഴപ്പമുണ്ടായത് എങ്ങനെയാണെന്ന് അറിയില്ല. പക്ഷേ, അര്‍ജുന്‍ മൊഴി മാറ്റിയതാണ്. വ്യക്തമായിട്ടും മാറ്റിയിട്ടുളളതാണ്. അദ്ദേഹം ഹോസ്പിറ്റലിലുള്ള സമയത്തോ, അവിടുത്തെ ഡോക്ടര്‍മാരോടോ, ബാലുവിന്റെ സുഹൃത്തുക്കള്‍ സന്ദര്‍ശിച്ചപ്പോള്‍ അവരോടോ ഒന്നും അങ്ങനെയല്ല പറഞ്ഞത്. അയാള്‍ക്ക് പറ്റിപ്പോയി, ഉറങ്ങിപ്പോയി, കയ്യീന്ന് വണ്ടി പോയി എന്ന് തന്നെയാണ് അയാള്‍ പറഞ്ഞത്. ഇതൊന്നും അറിയാതെയാണ് എന്റെ ആദ്യത്തെ മൊഴി. ഞാന്‍ കറക്ടായിട്ട് പറഞ്ഞിട്ടുണ്ട്, അര്‍ജുന്‍ തന്നെയാണ് ഡ്രൈവ് ചെയ്തതെന്ന്. ബാലു പുറകിലായിരുന്നു. ബാലു എന്നോട് അവസാനം സംസാരിച്ചത് എന്റെ പുറകിലെ സീറ്റില്‍ ഇരുന്നിട്ടാണ്. ഞാനൊന്ന് കിടക്കട്ടെ എന്ന് പറഞ്ഞാണ് ബാലു എന്നോടുള്ള സംസാരം നിര്‍ത്തുന്നത്. അതില്‍ എനിക്ക് യാതൊരു കണ്‍ഫ്യൂഷനും വരില്ല. എനിക്ക് ബോധം മറയുന്നതിന് മുന്‍പുള്ള അവസാനത്തെ ഓര്‍മ അര്‍ജുന്റെ മുഖം തന്നെയാണ്, ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അര്‍ജുനാണ്. വണ്ടി കയ്യീന്ന് പോയിട്ട് പകച്ചുള്ള ഇരിപ്പായിരുന്നു. വണ്ടി ഓവര്‍ സ്പീഡിലായിരുന്നുവെന്ന് തന്നെയാണ് എനിക്കും മനസിലാകുന്നത്. കണ്ണടച്ചിരുന്നതുകൊണ്ട് വണ്ടിയുടെ സ്പീഡ് എനിക്ക് അളക്കാനായില്ല. എത്ര സ്പീഡിലാണെന്ന് എനിക്കറിയില്ല. പക്ഷേ, അത്യാവശ്യം സ്പീഡില്‍ ഹൈവേയില്‍ വരുന്ന വണ്ടിയാണല്ലോ. അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇടാത്തതിന്റെ പേരില്‍ ബാലുവിന്റെ കയ്യില്‍ നിന്ന് മുന്‍പ് വഴക്ക് കിട്ടിയിട്ടുള്ളയാളാണ്.
