യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. ഇന്ദിരാ ഗ്യാരന്റി നടപ്പാക്കുമെന്നും ധവളപത്രം ഇറക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാസം 1000 രൂപ, 25 ലക്ഷത്തിന്റെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, യുവസംരംഭകര്‍ക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പാപദ്ധതി തുടങ്ങിയ അഞ്ച് ഇന്ദിര ഗ്യാരണ്ടികളും നടപ്പാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി, ദേവസ്വം നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം പാലിക്കും എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.
നെഹ്റുവിനെ ഉദ്ധരിച്ച് 'ഇത് സുതാര്യ സര്‍ക്കാരെന്നും അഴിമതിമുക്ത ഭരണം ഉറപ്പെന്നും' പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ധവളപത്രം ഇറക്കുന്നത് സാമ്പത്തിക സ്ഥിതിയെപ്പറ്റി കൃത്യമായ ധാരണ പൊതുജനത്തിന് നല്‍കാനാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റും. ഐടി വകുപ്പ് ഇനി ഫ്യുച്ചര്‍ ടെക്നോളജി എന്ന് അറിയപ്പെടും. എഐയ്ക്ക് പ്രാധാന്യം നല്‍കിയ മീഡിയ സിറ്റി കൊണ്ടുവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥതലം കാര്യക്ഷമമാക്കും. നാലുവരി പാതകളുടെ എണ്ണം കൂട്ടും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും നയപ്രഖ്യാപനത്തിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ചയും സമത്വവും ഉറപ്പാക്കി പുതുയുഗ കേരളം സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആദ്യമായി വന്ദേമാതരം സഭയില്‍ ആലപിച്ചുവെന്ന പ്രഖ്യാപനവും നയപ്രഖ്യാപന ദിവസത്തിനുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന് മുന്‍പും ശേഷവും ദേശീയഗാനത്തിന് മുന്‍പായി പൊലീസ് ബാന്‍ഡ് വന്ദേമാതരം ആലപിച്ചു. ലോക്ഭവന്‍ നിര്‍ദേശം അവഗണിച്ച് ഭാഗികമായാണ് വന്ദേമാതരം അവതരിപ്പിച്ചത്.
സിനിമാ രംഗത്തെയും അവഗണിക്കാതെ നയപ്രഖ്യാപനം.
സംസ്ഥാനത്തെ സിനിമ ഷൂട്ടിങ് ഡെസ്റ്റിനേഷനാക്കും, സിനിമ നയം കൊണ്ടുവരും, തിയേറ്റര്‍ മേഖലക്ക് പ്രോത്സാഹനം നല്‍കുമെന്നും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കര്‍ഷകര്‍ കനത്ത വെല്ലുവിളി നേരിടുന്നു. അതുകൊണ്ട് തന്നെ കൃഷി ലാഭകരമായ തൊഴില്‍ മേഖലയാക്കും. വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും എല്ലാ പഞ്ചായത്തുകളിലും പ്രത്യേക പദ്ധതിയും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.
എക്സൈസ് വകുപ്പ് നവീകരിച്ച് ധനകാര്യ അച്ചടക്കം പാലിക്കുമെന്ന് ഉറപ്പ് നല്‍കി. ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കും.
ആരോഗ്യ മേഖലയില്‍ ആധുനിക സംവിധാനങ്ങളോടെ ചിലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.
വഖഫ് ബോര്‍ഡ് നവീകരിക്കും. പട്ടയവിതരണം കാര്യക്ഷമമാക്കാനും ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപികരിക്കും. സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം കര്‍ഷക താല്പര്യമനുസരിച്ച് നല്‍കും. നെല്ല്, റബ്ബര്‍, നാളികേര കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധിനല്‍കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം വരെ പ്രസവ അവധി നിര്‍ബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.