Kerala News

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേന്ദ്ര നിലപാടുകള്‍ മൂലം അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് രണ്ടരലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണ് കേരളത്തിനുണ്ടായതെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. നികുതിവിഹിതത്തില്‍ വരുത്തിയ കുറവ്, വായ്പ എടുക്കുന്നതില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്, ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കല്‍ തുടങ്ങിയവയിലൂടെ പ്രതിവര്‍ഷം അമ്പതിനായിരം കോടിയിലേറെ രൂപയുടെ വരുമാന സാധ്യതകളാണ് കേരളത്തിന് നിഷേധിക്കപ്പെട്ടത്. വിഷന്‍ 2031 സംസ്ഥാനതല സെമിനാറുകളുടെ ഭാഗമായി സംഘടിപ്പിച്ച ‘ധനകാര്യവകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറിന് തുടക്കംകുറിച്ച് 'കേരളീയം @2031 : ഒരു പുതിയ ദര്‍ശനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

ജീവനക്കാരുടെ ആനുകൂല്യങ്ങളടക്കം വിവിധ മേഖലകള്‍ക്ക് മാറ്റിവെയ്ക്കേണ്ട തുക 30,000 കോടി രൂപയില്‍ താഴെ മാത്രമാണ്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക മുഴുവന്‍ ലഭിച്ചിരുന്നുവെങ്കില്‍ ഏതാണ്ട് രണ്ടേകാല്‍ ലക്ഷം കോടി രൂപയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടി ഈ അഞ്ചുവര്‍ഷ കാലയളവില്‍ സര്‍ക്കാരിന് സാധ്യമാക്കാന്‍ കഴിഞ്ഞേനെ.

ഇതിനിടയിലാണ് ഇപ്പോള്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് മാറ്റവും അമേരിക്കയുടെ പകരച്ചുങ്കനയം മൂലമുണ്ടാകുന്ന വരുമാന നഷ്ടവും. ഇതെല്ലാം പരിഗണിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്രമുന്നേറ്റത്തിനുള്ള ആസൂത്രണവും നിര്‍വ്വഹണവുമാണ് മുന്നോട്ടുപോകുന്നത്. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. ജിഎസ്ടിയില്‍ 14 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച വാഗ്ദാനവുമുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടി നിരക്കുകളില്‍ കേന്ദ്രം വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ സംസ്ഥാനങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. 2019-ല്‍ 178 ഇനങ്ങളുടെ നികുതി കുറച്ചു. ഇപ്പോഴത്തെ കുറവ് വഴി ഈ വര്‍ഷം മാത്രം സംസ്ഥാനത്തിന് 5000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും.

പ്രതിവര്‍ഷം ശരാശരി പതിനായിരം കോടി രൂപയുടെയെങ്കിലും ജിഎസ്ടി കുറവുമുണ്ടാകും. എന്നാല്‍ ഈ നികുതി കുറവുകൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുന്നുമില്ല. വന്‍കിട കമ്പനികള്‍ക്കാണ് അതിന്റെ ഗുണം കിട്ടുന്നത്. നികുതിവിഹിതത്തിലും വലിയ നഷ്ടം കേരളത്തിനുണ്ടാകുന്നു. പതിനഞ്ചാം ധനകമ്മീഷന്‍ 1.92 ശതമാനം നികുതിവിഹിതമാണ് നിശ്ചയിച്ചത്. 14-ാം ധന കമ്മീഷന്റെ കാലത്ത് 2.5 ശതമാനം ലഭിച്ചിരുന്നു. 10-ാം ധനകമ്മീഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു നമ്മുടെ വിഹിതം. ഈ വര്‍ഷം നമുക്ക് കേന്ദ്രനികുതിവിഹിതമായി കിട്ടുന്നത് ഏതാണ്ട് 27,000 കോടി രൂപയാണ്. എന്നാല്‍ 10-ാം ധനകാര്യകമ്മീഷന്റെ കാലത്തെ വിഹിതം അനുസരിച്ചിട്ടാണെങ്കില്‍ നമുക്ക് ഈ വര്‍ഷം 54,000 കോടി രൂപയാണ് കിട്ടേണ്ടിയിരുന്നത്.

പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്റെയും കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍കാലങ്ങളില്‍ എടുത്ത കടത്തിന്റെയും പേരില്‍ ഇപ്പോള്‍ നമ്മുടെ വായ്പാ അനുപാതത്തില്‍ നിന്ന് വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം കിഫ്ബിയുടെ ധന സ്രോതസ്സുകള്‍ തടയപ്പെടുന്ന അവസ്ഥയാണ്. ഈ വര്‍ഷം പതിനായിരം കോടി രൂപയെങ്കിലും കിഫ്ബിയ്ക്ക് നല്‍കുന്നത് സംസ്ഥാന ബജറ്റില്‍ നിന്നാണ്. കേരളം കടക്കെണിയിലാണെന്ന വാദം ശരിയല്ലെന്ന് സി.എ.ജി തന്നെ ഇപ്പോ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ലെന്നും എടുക്കുന്ന വായ്പ മൂലധന ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും നിശ്ചയിച്ചിട്ടുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് കേരളം കടമെടുക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തീകരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 6 ലക്ഷമാകുമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ 4.74 ലക്ഷം കോടിയേ കടമെത്തൂ എന്ന് സി.എ.ജിയുടെ കണക്കുകള്‍ അടക്കം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ കടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓരോ സര്‍ക്കാരും അധികാരത്തില്‍ കയറുമ്പോഴുള്ള കടത്തിന്റെ ഇരട്ടിയായിരിക്കും കാലാവധി പൂര്‍ത്തീകരിക്കുമ്പോഴുള്ള കടം.