പലതവണ ബോധം വന്നു പോകുന്നുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും ഓര്‍മയില്ല. ബോധം വരുമ്പോള്‍ ഞാന്‍ ഐസിയുവിലാണ്. പക്ഷേ, ആശുപത്രിയാണ്, ഐസിയുവാണെന്ന് ഒരു നഴ്‌സിംഗ് സ്റ്റാഫിനോട് ചോദിച്ചാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. പക്ഷേ കയ്യും കാലുമൊക്കെ കെട്ടിവെച്ചിരിക്കുകയായിരുന്നു. ചെറിയൊരു മുറിവുണ്ട്, എഴുന്നേറ്റിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും, കിടന്നോളൂ എന്നാണ് അവര്‍ പറഞ്ഞത്. ആ സമയത്ത് ഞാന്‍ ബാലുവിനെ അന്വേഷിക്കുന്നുണ്ട്. ഫാമിലി എല്ലാവരും പുറത്തുണ്ടെന്നാണ് അവര്‍ ആദ്യം പറഞ്ഞ മറുപടി. ഇതെന്റെ മനസില്‍ പതിഞ്ഞിരുന്നു. ബാലു ഇല്ല എന്ന കാര്യം ഞാന്‍ അക്‌സെപ്റ്റ് ചെയ്യുന്നതേയില്ല. ബ്രെയിന്‍ ഇന്‍ജുറിയായതുകൊണ്ടാകാം. ഞാന്‍ ബാലുവിനെ കാണുന്നു, സംസാരിക്കുന്നു അങ്ങനെയൊരു സമാന്തര ലോകം നടക്കുന്നുണ്ട്. ആ അവസ്ഥ മാസങ്ങളോളം നീണ്ടു നിന്നു. കണ്ണ് തുറക്കുമ്പോള്‍ വേദന, അനുശോചനം അറിയിക്കുന്നവര്‍, ഉറങ്ങിയാല്‍ ബാലുവും കുട്ടിയും എന്റെയടുത്തുണ്ട്. യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കാന്‍ കുറച്ചു മാസങ്ങളെടുത്തു. അപ്പോഴേക്കും വിവാദങ്ങളും തുടങ്ങിയിട്ടുണ്ടായിരുന്നു.
ബാലുവിന്റെ മരണത്തെക്കുറിച്ച് എന്നോട് പറഞ്ഞത് ഓര്‍മയില്ല. ആശുപത്രിയില്‍ വെച്ചു തന്നെ ആരോ എന്നോട് പറഞ്ഞു. അത് അക്‌സെപ്റ്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഒരു സൈക്കോളജിസ്റ്റ് എന്നോട് സംസാരിക്കാന്‍ വന്നു. അവരെന്നോട് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവരോട് കടന്നുപോകാനൊക്കെ ഞാന്‍ ആവശ്യപ്പെട്ടു. അവരെന്നെ പറഞ്ഞ് വിഷമിപ്പിക്കുകയാണ് ഇനി വരുമ്പോള്‍ ഞാനുമായി സംസാരിക്കാന്‍ അനുവദിക്കരുതെന്ന് നഴ്‌സുമാരോട് പറഞ്ഞു. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനും സാധാരണ നിലയിലേക്ക് വരാനും എനിക്ക് അധികം സമയം കിട്ടിയില്ല. ആദ്യം മുതല്‍ തന്നെ മൊഴി കൊടുക്കുകയും മറ്റുമായി ഇറങ്ങേണ്ടി വന്നു. നിയമപരമായ പ്രൊസീഡിംഗ്‌സില്‍ എനിക്ക് ചെയ്യാന്‍ പറ്റകയെന്നത് എല്ലാം ഓര്‍ത്തെടുത്ത് പറയുകയെന്നതാണ്. എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലും മണിക്കൂറുകളോളം ഇരുന്ന് മൊഴി കൊടുത്തിട്ടുണ്ട്.
