

ശ്രീനിവാസനില്‍ രണ്ട് ശ്രീനിവാസനുണ്ട്. ജീനിയസായ ശ്രീനിവാസനും രസികനായ ശ്രീനിവാസനും. സര്‍വ്വം സര്‍ക്കാസ്റ്റിക്കായി കണ്ട് സ്വയം ചിരിച്ചും ചിരിപ്പിച്ചും ലോകത്തെ രസിപ്പിച്ച ശ്രീനിവാസന്‍ സുപ്രസിദ്ധനായിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ വിലയിരുത്തല്‍ ഭൂരിഭാഗവും ആ വഴിക്കു തിരിഞ്ഞു പോയി. ഗഹനമായ ബൗദ്ധികത ചിരിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന തന്ത്രം അദ്ദേഹം തുടരുകയും ചെയ്തു.
രചന, സംവിധാനം ശ്രീനിവാസന്‍ എന്നു കാണുന്ന സിനിമകളില്‍ തന്റെ മാധ്യമത്തെ ആഴത്തില്‍ മനസിലാക്കിയ ഒരു മാസ്റ്ററുടെ അടയാളപ്പെടുത്തലുണ്ട്. സാമ്പത്തിക ശാസ്ത്ര ബിരുദത്തോടൊപ്പം നാടകവും ഹൃദയത്തിലാവാഹിച്ച യൗവ്വനം മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയതും സിനിമാഭിനയത്തില്‍ ഡിപ്ലോമ എടുത്തതും തമാശക്കല്ല, അതൊരു പാഷനായിരുന്നു. പി. എ. ബക്കറിന്റെ മണിമുഴക്കത്തില്‍ ആദ്യമായി വച്ച ചുവട് മലയാള സിനിമയിലെ മാസ്റ്റര്‍മാരായ കെ.ജി. ജോര്‍ജ്, അരവിന്ദന്‍ എന്നിവരിലേക്ക് നീട്ടിവക്കാന്‍ ശ്രീനിവാസന് സാഹചര്യമുണ്ടായി.
അവരോടൊപ്പമുള്ള അനുഭവവും പരിശീലനവും മുതല്‍ക്കൂട്ടായത് അഭിനയത്തേക്കാള്‍ രചനയിലാവണം. മേളയുടെ തിരക്കഥയില്‍ കെ.ജി.ജോര്‍ജിനോടൊപ്പമുണ്ടായ പങ്കാളിത്തത്തിന്റെ കായ്ഫലം കൃത്യം പാകമായതിന്റെ തെളിവാണ് ശ്രീനിവാസന്റെ സൂപ്പര്‍ ഹിറ്റായ തിരക്കഥകള്‍. തീരെ ചെറിയ ഒരു സംഭവത്തില്‍ നിന്ന് ശില്പഭദ്രമായ കഥ വികസിപ്പിച്ചെടുക്കുന്ന ശ്രീനിവാസന്റെ സിദ്ധി പണിയറിയുന്ന പണിക്കാരന്റെ തഴക്കം വെളിപ്പെടുത്തി.
ശ്രീനിവാസന്റെ രചനയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ഒരു കാലത്ത് ജനപ്രിയ മലയാള സിനിമയിലെ വിജയത്തിന്റെ ചേരുവയായി. ടി.പി.ബാലഗോപാലന്‍ എം.എ മുതല്‍ ആ ഹിറ്റ് കോമ്പിനേഷന്‍ തുടങ്ങുന്നു. ഗാന്ധിനഗര്‍ സെക്കന്റ്‌സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്പ്, തലയണമന്ത്രം എന്നിങ്ങനെ ഓര്‍ത്താലോടി വരുന്ന സിനിമകളുടെ കഥ വികസിപ്പിച്ചെടുത്ത രീതി നിരീക്ഷണാര്‍ഹമാണ്. പ്രിയദര്‍ശനൊപ്പം പങ്കുചേര്‍ന്ന, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം, കമലിനൊപ്പമുള്ള മഴയെത്തും മുന്‍പേ - തുടങ്ങിയ സിനിമകളില്‍ വൈദഗ്ധ്യവും സൂക്ഷ്മതയുമുള്ള തിരക്കഥയുടെ ബലമുണ്ട്. ആ കഥകളില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരാകട്ടെ, പലരുടെയും ആത്മകഥകളോടു ചേര്‍ന്നു നിന്നു.
