മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍
Published on
Summary

എണ്‍പതുകളുടെ തുടര്‍ച്ചയായുള്ള കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നാണ് ശ്രീനിവാസന്റെ സിനിമകള്‍ ഉടലെടുക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രമേയങ്ങള്‍ എല്ലാം ആ കാലത്തുള്ള മലയാളിയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. സിനിമാപാഠങ്ങളിലൂടെയുള്ള പ്രതിനിധാനപരമായ രേഖപ്പെടുത്തലുകളായാണ് മലയാളിയും മലയാളിയുടെ ജീവിതവും വെളിവാക്കപ്പെടുന്നത്

കുടുംബം, കുടുംബത്തിനകത്തെ വൈകാരിക സംഘര്‍ഷങ്ങള്‍, (മിഥുനം 1993, തലയണമന്ത്രം 1990) നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളുടെ, കുടുംബത്തിനകത്തും പുറത്തുമുള്ള പ്രതിഫലനം, (സന്ദേശം 1991, വരവേല്‍പ്പ് 1989), സാമൂഹിക വ്യവഹാരങ്ങളില്‍ വ്യക്തിക്ക് സംഭവിക്കുന്ന ധാര്‍മ്മിക അപഭ്രംശങ്ങള്‍ (തലയണമന്ത്രം), ദാമ്പത്യജീവിതത്തില്‍ നിലനില്‍ക്കുന്ന വിശ്വസ്തതയുടെ പേരിലുള്ള ഉത്കണ്ഠകള്‍ (വടക്കുനോക്കിയന്ത്രം 1989, ചമ്പക്കുളം തച്ചന്‍ 1997) തൊഴിലില്ലായ്മയും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ബ്യൂറോക്രസി (വരവേല്‍പ്പ്, മിഥുനം), അഴിമതി (വെള്ളാനകളുടെ നാട് 1988) തുടങ്ങിയ പ്രമേയങ്ങളാണ് ഈ സിനിമകള്‍ കൈകാര്യം ചെയ്യുന്നത്. ഈ പ്രമേയങ്ങളെല്ലാം ശ്രീനിവാസന്റെ മിക്ക സിനിമകളിലും ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രധാന കഥാവിഷയമായോ ഉപവിഷയമായോ ആണ് ഈ പ്രമേയങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിക്കപ്പെടുന്നത്.

സ്ത്രീ കഥാപാത്രങ്ങളെ ലൈംഗിക വസ്തു (sexual object) ക്കളായോ ദുര്‍ബ്ബലരായോ ആദര്‍ശവല്‍ക്കരിച്ചോ അവതരിപ്പിക്കുന്ന ജനപ്രിയ മലയാള സിനിമയുടെ പതിവ് രീതികളില്‍ നിന്ന് മാറിനിന്നുകൊണ്ടാണ് ശ്രീനിവാസന്റെ സിനിമകളില്‍ സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഇടത്തരം കുടുംബ ഘടനയ്ക്കുള്ളില്‍ പുരുഷന്മാരെ ആശ്രയിച്ചു കഴിയുന്നവരും കുടുംബത്തിന്റെ വരുമാന സ്രോതസ്സായി നിന്നുകൊണ്ട് പുരുഷന്മാരെ പോലെ തൊഴിലെടുക്കുന്നവരും സാമൂഹ്യ അധികാര പദവികള്‍ പങ്കിടുന്നവരുമാണ് ശ്രീനിവാസന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ഏറെയും.

ശ്രീനിവാസന്‍ സിനിമകളിലെ സാമൂഹ്യഗണങ്ങള്‍

ഒരു നിര്‍ദ്ദിഷ്ട സമൂഹത്തിലെ സാംസ്‌കാരിക ജീവിതത്തെയും വ്യത്യസ്ത സാമൂഹ്യഗണങ്ങളെയും ഉള്‍ക്കൊള്ളുന്നവയാണ് സിനിമയുടെ ആഖ്യാനരൂപം. സാമൂഹ്യഗണങ്ങള്‍ എന്നതു കൊണ്ട് വിവക്ഷിക്കുന്നത് ആ സമൂഹത്തിലെ വ്യക്തികളുടെ സാമൂഹ്യപദവികള്‍ നിര്‍ണ്ണയിക്കുന്ന ഒരു മേഖലയെയാണ്. ഈ മേഖലകള്‍ തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, സ്ത്രീകള്‍, തുടങ്ങിയവയാണ്. സിനിമയില്‍ പ്രത്യക്ഷീകരിക്കുന്ന സാമൂഹ്യഗണങ്ങളുടെ വ്യവഹാരങ്ങളെ സംസ്‌കാരപഠനത്തിന്റെയും സാമൂഹ്യ സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമാപഠനങ്ങള്‍ അപഗ്രഥിക്കുന്നത്. മാത്രവുമല്ല സ്ത്രീ, സ്ത്രീവാദ സിദ്ധാന്തങ്ങള്‍, അധിനിവേശാനന്തര (post colonial) പഠനങ്ങള്‍ അതിന്റെ ഭാഗമായ കീഴാള (subaltern) സൈദ്ധാന്തിക ധാരണകള്‍ എന്നിവയെയും അത് പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിന്റെ സമകാലിക സാമൂഹ്യ ഘടനയില്‍ നിലനില്‍ക്കുന്ന മിക്ക സാമൂഹ്യഗണങ്ങളെയും ശ്രീനിവാസന്റെ സിനിമകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ കേരളത്തിലെ ഇടത്തരം സാമൂഹ്യ ജീവിതാവസ്ഥയിലുള്ള കഥാപാത്രങ്ങളായ അധ്യാപകര്‍, വീട്ടമ്മമാര്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, ഗള്‍ഫ് കുടിയേറ്റക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സിനിമാപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. അവരുടെ സാമൂഹികവും വൈയക്തികവും വൈകാരികവുമായ സംഘര്‍ഷങ്ങളാണ് ശ്രീനിവാസന്റെ സിനിമകളുടെ പ്രതിപാദ്യവിഷയം. സാമൂഹ്യജീവിത സാഹചര്യത്തില്‍ കുറഞ്ഞ പദവിയിലുള്ളവരുടെയും നീചഗണമായി പരിഗണിക്കപ്പെടുന്നവരുടെയും സാന്നിധ്യം ശ്രീനിവാസന്റെ സിനിമകളില്‍ കാണാം. തൊഴിലാളികള്‍, വ്യാജവാറ്റുകാര്‍, കള്ളന്മാര്‍, ബ്രോക്കര്‍മാര്‍, കവലച്ചട്ടമ്പികള്‍ തുടങ്ങിയ കഥാപാത്രങ്ങളാണ് ഇവര്‍.

മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത സാമൂഹ്യ ഗണങ്ങള്‍ മുഴുവന്‍ സ്ത്രീ പുരുഷന്മാരെന്ന രണ്ട് ലിംഗസ്വത്വങ്ങള്‍ക്കുള്ളില്‍ നിര്‍ണ്ണയിക്കപ്പെടുന്നവരാണ്. ഭിന്നലിംഗ വ്യക്തിത്വം പുലര്‍ത്തുന്ന സ്ത്രീപുരുഷന്മാരെന്ന ഗണങ്ങളിലൂടെയാണ് സിനിമ അതിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളെ ലൈംഗിക വസ്തു (sexual object) ക്കളായോ ദുര്‍ബ്ബലരായോ ആദര്‍ശവല്‍ക്കരിച്ചോ അവതരിപ്പിക്കുന്ന ജനപ്രിയ മലയാള സിനിമയുടെ പതിവ് രീതികളില്‍ നിന്ന് മാറിനിന്നുകൊണ്ടാണ് ശ്രീനിവാസന്റെ സിനിമകളില്‍ സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഇടത്തരം കുടുംബ ഘടനയ്ക്കുള്ളില്‍ പുരുഷന്മാരെ ആശ്രയിച്ചു കഴിയുന്നവരും കുടുംബത്തിന്റെ വരുമാന സ്രോതസ്സായി നിന്നുകൊണ്ട് പുരുഷന്മാരെ പോലെ തൊഴിലെടുക്കുന്നവരും സാമൂഹ്യ അധികാര പദവികള്‍ പങ്കിടുന്നവരുമാണ് ശ്രീനിവാസന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ഏറെയും. അമ്മ, മകള്‍, സഹോദരി, ഭാര്യ, കാമുകി തുടങ്ങിയ കുടുംബ-വ്യക്തി പദവികളില്‍ പ്രത്യക്ഷപ്പെടുന്ന ഈ സ്ത്രീ കഥാപാത്രങ്ങള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അധികാരഘടനയ്ക്കും വ്യവസ്ഥയ്ക്കും അനുസരിച്ച് ജീവിക്കു ന്നവരാണ്. സാമൂഹ്യമായ തീര്‍പ്പുകള്‍ക്ക് പുറത്ത് സ്വതന്ത്ര വ്യക്തിത്വങ്ങളായി സ്വയം കണ്ടെത്തുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ആരും തന്നെയില്ല. പുരുഷലോകത്തിനകത്തേക്ക് മെരുക്കപ്പെടുന്നവരാണ് സ്ത്രീ കഥാപാത്രങ്ങളിലേറെയും.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍
മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

കുടുംബത്തിനകത്ത് അച്ഛന്‍, മകന്‍, സഹോദരന്‍, ഭര്‍ത്താവ്, കാമുകന്‍ തുടങ്ങിയ പദവികളും സമൂഹത്തില്‍ പലതരം അധികാരപദവികളും വഹിക്കുന്നവരാണ് ഈ സിനിമകളിലെ മിക്ക പുരുഷകഥാപാത്രങ്ങളും. ഇടത്തരം ജീവിത സാഹചര്യത്തിലുള്ളവരും സാമൂഹികാംഗീകാരമുള്ളവരും അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ബിസിനസ്സുകാര്‍, സംഘടിത തൊഴിലാളികള്‍ തുടങ്ങിയ ഗണങ്ങളില്‍പ്പെട്ടവരുമാണ് അവര്‍. അപൂര്‍വ്വമായി മാത്രം കള്ളന്മാര്‍, കള്ളവാറ്റുകാര്‍ (ഗോളാന്തര വാര്‍ത്ത1993) തുടങ്ങിയ പുരുഷകഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നിലനില്‍ക്കുന്ന സാമൂഹ്യഘടനയുടെ ഭാഗമായ ജാതി, മത ഗണങ്ങളും ശ്രീനിവാസന്റെ സിനിമകളുടെ ആഖ്യാനപരിധിയില്‍ വരുന്നവയാണ്. കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുദായങ്ങള്‍ എന്ന നിലയില്‍ വ്യത്യസ്ത ജാതിമതങ്ങളുടെ സാന്നിധ്യം ഈ സിനിമകളില്‍ കാണാം. അവരുടെ പേര്, വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെയാണ് ഇത് വെളിവാക്കപ്പെടുന്നത്. അതേസമയം കഥാപാത്രങ്ങളുടെ വ്യവഹാരങ്ങളുടെയും മനോഭാവങ്ങളുടെയും നേരെയുള്ള ആക്ഷേപഹാസ്യത്തിലൂടെ മതത്തിനകത്തുള്ള ചില പ്രവണതകളെ വിമര്‍ശിക്കുന്ന സിനിമകളും ഇതില്‍ ഉള്‍പ്പെടുന്നു (ചിന്താവിഷ്ടയായ ശ്യാമള 1998, കിളിച്ചുണ്ടന്‍ മാമ്പഴം 2003). ജാതിയുടെ പ്രതിനിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നുവെങ്കിലും പഴയകാല സിനിമകളിലേതുപോലെ മേല്‍-കീഴ് ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം ഈ സിനിമകളില്‍ നിലനില്‍ക്കുന്നില്ല. പൊതുവേ സാമ്പത്തികമായും സാമൂഹികമായും തുല്യപദവികളാണ് ഈ സിനിമകളിലെ വ്യത്യസ്ത ജാതിയില്‍പെട്ട ആണ്‍-പെണ്‍ കഥാപാത്രങ്ങളുടെ സാമൂഹ്യ, വ്യക്തി ബന്ധങ്ങള്‍ക്കുള്ളത്. സമൂഹത്തില്‍ സാധാരണയായി വ്യത്യസ്ത ജാതി, മത ഗണത്തില്‍പ്പെടുന്ന ആണ്‍-പെണ്‍ബന്ധങ്ങള്‍ക്കിടയില്‍ ഉടലെടുക്കാനിടയുള്ള സംഘര്‍ഷങ്ങള്‍ അതുകൊണ്ടുതന്നെ ഈ സിനിമകളില്‍ കാണാനാവുന്നില്ല.