വി.എസ് സര്‍ക്കാരിന്റെ കാലത്ത് 78,673 കോടി രൂപയായിരുന്നു കടം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 1.57 ലക്ഷം കോടിയായി ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 2.96 ലക്ഷം കോടിയായിരുന്നു കടം. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 6 ലക്ഷം കോടിയാകുമെന്നായിരുന്നു അനുമാനം. എന്നാല്‍ 4.74 ലക്ഷത്തിലേ എത്തൂ. അതായത് 5 വര്‍ഷത്തില്‍ വായ്പയില്‍ മാത്രം ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ വരുമാനക്കുറവാണ് നമുക്കുണ്ടായത്.

ഈ വരുമാന നഷ്ടങ്ങള്‍ക്കിടയിലും നമ്മുടെ ചെലവ് ശരാശരി 1.17 ലക്ഷം കോടി രൂപയില്‍ നിന്ന് 1.74 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ വര്‍ഷം നമ്മുടെ തനത് വരുമാനം ഒരു ട്രില്യണ്‍ രൂപയിലേക്ക് എത്തുകയാണ്. ഇങ്ങനെ വന്‍തോതില്‍ തനത് നികുതി, നികുതിയേതര വരുമാനം ഉയര്‍ത്തിയാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നത്.

സംസ്ഥാന ബജറ്റിന് തുല്യമായ തുകയ്ക്കുള്ള പണ ക്രയവിക്രയങ്ങള്‍ ധനവകുപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളും അനുബന്ധ വകുപ്പുകളും നടത്തുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിക്കുന്നു. കെ.എസ്.എഫ്.ഇയുടെ വാര്‍ഷിക ബിസിനസ്സ് 1.04 ലക്ഷം കോടിരൂപയായി. കെ.എഫ്.സിയുടെ വിറ്റുവരവ് ഈ വര്‍ഷം പതിനായിരം കോടിയില്‍ എത്തുകയാണ്. ലോട്ടറിയിലും സ്റ്റേറ്റ് ഇന്‍ഷുറന്‍സിലും ദേശീയ സമ്പാദ്യ പദ്ധതിയിലുമൊക്കെ മികച്ച നേട്ടം കൈവരിക്കാനാകുന്നു. സ്റ്റാര്‍ട്ടപ്പ്, കാര്‍ഷിക, എം.എസ്.എം.ഇ മേഖലകള്‍ക്ക് കെ.എഫ്.സി വലിയ പിന്തുണയാണ് നല്‍കുന്നത്. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ ഈ മുന്നേറ്റത്തിനൊപ്പം നമ്മുടെ ഭാവി പരിപാടികളിലും വലിയ മാറ്റം ആവശ്യമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമാനതകളില്ലാത്ത അവസരമാണ് കേരളത്തിന് തുറന്നുനല്‍കിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമുള്ള തോട്ടം മേഖലകളിലയിലെ ഭൂമിയടക്കം നമുക്ക് ഉപയോഗ യോഗ്യമാക്കാനാകണം. പഴം-പച്ചക്കറികളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനവും സംസ്കരണവും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കായി തോട്ടം ഭൂമി ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതു ചര്‍ച്ചയും തീരുമാനങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. കട്ട് ഫ്ലവര്‍, കട്ട് ലീഫ്സ് തുടങ്ങിയവ അടക്കമുള്ളവയുടെ കയറ്റുമതിയ്ക്കും മറ്റും വിഴിഞ്ഞം തുറന്നുതരുന്ന സാധ്യത വളരെ വലുതാണ്. കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളും രീതികളും നമുക്ക് ഉപയോഗിക്കേണ്ടിവരും. സംഭരണ ശാലകള്‍, അസംബ്ലിംഗ് യൂണിറ്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പാദന കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ കഴിയണം. അതിനായി സംസ്ഥാനത്തെ ഒരു എഡ്യൂക്കേഷന്‍ ഹബ്ബായി രൂപപ്പെടുത്തേണ്ടതുണ്ട്. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളുടെ സഹകരണം അടക്കമുള്ള കാര്യങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടണം. നമ്മുടെ വിപുലമായ ആരോഗ്യമേഖലകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനാകണം. മുതിര്‍ന്ന പൗരന്മാര്‍ക്കായി നാം തുടക്കമിട്ട ന്യൂ ഇന്നിംഗ്സ് പദ്ധതി ഒരു ലോകമാതൃകയാണ്. അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.

വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണത്തിന് വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും വലിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അവയ്ക്കൊപ്പം വര്‍ക്ക് നിയര്‍ ഹോം പോലെയുള്ള സൗകര്യങ്ങളും വിപുലീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് നമുക്ക് ഒറ്റക്കെട്ടായി നിന്നേ മതിയാകൂ. പലമേഖലയിലും നമ്മള്‍ നേടിയിട്ടുള്ള മുന്നേറ്റം നമുക്ക് കിട്ടേണ്ട സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുന്നതിന് കാരണമാകുന്നുണ്ട്. നാടിന്റെ നാളേയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട ധനസ്രോതസ്സുകളാണ് നഷ്ടപ്പെടുന്നത്. അത് നമുക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

SCROLL FOR NEXT