'കട്ടന്‍ ചായയും പരിപ്പുവടയും' 'താത്വിക അവലോകനവും, 'അന്തര്‍ധാരയും' 'പോളണ്ടും' ഒക്കെ എന്തെന്നറിയില്ലയെങ്കില്‍ പോലും 90 കിഡ്‌സിനു മാത്രമല്ല, ശേഷം പിറന്ന ജെന്‍സികള്‍ക്കും അത് കാണാപാഠമായി. ശങ്കരാടി മീം ആഗോള മലയാളികളുടെ സര്‍ക്കാസത്തിന്റെ നിത്യഹരിത ഐക്കണായി.
കഥ, തിരക്കഥ, സംഭാഷണത്തില്‍ നിന്ന് ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടന്ന 'വടക്കുനോക്കിയന്ത്രം' സ്വന്തം രചനാപാടവം സ്വയമേവ പരീക്ഷിച്ചു നോക്കിയ ലിറ്റ്മസ് പേപ്പറായിരുന്നു. തളത്തില്‍ ദിനേശനായ ശ്രീനിവാസന്‍ കേരളത്തിലെ മധ്യവര്‍ഗപുരുഷന്റെ പരിച്ഛേദം തന്നെയാണ്. പിന്നീട് സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ് തളത്തില്‍ ദിനേശനില്‍ നിന്നുള്ള മലയാളി പുരുഷന്റെ പരിണാമ ചരിത്രം കൂട്ടിമുട്ടിക്കുന്നു. അതിനിടയില്‍ തിരയില്‍ പ്രത്യക്ഷപ്പെട്ട പൊക്കവും നിറവും ഇല്ലാത്ത, അപകര്‍ഷതയുളള, ആത്മവിശ്വാസം ഇല്ലാത്ത, ഭയമുള്ള, പതറുന്ന നിസ്സഹായതയുള്ള, പൊങ്ങച്ചമുള്ള, ആണഭിമാനമുള്ള, പെണ്‍കോന്തനെന്ന ആക്ഷേപമുള്ള, തൊഴില്‍ രഹിതനായ, മറ്റുള്ളവര്‍ക്ക് കോമാളിയാണെന്നു തോന്നുന്ന ശ്രീനിവാസന്റെ ആണ്‍ കഥാപാത്രങ്ങള്‍ ഭൂരിപക്ഷ മലയാളി പുരുഷന്‍ തന്നെത്തന്നെ കാണുന്ന കണ്ണാടിയാണ്. പരിമിതികളില്‍ സ്വയം ചിരിക്കാനും തെല്ലാശ്വസിക്കാനും കുറവുകളെ ന്യായീകരിക്കാനും ഉതകുന്ന കഥാപാത്രാവിഷ്‌കാരങ്ങള്‍.