നായകന് പ്രാധാന്യമുള്ളവയാണ് പൊതുവേ ശ്രീനിവാസന്റ കുടുംബ സിനിമകള്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്, എന്നിങ്ങനെയുള്ള അധികാര രൂപങ്ങളിലാണ് നായകന്‍മാര്‍ കുടുംബത്തിനകത്ത് പ്രത്യക്ഷപ്പെടുന്നത്.

ശ്രീനിവാസന്റെ നിറവും ശരീരഘടനകളുമായി ബന്ധപ്പെടുത്തി ഈ സിനിമകളില്‍ ജാതി സംഘര്‍ഷങ്ങളെ വായിച്ചെടുക്കുന്നവരുണ്ട് (സി.എസ്. വെങ്കിടേശ്വരന്‍ - എസ്.സഞ്ജീവ് 2002, 2005, ജെനി റൊവീന, 2004). കഥാപാത്രങ്ങളുടെ ജീവിത അനുഭവങ്ങളെ പരിശോധിച്ചു നോക്കുമ്പോള്‍ അങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ സിനിമയില്‍ പ്രത്യക്ഷമാകുന്നില്ലെന്ന് മനസ്സിലാകും. ശ്രീനിവാസന്റെ ചുരുക്കം സിനിമകളില്‍ മാത്രമാണ് ജാതി പരാമര്‍ശവിധേയമാകുന്നത് (സന്മനസ്സുള്ളവര്‍ക്ക് സമാധാനം 1986, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് 1986). അതില്‍ത്തന്നെ നായകകഥാപാത്രങ്ങളുടെ ജാതി മാത്രമാണ് വെളിപ്പെടുത്തുന്നത്. അതാകട്ടെ കഥാപാത്രത്തിന്റെ പഴയകാലത്തെ സാമൂഹ്യസ്ഥാനവും കുടുംബമഹിമയും സാമൂഹിക അധമത്വം അനുഭവപ്പെടുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്. കഥാപാത്രങ്ങള്‍ക്ക് ജാതിപരമായ സാമൂഹിക അധമത്വം അനുഭവപ്പെടുന്നതിന്റെ സൂചനകള്‍ ശ്രീനിവാസന്റെ സിനിമകളില്‍ കാഴ്ചക്കാരന് ദൃശ്യമാകുന്നില്ല.

ശ്രീനിവാസന്റെ സിനിമ, തരംതിരിവുകള്‍

ശ്രീനിവാസന്റെ സിനിമകളെ കുടുംബാഖ്യാനം, ഹാസ്യസിനിമകള്‍, കുറ്റാന്വേഷണ/കുറ്റനിവൃത്തി സിനിമകള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നിരുന്നാലും അവയുടെ സവിശേഷതകള്‍ പരസ്പരം ഇടകലര്‍ന്നതാണ് ശ്രീനിവാസന്റെ സിനിമകളിലധികവും. കുടുംബ സിനിമകളില്‍ ഹാസ്യ സിനിമകളുടെ സ്വഭാവങ്ങളും ഘടകങ്ങളും ഹാസ്യസിനിമകളില്‍ കുടുംബസിനിമകളുടെ സ്വഭാവങ്ങളും ഘടകങ്ങളും പരസ്പരം ചേര്‍ത്തുവെച്ചു കൊണ്ടുള്ള നിര്‍മ്മിതികളാണ് ഇത്തരം സിനിമകള്‍. പ്രമേയത്തിനും ആഖ്യാനത്തിനും നല്‍കുന്ന ഊന്നലാണ് മേല്‍പറഞ്ഞ വിഭജനത്തെയും തരംതിരിവുകളെയും സാധ്യമാക്കുന്നത്.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍
'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

കുടുംബ സിനിമകള്‍: കുടുംബത്തിന്റെ പ്രമേയ പശ്ചാത്തലത്തില്‍

കുടുംബബന്ധങ്ങള്‍ക്കിടയിലെ വൈകാരികതകളും സംഘര്‍ഷങ്ങളും പരിഹാരങ്ങളും ആഖ്യാനം ചെയ്യുന്നവയും ഭിന്ന ലൈംഗികമായ കുടുംബവ്യവസ്ഥയുടെ നിലനില്‍ക്കുന്ന മൂല്യബോധത്തെ പുനരുല്‍പ്പാദിപ്പിക്കുന്നവയുമാണ് കുടുംബസിനിമകള്‍. അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയ ബന്ധങ്ങളിലൂടെയും പ്രണയം, വിവാഹം, ദാമ്പത്യം തുടങ്ങിയ വ്യവഹാരങ്ങളിലൂടെയും കഥാപാത്രങ്ങളുടെ സ്‌നേഹം, വിദ്വേഷം, സന്തോഷം, ദുഃഖം, വിശ്വസ്തത, ത്യാഗം, സഹനം, തുടങ്ങിയ വികാരങ്ങളും മനോഭാവങ്ങളും ആവിഷ്‌കരിക്കുന്നവയാണ് ഇവ. രോഗം, അത്യാഹിതം, മരണം, വേര്‍പാട്, സമാഗമം, ശരിതെറ്റുകളുടെ സംഘര്‍ഷം തുടങ്ങിയ കഥാസന്ദര്‍ഭങ്ങളുടെ വൈകാരികവും നാടകീയ വുമായ ആവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവയാണ് ഈ സിനിമകള്‍.