അർജുൻ മൊഴി മാറ്റിപ്പറഞ്ഞു
ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. അത് വെച്ചിട്ടും ബാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും തെളിവുകള്‍ വെച്ചിട്ടും അവര്‍ ഒരു തീരുമാനത്തില്‍ എത്തണമല്ലോ. അര്‍ജുന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പരിചയപ്പെട്ടതാണ്. ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായിരുന്ന ഒരു കുടുംബത്തിന്റെ ബന്ധുക്കളാണ്. ഇടയ്‌ക്കൊക്കെ കണ്ടിട്ടേയുള്ളു. വലിയ അടുപ്പമൊന്നും ആദ്യമുണ്ടായിരുന്നില്ല. ചെര്‍പ്പുളശേരി പൂന്തോട്ടത്തില്‍ ഞങ്ങള്‍ ഒരിക്കല്‍ പോയപ്പോള്‍ ഒരു കേസില്‍ പെട്ട് അര്‍ജുന്‍ അവിടെയുണ്ടായിരുന്നു. അന്ന് അയാളുടെ കഥ കേട്ടിട്ട് ബാലുവിന് വളരെയധികം വിഷമമുണ്ടായി. കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല. അറിയാതെ ഒരു സംഘത്തില്‍ പെട്ടുപോയതാണ് എന്നൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു. കേസില്‍ പെട്ടതിന് ശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒറ്റപ്പെടലുമൊക്കെ ബാലുവിനോട് സംസാരിക്കും. ബാലു ഇതൊക്കെ വിശ്വസിക്കുകയും ചെയ്തു. അയാള്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാനാണ് താല്‍പര്യം. വീട്ടിലുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ട്. എന്തെങ്കിലും ചെയ്യണം. അയാള്‍ക്ക് അറിയുന്നത് ഡ്രൈവിംഗാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായി ഡ്രൈവറുടെ ആവശ്യമില്ല. ചെറിയ ദൂരമൊക്കെയേ പോകേണ്ടതുള്ളു. ഒരു ഡ്രൈവര്‍ ഓണ്‍ കോള്‍ ആയാണ് അയാള്‍ തിരുവനന്തപുരത്തേക്ക് വരുന്നത്. തിരുവനന്തപുരത്ത് മുറിയെടുത്ത് താമസിക്കുകയായിരുന്നു.
അങ്ങനെയാണ് തൃശൂരേക്ക് അര്‍ജുന്‍ വരുന്നത്. പക്ഷേ ആദ്യത്തെ കുറച്ചു ദിവസം സത്യം പറയുകയും കുറ്റബോധം കാണിക്കുകയും ചെയ്തയാള്‍ തിരിച്ച് നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് മൊഴി മാറ്റിപ്പറഞ്ഞിട്ടാണ് പോയത്. അതിന് കാരണം ബാലു മരിച്ചു പോയി, അദ്ദേഹം ഒന്നും പറയില്ല, എന്റെ കാര്യം ഒരു ഉറപ്പുമില്ല, ബോധം വന്നിട്ടില്ല. അപ്പോള്‍ പിന്നെ തലയിലേക്കാക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞു കൊടുത്തതാവാം. എനിക്ക് അറിയില്ല. അര്‍ജുന്റെ കേസിന്റെ കാര്യം ബാലുവിന് അറിയാമായിരുന്നു. പക്ഷേ, ക്രിമിനലാണെന്ന് ബാലു വിശ്വസിച്ചില്ല. അതില്‍ പെട്ടിട്ടില്ലെന്ന അയാളുടെ മൊഴിയാണ് ബാലു വിശ്വസിച്ചത്. ഒന്നോ രണ്ടോ തവണ മാത്രമേ ബാലുവിന്റെ കൂടെ ഡ്രൈവറായി വന്നിട്ടുള്ളു. അപകടം കഴിഞ്ഞ് നാടു വിട്ടശേഷം ഒരു തരത്തിലുള്ള ബന്ധവുമില്ല. അതുമാത്രമല്ല, അര്‍ജുന്‍ ഞങ്ങള്‍ക്ക് എതിരെയൊക്കെ കേസും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. അയാളല്ല ഡ്രൈവ് ചെയ്തതെന്നും അയാള്‍ ഡ്രൈാവ് ചെയ്താണ് അപകടം വരുത്തിയെന്ന് വരുത്തിത്തീര്‍ക്കുന്നതാണെന്നും ഒക്കെ പറഞ്ഞാണ് കേസ് കൊടുത്തത്.