എടാ ദാസാ എന്നു വിളിക്കുന്ന വിജയനും ചെമ്പുമാല നല്കിയ തട്ടാന്‍ ഭാസ്‌കരനും പവിഴമല്ലി പൂത്തുലഞ്ഞ പാടുന്ന ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രനും കടുക്കനിട്ട കൂട്ടുകാരന്‍ ബാലനും ക്യൂബ മുകുന്ദനും അപ്പക്കാളയും സരോജ് കുമാറും അംബുജാക്ഷനും അടക്കം എത്രയോ കഥാപാത്രങ്ങള്‍ കേരള സമൂഹത്തോട് അതിവേഗം കണക്ടായി. ഇടിച്ചും മല്ലടിച്ചു ജയിച്ചും അതിമാനുഷികരാവാത്ത തന്റെ കഥാപാത്രങ്ങള്‍ക്കായി ഒരു ശരീരഭാഷ തന്നെ അദ്ദേഹം സൃഷ്ടിച്ചു. മുഖഭാവം, കൈ ചലനങ്ങള്‍, നടപ്പ്, ഇരിപ്പ് എന്നിവ ശ്രദ്ധിച്ചാലറിയാം. അവയിലെല്ലാം ഒരു അതിശയോക്തി ഉണ്ട്. നാടകം ഇഷ്ടപ്പെടുന്ന ഒരു നടന്‍ സൃഷ്ടിച്ച മാനറിസങ്ങളാവാമത്. കണ്ടാല്‍ ചിരിക്കുമെങ്കിലും അത് മര്‍മ്മത്തുകൊള്ളും. എന്തായാലും കൈക്കരുത്ത് ദൃശ്യപ്പെടുത്തുന്ന സാമ്പ്രദായിക ആണ്‍ നായക സങ്കല്പങ്ങളില്‍ നിന്ന് ശ്രീനിവാസനെ ഒഴിവാക്കി നിര്‍ത്താന്‍ മലയാളിക്ക് 100% സമ്മതമായിരുന്നു.
രൂപസൗകുമാര്യം പ്രകീര്‍ത്തിക്കപ്പെട്ട നായകന്മാരുടെ ബാഹ്യപരിവേഷങ്ങള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ശ്രീനിവാസന്റെ ആണുങ്ങളുടെ ആഭ്യന്തരലോകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വയം പരിഹസിച്ച് വ്യവസ്ഥയോട് കലഹിക്കുന്ന ആണുങ്ങളെ കണ്ട് പലരും സ്വയം താദാത്മ്യപ്പെട്ടു. ശ്രീനിവാസനോട് കലഹിക്കാനും ഈ കഥാപാത്രങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. പലപ്പോഴും ബോഡി ഷെയിമിങ്ങ് ഉണ്ടതില്‍. സ്ത്രീയെ വ്യവസ്ഥാപിതമായി അവതരിപ്പിക്കുന്നുണ്ട്. എങ്കില്‍പ്പോലും ദ്വയാര്‍ഥ അശ്ലീലങ്ങളില്ലാതെ തമാശ ഉദ്പാദിപ്പിക്കാനാവും എന്ന് ശ്രീനിവാസന്‍ തെളിയിച്ചിട്ടുണ്ട്.
ശങ്കരാടിയെ കുറിച്ച് കേട്ടിട്ടുള്ളത് അദ്ദേഹം യഥാര്‍ഥ ജീവിതത്തില്‍ വലിയ ഗൗരവക്കാരനായിരുന്നു എന്നാണ്. എന്നാല്‍ തന്റെ വ്യക്തി/സാമൂഹിക ജീവിതസന്ദര്‍ഭങ്ങളിലും സിനിമാ കൂട്ടുപരിസരങ്ങളിലും നര്‍മ്മം കൈവിട്ടിട്ടില്ലാത്ത ശ്രീനിവാസനെയാണ് നമ്മള്‍ കാണുക. അതു കൊണ്ട് അദ്ദേഹമുള്ള സ്റ്റേജ് ഷോകളും അവാര്‍ഡ് പരിപാടികളും നര്‍മ്മത്താല്‍ ഊര്‍ജപ്പെട്ട് ലാല്‍, മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നു വേണ്ട സ്വന്തം മക്കളെപ്പോലും തഗ് ഡയലോഗടിച്ച് വീഴ്ത്തിക്കളയുന്ന ഒരാളായിരുന്നു ശ്രീനിവാസന്‍. അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനിഷ്ടപ്പെട്ടു. ആര്‍ത്തിയില്ലാത്ത, കുതികാല്‍ വെട്ടില്ലാത്ത സിനിമാക്കാരന്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഉര്‍വശി ശ്രീനിയേട്ടനെ പറ്റി പറയുമ്പോള്‍ മനുഷ്യപ്പറ്റ് എന്നു എപ്പോഴും ഓര്‍മ്മിക്കുന്നു..