നായകന് പ്രാധാന്യമുള്ളവയാണ് പൊതുവേ ശ്രീനിവാസന്റ കുടുംബ സിനിമകള്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്, എന്നിങ്ങനെയുള്ള അധികാര രൂപങ്ങളിലാണ് നായകന്‍മാര്‍ കുടുംബത്തിനകത്ത് പ്രത്യക്ഷപ്പെടുന്നത്. കുടുംബത്തിനകത്തെ വ്യക്തികളുടെ അനുഭവലോകവും വൈകാരിക ലോകവുമാണ് ഈ സിനിമകളുടെ ആഖ്യാനകേന്ദ്രം. കുടുംബാംഗങ്ങള്‍ പരസ്പരമോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലോ ഉള്ള സംഘര്‍ഷങ്ങളിലൂടെയും അനുസരണകളിലൂടെയുമാണ് ഇത് വികസിക്കുന്നത്. അതോടൊപ്പം വ്യക്തിയുടെ വൈകാരികലോകത്തെ സാമൂഹ്യതലത്തിലേക്കും സമൂഹത്തില്‍ വ്യക്തി അനുഭവിക്കുന്ന സംഘര്‍ഷങ്ങളെ കുടുംബത്തിനകത്തേക്കും വലിച്ചുനീട്ടുന്ന (extend) തരത്തിലുള്ള അനുഭവപരിസരമാണ് ഈ സിനിമകളില്‍ ആവര്‍ത്തിക്കുന്നത്. ബന്ധങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളും വിള്ളലുകളും കൂട്ടുകുടുംബത്തിന്റെയോ അണുകുടുംബത്തിന്റെയോ പശ്ചാത്തലത്തിലാണ് വിവരിക്കുന്നത്. പുരുഷകഥാപാത്രങ്ങളാണ് ഈ സിനിമകളില്‍ കുടുംബത്തിന്റെ സാമ്പത്തിക ഉറവിടമായി വര്‍ത്തിക്കുന്നത്.

ഔദ്യോഗികമായി കുറ്റാന്വഷകരായി നിയോഗിക്കപ്പെടാതെ, അബദ്ധവശാല്‍ കുറ്റാന്വേഷകരായി തീരുന്നവരാണ് ശ്രീനിവാസന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ (നാടോടിക്കാറ്റ് 1987). അവര്‍ക്ക് ഇത്തരം സിനിമകളിലെ നായകരെപോലെ കഴിവോ ധീരതയോ ഉള്‍ക്കാഴ്ച്ചയോ ഇല്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് അവര്‍ എപ്പോഴും വഴിതെറ്റിക്കൊണ്ടിരിക്കും

കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിലെ സ്ത്രീരൂപങ്ങളായ അമ്മ, സഹോദരി, ഭാര്യ, കാമുകി തുടങ്ങിയവര്‍ സിനിമയുടെ ആഖ്യാനത്തിനകത്ത് നായകന്റെ ആശ്രിതരായോ സ്വന്തമായി തൊഴില്‍ പദവിയുള്ളവരായോ ആണ് പ്രത്യക്ഷപ്പെടുന്നത്. നായകന്റേതിനു തുല്യമോ അതിനുമുകളിലോ സാമൂഹ്യ, സാമ്പത്തിക പദവി കൈയ്യാളുന്ന സ്ത്രീരൂപങ്ങളും ശ്രീനിവാസന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ നായകനുമായുള്ള വൈകാരിക ബന്ധം സ്ഥാപിക്കപ്പെടുന്നതോടെ അവരുടെ സാമൂഹ്യ സ്വത്വവും വൈയക്തിക സ്വത്വവും വ്യവസ്ഥാപിത ധാരണകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സ്ത്രീ സ്വത്വത്തിലേക്ക് ചുരുങ്ങിപ്പോ കുന്നതും കാണാം. ജനപ്രിയസിനിമയിലെ കുടുംബാഖ്യാനങ്ങളുടെ പൊതുസ്വഭാവമായി സിനിമാപഠനങ്ങള്‍ വ്യക്തമാക്കുന്നത് അവ സ്ത്രീ പ്രേക്ഷകരെയാണ് അഭിസംബോധന ചെയ്യുന്നതെന്നാണ്. ശ്രീനിവാസന്റെ കുടുംബസിനിമകളും ഇത്തരത്തിലുള്ളതാണ്. സ്ത്രീപ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുള്ള ചേരുവകളിലൂടെ സിനിമയുടെ വിപണന സാധ്യത നിലനിര്‍ത്തുന്ന ഈ സിനിമകള്‍ സമൂഹത്തിലും കുടുംബ ഘടനയ്ക്കകത്തും നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളെയും അധികാരബന്ധങ്ങളെയും പിന്തുടരുന്നവയാണ്. കുടുംബബന്ധങ്ങള്‍ക്കകത്ത് നില നില്‍ക്കുന്ന സംഘര്‍ഷങ്ങളെ, സാമൂഹ്യവ്യവഹാരങ്ങളില്‍ പൊതുവെ സ്വീകാര്യമായി കരുതുന്ന ഒരു പരിഹാരത്തില്‍ അവസാനിപ്പിക്കുന്നവയാണ് ഈ സിനിമകള്‍.