പ്രകാശ് തമ്പി ഫോൺ തന്നില്ല
ബാലുവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും പ്രകാശ് തമ്പിയുടെ കയ്യിലായിരുന്നു. അത് ആവശ്യപ്പെട്ടത് എന്റെ അമ്മയായിരുന്നു. അത് തമ്പിയുടെ കയ്യിലുണ്ടെന്ന് അറിഞ്ഞ്, വീട്ടില്‍ വരുമ്പോള്‍ ചോദിച്ചു. പേഴ്‌സൊക്കെ തിരിച്ചു കൊണ്ടുവന്നു കൊടുത്തു. ഫോണ്‍ ഉറപ്പായിട്ടും തരാം, കുറച്ചു ദിവസം കയ്യില്‍ വെച്ചോട്ടെയെന്ന് പറഞ്ഞു. കൊണ്ടുത്തരണം എന്നു പറഞ്ഞു. തരാമെന്ന് മറുപടിയും കിട്ടി. അതിനിടയിലാണ് കേസ് വരുന്നതും ഫോണ്‍ അയാളുടെ വീട്ടില്‍ നിന്ന് പിടിക്കപ്പെട്ടതായി അറിയുന്നതും. ബാലുവിന്റെ അപകട വാര്‍ത്ത എല്ലാവരും അറിഞ്ഞതാണ്. ആ ഫോണ്‍ വെച്ച് അയാള്‍ക്കൊന്നും ചെയ്യാനും കഴിയില്ല. പിന്നെ അതുവെച്ച് അയാള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുമില്ല. അതുകൊണ്ട് സംശയിച്ചൊന്നുമില്ല. പക്ഷേ അതിനിടയിലാണ് കേസൊക്കെ വരുന്നതും ഇവരൊക്കെ വേറൊരു റേഞ്ചിലേക്ക് മാറുന്നതും. ബാലുവിന് ഇഷ്ടം തോന്നുകയും വളരെ നന്നായി പെരുമാറുകയും ചെയ്യുന്നവരോട് പെട്ടെന്ന് അടുക്കും.
ഈ സുഹൃത്തുക്കള്‍ക്ക് മറ്റ് ഇടപാടുകളുണ്ടെന്ന് അറിഞ്ഞാല്‍ ബാലുവിന് അത് വലിയ ഷോക്കായിരിക്കും. അവരെ ഉപദേശിക്കാനും ഗൈഡ് ചെയ്യാനുമൊക്കെ ശ്രമിച്ചേക്കാം. നിയന്ത്രണത്തില്‍ വരാത്തവരാണെങ്കില്‍ വിട്ടുകളയും. എന്നാലും ഒരു സങ്കടമുണ്ടാകും. ഈ പ്രതിയാക്കപ്പെട്ട വ്യക്തിക്ക് യാത്ര പുറപ്പെട്ട ദിവസം അദ്ദേഹം ഹാപ്പി ബര്‍ത്ത്‌ഡേ അയച്ചിട്ടുണ്ട്. ബാലുവിന്റെ സാമ്പത്തിക ഇടപാടുകളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. പക്ഷേ അദ്ദേഹം ചില ആളുകള്‍ക്ക് കൊടുത്തിട്ടുള്ളത് എന്നോട് പറഞ്ഞിട്ടുണ്ട്. തിരിച്ചു കിട്ടിയ കാര്യം പറഞ്ഞിട്ടുണ്ട്. ബാങ്കില്‍ അതിന്റെ രേഖകളുമുണ്ട്. ചില കിട്ടാത്ത കടങ്ങളുണ്ട്. തിരിച്ചു തരുമോ എന്ന് അറിയില്ല. എഗ്രിമെന്റുള്ള ഒരു കടമുണ്ട്. സൗഹൃദത്തിന്റെ പേരില്‍ കൊടുത്തിട്ടുള്ള കടമുണ്ട്. അതൊക്കെ അവരെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആ പണം ആവശ്യപ്പെട്ട് ഞാന്‍ ആരെയും സമീപിച്ചിട്ടുമില്ല, ബാലുവിന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണമാണ് ഇരുന്നോട്ടെ എന്ന് പറഞ്ഞ് ആരും എനിക്ക് തന്നിട്ടുമില്ല.