അദ്ദേഹത്തിന്റെ രോഗകാലത്തെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ അസ്വസ്ഥമായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു വേദിയില്‍ ലാല്‍ കൊടുത്ത ഉമ്മ കണ്ട് സന്തോഷിച്ചിട്ടുമുണ്ട്. അവരുടെ പിണക്കക്കഥ സങ്കടപ്പെടുത്തിയിട്ടുള്ളവര്‍ക്ക് പിന്നീടുള്ള കൂടിച്ചേരല്‍ ഒരാശ്വാസമായി.
അശാസ്ത്രീയതയും മണ്ടത്തരങ്ങളും വിളിച്ചുപറയുന്നു എന്നും അരാഷ്ട്രീയ വാദിയെന്നും വിമര്‍ശനം ഏറ്റുവാങ്ങി ശ്രീനിവാസന്‍. പക്ഷേ താന്‍ മറ്റെന്തോ ആണെന്ന് കാപട്യം കാണിച്ച് ആരുടെയും സല്‍പ്പേരിനും കയ്യടിക്കും കുനിഞ്ഞു നില്ക്കാതെ സാമൂഹിക വിമര്‍ശമെന്ന റിബലിസത്തില്‍ ശ്രീനിവാസന്‍ തുടര്‍ന്നു. അതിലെ ശരിതെറ്റുകളേക്കാള്‍ തന്റെ സാമൂഹികാഭിപ്രായങ്ങള്‍ തുറന്നുപറയും എന്നായിരുന്നു ശ്രീനിവാസന്റെ നിലപാട്. ചെയിന്‍സ്‌മോക്കറായ തന്റെ ശ്വാസകോശം ശൂന്യമായിപ്പോയി എന്ന് പങ്കിട്ട് സൂക്ഷിച്ചോ. എന്ന് സ്വജീവിതം ഉദാഹരിച്ച് ശാസ്ത്രീയനായി.
ചിന്താവിഷ്ടയം ശ്യാമളയില്‍ വിജയന്‍ പറയുന്ന പോല 'ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ തരം ആശയങ്ങള്‍ നമ്മെ സ്വാധീനം ചെലുത്തും... ഒരു പ്രായത്തില്‍ നമ്മള്‍ വിപ്ലവകാരിയാകും, രക്ഷിതാക്കളെ എതിര്‍ക്കും, ദൈവത്തെ നിഷേധിക്കും, യുക്തിവാദിയാകും, പിന്നീടെപ്പോഴെങ്കിലും വീണ്ടും നമ്മള്‍ ദൈവ വിശ്വാസിയായേക്കാം. പിന്നീട് തത്വജ്ഞാനിയാകാം...ഒടുവില്‍ അതും വേണ്ടന്ന് വയ്ക്കും. അങ്ങനെ മാറിയും തിരിഞ്ഞുമാണ്. യഥാര്‍ഥ നമ്മള്‍ ആകുന്നത്..'
ഒരു കലാകാരന്റെ ദൗത്യം ചിന്തയെ ഉണര്‍ത്തുക എന്നതാണ്. ആ അര്‍ഥത്തില്‍ ശ്രീനിവാസന്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി. കലയിലൂടെ കലാപരമായി വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് ഉന്നംവെക്കുന്നവര്‍ പോലും ആസ്വദിക്കും.ഈ വിടവാങ്ങലില്‍ അയാളിലെ കലാകാരന്റെ മഹത്വം വെളിപ്പെടുന്നത് ഒരിക്കല്‍ അമ്പേറ്റവരുടെ സ്‌നേഹവും ആദരവും കൊണ്ടു കൂടിയാവുന്നു!