ഹാസ്യ സിനിമകള്‍:

ഇത്തരം സിനിമകളില്‍ ഇതിവൃത്തത്തിന്റെ പ്രധാന ഊന്നല്‍ ഹാസ്യത്തിനായിരിക്കും. നിലനില്‍ക്കുന്ന സാമൂഹ്യ ക്രമം, നിയ മം, ധാരണകള്‍, ധാര്‍മികത, സൗന്ദര്യസങ്കല്പങ്ങള്‍ തുടങ്ങിയവയുടെ നിയത യുക്തികള്‍ക്കുമേല്‍ അപരങ്ങളോ വക്രീകരിച്ച പകരങ്ങളോ സൃഷ്ടിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഹാസ്യാത്മകതയാണ് ഇത്തരം സിനിമകളുടെ ഉള്ളടക്കം. നിലനില്‍ക്കുന്ന നിയതയുക്തികളുടെ കുറവുകളെയും, കേടുകളെയും പരിഹസിക്കുന്നവ എന്ന നിലയിലാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്.

സാധാരണ/ഇടത്തരം കുടുംബത്തിന്റെ വ്യക്തി സാമൂഹ്യ ജീവിതം, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയാണ് ശ്രീനിവാസന്റെ ഹാസ്യസിനിമകളുടെ പശ്ചാത്തലം. അതില്‍ കഥാപാത്രങ്ങള്‍ പൊതുവെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളോ (മുകുന്ദേട്ടാ സുമിത്ര വിളി ക്കുന്നു 1988 ) പ്രണയകലഹത്തില്‍/ഒത്തുചേരലില്‍ ഏര്‍പ്പെട്ടവരോ (സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി.ബാലഗോപാലന്‍. എം.എ 1986) ആയിരിക്കും. ആഡംബരത്തിന്റെയോ മഹിമയുടെയോ പകിട്ടുകുറവ്, അന്തസ്സാര ശൂന്യത, യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുള്ള സൂത്രപ്പണികള്‍, വേഷപ്രച്ഛന്നത (പട്ടണപ്രവേശം 1988, അക്കരെയക്കരെയക്കരെ 1990) ഇവയിലൂടെയായിരിക്കും ഇത് സാധിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ നിര, കര്‍ക്കശക്കാരനായ ഗൃഹനാഥന്‍, തെറ്റ്പറ്റുകയും വിഡ്ഢി വേഷം കെട്ടുകയും ചെയ്യുന്ന ഭര്‍ത്താവ്, സൂത്രശാലികളും സുന്ദരികളും മദാലസകളുമായ ഭാര്യമാര്‍, സുന്ദരവിഡ്ഢികള്‍, തുടങ്ങിയവരാണ്. അവരുടെ വാചാടോപങ്ങളും ഗൗരവഭാഷണങ്ങളും പ്രവൃത്തികളുമാണ് ഹാസ്യത്തിനു വേണ്ടിയുള്ള വിപരീതഭാവങ്ങള്‍ സൃഷ്ടിക്കുന്നത്.

എണ്‍പതുകളില്‍ പുറത്തിറങ്ങിയ മറ്റ് ഹാസ്യ സിനിമകളില്‍ നിന്ന് ശ്രീനിവാസന്റെ സിനിമകളെ വേറിട്ട് നിര്‍ത്തുന്നത് ഹാസ്യത്തിലൂടെ അത് നിര്‍വ്വഹിക്കുന്ന സാമൂഹ്യവിമര്‍ശനമാണ്. ആക്ഷേപഹാസ്യം, സാഹചര്യങ്ങളിലോ മനോഭാവങ്ങളിലോ സംഭാഷണങ്ങളിലോ ഉളവാകുന്ന വൈരുധ്യങ്ങള്‍, കഥാപാത്രങ്ങളുടെ സംഭാഷണശൈലി, ശരീരചലനങ്ങള്‍, പ്രവൃത്തിയിലെ യുക്തിരാഹിത്യം തുടങ്ങിയവയിലൂടെയാണ് ശ്രീനിവാസന്റെ സിനിമകള്‍ ചിരിയുണര്‍ത്തുന്നത്. ഓടരുതമ്മാവാ ആളറിയാം 1984, അക്കരെ നിന്നൊരു മാരന്‍ 1985, അരം + അരം = കിന്നരം 1985, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു 1986 തുടങ്ങിയ സിനിമകള്‍ കുടുംബസിനിമകള്‍ക്കു പുറമേയുള്ള ശ്രീനിവാസന്റെ ഹാസ്യസിനിമകളാണ്.

കുറ്റാന്വേഷക / കുറ്റനിവൃത്തി സിനിമകള്‍

ഇത്തരം സിനിമകളുടെ ആഖ്യാന പരിപ്രേക്ഷ്യം പൊതുവെ നിയമത്തിന്റെ കര്‍ക്കശതയിലൂടെയുള്ള കുറ്റനിവൃത്തിയും ശിക്ഷനടപ്പാക്കലുമാണ്. നായക കഥാപാത്രം ക്രമനിയമങ്ങളെ പ്രതിനിധീകരിക്കുന്ന ആളായിരിക്കും. കൊലപാതകം, കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തിയെയോ സംഘത്തെയോ പിന്തുടര്‍ന്നായിരിക്കും കഥ വികസിക്കുന്നത്. ഇത്തരം പതിവ് കുറ്റാന്വേഷക/കുറ്റനിവൃത്തി സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ശ്രീനിവാസന്റെ ഈ വിഭാഗത്തിലുള്ള സിനിമകള്‍.

