സിപിഎം സമ്മേളനങ്ങളില്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാര്‍ടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ടി സമ്മേളനങ്ങളില്‍ വരാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ്.
മറ്റൊരു ഭാഗത്ത് പൊലീസ് സേനയ്ക്ക് എതിരെയുള്ള ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളുടെ മറവില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ യുഡിഎഫ്- -ബിജെപി നേതാക്കളും ചില വര്‍ഗീയ സംഘടനകളും ഇറങ്ങിയിട്ടുണ്ട്. യുഡിഎഫ്- -ബിജെപി ഭരണങ്ങളില്‍നിന്ന് എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസ് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ, പൊലീസിനെ നിയന്ത്രിക്കുന്ന ഭരണനയത്തിലെ എല്‍ഡിഎഫ് മികവ് എന്ത്, പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സിപിഐ എം സമീപനം എന്ത്- എന്നീ കാര്യങ്ങള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത് പ്രസക്തമാണെന്ന് കരുതുന്നുവെന്നും ദേശാഭിമാനി പ്രതിവാര പംക്തിയായ 'നേര്‍വഴി'യില്‍ കോടിയേരി.
കോടിയേരി പറയുന്നു
ഏത് സര്‍ക്കാരിന്റെ കാലത്തും പൊലീസ് പ്രവര്‍ത്തനത്തില്‍ ആക്ഷേപങ്ങളുണ്ടാകാം. അമ്പതിനായിരത്തിലധികം പേരുള്ള സേനയാണ് ഇത്. ആക്ഷേപങ്ങളുണ്ടായാല്‍ സമയോചിതമായി ഇടപെട്ട്, മര്യാദയ്ക്ക് അന്വേഷിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കുകയാണ് വേണ്ടത്. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സമാധാനകേരളമായി നമ്മുടെ സംസ്ഥാനത്തെ പരിരക്ഷിക്കുന്നതിന്റെ പ്രധാന ഉപാധി എല്‍ഡിഎഫ് ഭരണത്തിന്റെ മികവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുമാണ്. ഈ വിഷയത്തില്‍ കേരള പൊലീസ് ഇന്ന് വഹിക്കുന്ന പങ്കും വിലമതിക്കേണ്ടതാണ്. യുഡിഎഫിന്റെ ഭരണകാലത്ത് എത്രയെത്ര വര്‍ഗീയകലാപങ്ങളാണ് നമ്മുടെ നാട്ടില്‍ നടന്നത്. തലശേരിമുതല്‍ മാറാടുവരെ. അതുണ്ടാകുന്നത് ഭരണത്തിലെ വര്‍ഗീയചേരിതിരിവ് പൊലീസ് നടപടികളെയും സ്വാധീനിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. എന്നാല്‍, മതനിരപേക്ഷതയില്‍ ഊന്നിയ ഭരണനയം ഇന്ന് ധീരമായി നടപ്പാക്കുന്നതിനാല്‍ പൊലീസിലും ഭരണനടപടികളിലും മത-സമുദായ ചേരിതിരിവ് ഉണ്ടാകുന്നില്ല.