കേസില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിക്ക് ബാലു പണം കൊടുത്തിട്ടുണ്ടെന്ന് അറിയുന്നു. എന്റെ കയ്യില്‍ അത് തിരികെ തന്നിട്ടില്ല. ആരും ആക്രമിച്ചതായി തോന്നിയിട്ടില്ല. അര്‍ജുന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു, അവന്‍ ഉറങ്ങിയതാണെന്ന് ബാലു തന്നെ പറഞ്ഞിട്ടുണ്ട്. ഡോക്ടറോട് പറഞ്ഞിട്ടുണ്ട്. മറ്റെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ബാലു തന്നെ അത് പറയുമായിരുന്നു. കലാഭവന്‍ സോബി പറഞ്ഞതുപോലെയൊന്നും ഞങ്ങളുടെ കാറില്‍ നടന്നിട്ടില്ല. അപകടത്തില്‍ പെടുന്നതിന് തൊട്ടു മുന്‍പ് വരെ ഞാന്‍ ബോധത്തോടെയുണ്ടായിരുന്നു. ഞാന്‍ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ്. എന്റെ ഭര്‍ത്താവും കുട്ടിയുമാണ് എന്റെ ആദ്യ പരിഗണനകള്‍. അവരുടെ കാര്യത്തില്‍ എന്തെങ്കിലും തുറന്നു പറയുന്നതിലോ പറയാതിരിക്കാനോ ആര്‍ക്കും എന്നില്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. ആരെങ്കിലും കാരണമാണ് എന്റെ ഭര്‍ത്താവിനും കുട്ടിക്കും എന്തെങ്കിലും സംഭവിച്ചതെന്ന് തോന്നിയാല്‍ അത് പുറത്താക്കിയിരിക്കും. അതിനായി ഏതറ്റംവരെയും പോകും. എന്റെ കുടുംബത്തിന്റെ നഷ്ടത്തില്‍ എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണ്.
അന്വേഷണ ഏജന്‍സികള്‍ എല്ലാ മേഖലകളും കവര്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി വരുന്ന ഒരു തലമുറ തന്നെപ്പോലെ ഒരു വയലിനിസ്റ്റാകണമെന്ന്, ഒരു സംഗീതജ്ഞനാകണമെന്ന് പറയണമെന്ന് പല അഭിമുഖങ്ങളിലും ബാലു പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് പകരം അദ്ദേഹം വിവാദങ്ങളുടെ കേന്ദ്രമായി. വിവാദങ്ങള്‍ ദുരൂഹത. അത് എന്നെ, ബാലുവിനെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്. ബാലുവിന്റെ വീട്ടുകാര്‍ക്ക് സംശയമുണ്ടായി. അതില്‍ തൃപ്തരല്ലാത്തതുകൊണ്ട് ക്രൈംബ്രാഞ്ചിലേക്കും സിബിഐയിലേക്കും പോയി. അതിന്റെ കണ്ടെത്തലുകളെക്കുറിച്ച് അറിയില്ല. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ ആരാണ് തയ്യാറാവുക. എന്റെ മൊഴികിട്ടാതെ ഏത് അന്വേഷണ ഏജന്‍സിക്കാണ് അന്വേഷണം അവസാനിപ്പിക്കാനാകുക. അന്വേഷണം ബോയ്‌ക്കോട്ട് ചെയ്തുവെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറയാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ നേരിട്ടയാളാണ് ഞാന്‍.
വിവാഹത്തിന് ശേഷം ബാലുവിന്റെ വീട്ടുകാരുമായി നീണ്ടകാലം പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാലു മാത്രമേ പിന്നീട് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നോടുള്ള ഇഷ്ടക്കേടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അത് ചിലരില്‍ നിന്ന് പ്രതീക്ഷിച്ചു, ചിലരില്‍ നിന്ന് പ്രതീക്ഷിച്ചില്ല. എന്നെ മുന്നോട്ടു കൊണ്ടുപോകുക എന്നതില്‍ മാത്രമാണ് ഇനി എന്റെ പോരാട്ടം. മറ്റൊന്നിലും പോരാടാന്‍ ഉദ്ദേശിക്കുന്നില്ല.