ഔദ്യോഗികമായി കുറ്റാന്വഷകരായി നിയോഗിക്കപ്പെടാതെ, അബദ്ധവശാല്‍ കുറ്റാന്വേഷകരായി തീരുന്നവരാണ് ശ്രീനിവാസന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ (നാടോടിക്കാറ്റ് 1987). അവര്‍ക്ക് ഇത്തരം സിനിമകളിലെ നായകരെപോലെ കഴിവോ ധീരതയോ ഉള്‍ക്കാഴ്ച്ചയോ ഇല്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് അവര്‍ എപ്പോഴും വഴിതെറ്റിക്കൊണ്ടിരിക്കും (പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ). ലളിതവും സാധാരണവുമായ തന്ത്രങ്ങളിലൂടെയും തമാശകളിലൂടെയുമാണ് ഇവരുടെ കുറ്റാന്വേഷണം. വീട്ടുജോലിക്കാരനായും കൈനോട്ടക്കാരനായും മറ്റുമാണ് ഇവര്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ചാരവൃത്തി നടത്തുന്നത്. അബദ്ധങ്ങളിലൂടെയോ, അറിവില്ലായ്മയിലൂടെയോ ആയിരിക്കും ഇവര്‍ സത്യം കണ്ടെത്തുന്നത്.

നായകന്റെ ബുദ്ധിയും യുക്തിബോധവും ഉപയോഗിച്ച്, പ്രേക്ഷകന്റെ ആകാംക്ഷകളെയും ഉല്‍ക്കണ്ഠകളെയും ഉദ്ദീപിപ്പിച്ച് നിര്‍ത്തിക്കൊണ്ട് കുറ്റാന്വേഷണം വിജയകരമായി പര്യവസാനിക്കുന്ന രീതിയിലുള്ള കഥാഖ്യാനമല്ല ശ്രീനിവാസന്റെ സിനിമയില്‍ കാണുന്നത്. ജനപ്രിയ സിനിമയില്‍ കുറ്റാന്വേഷക/കുറ്റനിവൃത്തി സിനിമകളുടെ പൊതുരീതി ഗൗരവമുള്ളതും ത്രസിപ്പിക്കുന്നതുമാണ്. എന്നാല്‍ ശ്രീനിവാസന്റെ സിനിമയിലെ നായകന്മാര്‍ തങ്ങളുടെ ബുദ്ധിശൂന്യതയും വിഡ്ഢിത്തരങ്ങളും യുക്തിരാഹിത്യവും സ്വയം വെളിവാക്കുന്നവരാണ്. അവരുടെ അബദ്ധങ്ങളെയാണ് വിജയങ്ങളായി ചിത്രീകരിക്കുന്നത്. അതിലൂടെ ഹാസ്യ സിനിമകളായി മാറുന്ന ഇവ നിലവിലുള്ള കുറ്റാന്വേഷക/കുറ്റനിവൃത്തി സിനിമകള്‍ക്ക് പാരഡി നിര്‍മ്മിക്കുകയാണ് ചെയ്യുന്നതെന്ന് പറയാം.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍
ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്റെ സിനിമ; മാധ്യമം, താര/നായക പദവികള്‍

ശ്രീനിവാസന്‍ എന്ന നടനെയും തിരക്കഥാകൃത്തിനെയും സംവിധായകനെയും രൂപപ്പെടുത്തുന്നത് എണ്‍പതുകളില്‍ മലയാളത്തിലെ ജനപ്രിയ സിനിമയില്‍ മാധ്യമതലത്തില്‍ തന്നെ സംഭവിച്ച ചില മാറ്റങ്ങളാണ്. മാധ്യമതലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ മൂലധന താല്‍പര്യങ്ങളുടെതാണ്. അത് പ്രേക്ഷക അഭിരുചിയില്‍ ഇടപെടുകയും പുതിയ മനോഭാവ ങ്ങളും ആസക്തികളും സൃഷ്ടിക്കുകയും അതനുസരിച്ച് സാംസ്‌കാരിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. വിപണിയുമായി ബന്ധപ്പെടുത്തി സംസ്‌കാരവ്യവസായം അഭിരുചിയില്‍ ഇടപെടുന്നതിനെ കുറിച്ച് അഡോണയും ഹോക്ഹൈമറും തങ്ങളുടെ സംസ്‌കാരവ്യവസായമെന്ന ലേഖനത്തില്‍ ഇങ്ങനെയാണ് പറയുന്നത്:

രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കും എന്നതിന്റെ തെളിവാണ് സംസ്‌കാരവ്യവസായത്തിന്റെ ഏകാത്മകത. മാര്‍ക്കറ്റില്‍ വ്യത്യസ്ത സിനിമകളും വ്യത്യസ്ത വിലയുള്ള കഥാമാസികകളും ലഭ്യമാണ്. വിലയിലും തരത്തിലുമുള്ള ഈ വൈവിധ്യം അതിന്റെ ഉപഭോക്താക്കളെ സംഘടിപ്പിക്കുന്നതിന്റെയും തരംതിരിക്കുന്നതിന്റെയും മാത്രം കാര്യമല്ല. അത് എല്ലാവര്‍ക്കും പലതും നല്‍കുകയാണ് ചെയ്യുന്നത്. ഒരാള്‍ക്കും അതില്‍ സംസ്‌കാരവ്യവസായത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല (1940, 1993).

സംസ്‌കാര വ്യവസായത്തിന്റെ ഭാഗമായ ജനപ്രിയസിനിമകള്‍ മലയാളത്തില്‍ സ്ത്രീ പ്രേക്ഷകരെ ലക്ഷ്യംവെച്ചുള്ള കുടുംബകഥകളാണ് എണ്‍പതുകളുടെ ആദ്യവര്‍ഷങ്ങളില്‍ പുറത്തിറക്കിയത്. അക്കാലത്ത് കേരളത്തില്‍ വ്യാപകമായിരുന്ന പൈങ്കിളി വാരികകളിലെ നോവലുകളില്‍ നിന്ന് സ്വീകരിച്ച ഇതിവൃത്തങ്ങള്‍ അതിവൈകാരികത കലര്‍ത്തി അവതരിപ്പിക്കാനാണ് ഈ സിനിമകള്‍ ശ്രദ്ധിച്ചത്. ഇത്തരം സിനിമകള്‍ തുടര്‍ന്നും പ്രേക്ഷക അഭിരുചിയെ പിടിച്ചുനിര്‍ത്താന്‍ പുതിയ ചേരുവകള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഴുനീള ഹാസ്യ സിനിമകള്‍ മലയാളത്തില്‍ ഒരു തരംഗവും തരവുമായി വളര്‍ന്നുവരാന്‍ തുടങ്ങിയത്. ഈയൊരു പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ സിനിമകള്‍ ഹാസ്യത്തിന്റെ വിപണന മൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വീകാര്യത നേടിയത്.

സമുഹത്തിലെ വിവിധ സാമൂഹ്യവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന കഥാവസ്തുക്കളും കഥാസ്ഥലങ്ങളുമായിരുന്നു ഇത്തരം സിനിമകളുടെ പ്രത്യേകത. ഇതിലൂടെ വ്യത്യസ്ത ജീവിതധാരകളും സാംസ്‌കാരിക ചേരുവകളും ഉള്‍ക്കൊള്ളുന്ന ഒന്നായി മാറുകയായിരുന്നു സിനിമയെന്ന സാംസ്‌കാരിക ഉല്‍പന്നം. ഇത് സിനിമ സിനിമയ്ക്കകത്തും പുറത്തും നിലനില്‍ക്കുന്ന സിനിമയുടെ പ്രതിനിധാന സങ്കല്പങ്ങളെകുറിച്ചുള്ള ധാരണകളെ അസ്ഥിരപ്പടുത്തുന്നതായിരുന്നു.

നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസനും മോഹന്‍ലാലിനൊപ്പം നായകത്വം പങ്കിടുന്നുണ്ട്. ഒറ്റയ്ക്കു തന്നെ സിനിമയുടെ സാമ്പത്തിക വിജയത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വിധം ഒറ്റയാള്‍ നായകനായാണ് പില്‍ക്കാല സിനി മകളില്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്.

ജനപ്രിയസിനിമയുടെ സവിശേഷതയായി മനസ്സിലാക്കപ്പെടുന്ന ഇത് നടീനടന്മാരെക്കുറിച്ചും ആഖ്യാനവിഷയത്തെക്കുറിച്ചും നിലനില്‍ക്കുന്ന സമവാക്യങ്ങളെ ഇല്ലാതാക്കുന്നതായിരുന്നു. ഇത് കുലീനമെന്നോ ഗൗരവപരമെന്നോ ഉള്ള തിര ഞ്ഞെടുപ്പുകളെയും വര്‍ഗീകരണങ്ങളെയും മാറ്റിനിര്‍ത്തുകയും ലഘുവും സാധാരണവുമായ കഥാവസ്തുക്കളും കഥാസന്ദര്‍ഭങ്ങളും പകരംവെ ക്കുകയും ചെയ്തു.

ജനപ്രിയ സിനിമയില്‍ പ്രമേയത്തിലും ആഖ്യാനത്തിലും ഹാസ്യത്തിനു കൈവന്ന ആധിപത്യം നിലനിന്നിരുന്ന നായക സങ്കല്‍പ്പങ്ങളെ അസ്ഥിരപ്പെടുത്തി. ഒരു നായകനെ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന മലയാള സിനിമയുടെ ആഖ്യാനം പല നായകരെ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. ഈ നായകര്‍ ജീവിതത്തിന്റെ വ്യത്യസ്ത സാമൂഹ്യ സാഹചര്യ ങ്ങളില്‍ നിന്നുള്ളവരും ലോഡ്ജിലോ, കവലയിലോ ഒത്തുകൂടുന്ന കൂട്ടങ്ങളുമായിരിക്കും. അങ്ങനെയാണ് പലനായകരില്‍ ഒരാളായി ശ്രീനിവാസനും മലയാള ജനപ്രിയ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഓടരുതമ്മാവാ ആളറിയാം, അരം + അരം = കിന്നരം തുടങ്ങിയ സിനിമകളില്‍ ഇങ്ങനെ പല നായകരില്‍ ഒരാളായി പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസന്റെ നായകത്വം പിന്നീട് മറ്റ് രീതികളിലേക്ക് പരിണമിക്കുന്നത് കാണാം.

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ മോഹന്‍ലാലുമായി ചേര്‍ന്ന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഈ മാറ്റത്തെ ഉദാഹരിക്കുന്നവയാണ്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസനും മോഹന്‍ലാലിനൊപ്പം നായകത്വം പങ്കിടുന്നുണ്ട്. ഒറ്റയ്ക്കു തന്നെ സിനിമയുടെ സാമ്പത്തിക വിജയത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വിധം ഒറ്റയാള്‍ നായകനായാണ് പില്‍ക്കാല സിനി മകളില്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനേതാവ് എന്ന നിലയില്‍ ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ മലയാളത്തിലെ ജനപ്രിയ സിനി മയില്‍ വരുത്തിതീര്‍ത്ത മാറ്റങ്ങളെ എന്‍. പ്രഭാകരന്‍ ആധുനികോത്തരത മലയാള സിനിമയില്‍ എന്ന പഠനത്തില്‍ ഇങ്ങനെ വിലയിരു ത്തുന്നു:

ശരീരത്തിനോ മനസ്സിനോ പ്രത്യേക സിദ്ധികളൊന്നുമില്ലാത്തവരും പലപ്പോഴും നേര്‍വിപരീതാവസ്ഥയില്‍ ഉള്ളവരുമാണ് ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. തങ്ങളെതന്നെ അവിശ്വസിക്കുന്നവര്‍, സാഹചര്യങ്ങളോട് പലപ്പോഴും വിഫലമായി ഏറ്റുമുട്ടുന്നവര്‍, വിപരീത പരിതസ്ഥിതികളുടെ കിഴക്കാംതൂക്കായ വഴികളില്‍ സ്വന്തം ഈ വിഡ്ഢിത്തങ്ങളെ അഭ്യാസങ്ങളായി കരുതി മുന്നേറുന്നവര്‍, അറിഞ്ഞും അറിയാതെയും കോമാളിവേഷം കെട്ടുന്നവര്‍ പല നിലക്കും അധമബോധമനുഭവിക്കുന്നവര്‍, ഭീരുക്കള്‍ ഇങ്ങിനെ പോപ്പുലര്‍ സിനിമകളിലെ നായകസങ്കല്പത്തെ ഒരുതരത്തി ലും പിന്‍തുടരാത്തവരാണ് ഈ കഥാപാത്രങ്ങള്‍. [...] ഈ പച്ചമനുഷ്യരെ ഉപയോഗിച്ച് പ്രണയം, ഭാര്യാഭര്‍തൃബന്ധം, സമ്പത്ത്, പദവി, ജീവിതസുരക്ഷിതത്വം, എന്തിന് മാതൃസ്‌നേഹത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളെ പോലും ചലച്ചിത്രകാരന്‍ പരിഹസിച്ചുകൊണ്ടിരുന്നു. ഇതിനു സഹായകമാവുന്ന തരത്തില്‍ താരസങ്കല്‍പ്പത്തെയും അദ്ദേഹം മാറ്റിമറിച്ചു. ((2005)

അഴകിയ രാവണനില്‍ നായകത്വം, സിനിമാനിര്‍മ്മാണം, സംവിധാനം, തിരക്കഥ, സംഗീതം തുടങ്ങിയ മേഖലകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നുണ്ട്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ സിനിമയിലെ ഗാനചിത്രീകരണത്ത പരിഹസിക്കുന്നു.

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മാധ്യമത്തിനകത്ത് ശ്രീനിവാസനുള്ള സ്വാതന്ത്ര്യവും അധികാരവുമാണ് അദ്ദേഹത്തിന്റെ നായകത്വത്തെ രൂപപ്പെടുത്തുന്നതും മാറ്റിത്തീര്‍ക്കുന്നതും. മാധ്യമത്തിനകത്ത് അദ്ദേഹം നേടിയെടുക്കുന്ന ഈ അധികാരം നിമിത്തം അതിനെ വിമര്‍ശനപരമായി സമീപിക്കാനും അതിന്റെ താരസങ്കല്‍പ്പങ്ങളുടെ അധികാരബലത്തെ ചോദ്യം ചെയ്യാനും അദ്ദേഹ ത്തിനു സാധിക്കുന്നു. സിനിമയെ തന്നെ ഇതിവൃത്തമാക്കിയാണ് അദ്ദേഹം ഇത് സാധിക്കുന്നത്.

താന്‍ കൈകാര്യം ചെയ്യുന്ന മാധ്യമമായ സിനിമ തന്നെ ശ്രീനിവാസന്റെ സിനിമകളില്‍ പ്രമേയമായി വരുന്നുണ്ട്. അഴകിയ രാവണന്‍ (1996), അയാള്‍ കഥയെഴുതുകയാണ് (1998), ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം (2004) എന്നീ സിനിമകളില്‍ സിനിമയെന്ന മാധ്യമത്തിന്റെ അനുബന്ധമായിവരുന്ന ചില തലങ്ങളെ വിമര്‍ശനപരമായി ആഖ്യാനം ചെയ്യുന്നതു കാണാം.

അഴകിയ രാവണനില്‍ നായകത്വം, സിനിമാനിര്‍മ്മാണം, സംവിധാനം, തിരക്കഥ, സംഗീതം തുടങ്ങിയ മേഖലകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നുണ്ട്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ സിനിമയിലെ ഗാനചിത്രീകരണത്ത പരിഹസിക്കുന്നു. ചിന്താവിഷ്ടയായ ശ്യാമളയില്‍ മാധ്യമബോധമില്ലാത്ത സിനിമാ സംവിധായകരാണ് വിഷയമാകുന്നത്. ഉദയനാണ് താരത്തിലാകട്ടെ മലയാള ജനപ്രിയ സിനിമയിലെ താരവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുന്നതു കാണാം.

സിനിമാ വ്യവസായത്തില്‍ താരവും താരവ്യക്തിത്വവും (star and star image) ഒരു പ്രതിഭാസമായാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രതിഭാസം താരത്തിന്റെ സ്വകാര്യ/പൊതു ജീവിതവുമായി ബന്ധപ്പെട്ട് പൊതുവായി ലഭ്യമാകുന്ന എല്ലാതരത്തിലുമുള്ള വസ്തുക്കളും വസ്തുതകളുമാണ്. ഇവ അവളുടെ/അയാളുടെ ഫോട്ടോകള്‍, അഭിമുഖങ്ങള്‍, ജീവചരിത്രങ്ങള്‍, പത്രക്കുറിപ്പുകള്‍, സ്വകാര്യജീവിതത്തിന്റെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയവയാണ്.

യു.രാജീവിന്റെ 'ജനപ്രിയ സിനിമയിലെ മലയാളി ശ്രീനിവാസന്‍ സിനിമകളില്‍' എന്ന പുസ്തകത്തില്‍ നിന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in