ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതേ വിട്ടു. എറണാകുളം ജില്ലാ അഡിഷനൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. കൊച്ചി സ്വദേശിനിയുടെ പരാതിയിലായിരുന്നു ലിജുവിനെതിരെയുള്ള കേസ്.
നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലിജു കൃഷ്ണ പ്രതികരിച്ചു. 'പടവെട്ട്' സിനിമയുടെ ചർച്ചാ വേളയിൽ സംവിധായിക ഗീതു മോഹൻദാസുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതിന്റെ ഈഗോയുടെ പുറത്ത് കെട്ടിച്ചമച്ച കള്ളക്കേസാണിത്. അതിന് ഒരു സ്ത്രീയെ തന്നെ ആയുധമായി ഉപയോഗിച്ചു. ഗീതു മോഹൻദാസിന്റെ ഇടപെടൽ വിചാരണാവേളയിൽ കോടതിക്ക് മുന്നിൽ വന്നിട്ടുണ്ട് എന്ന് ലിജു പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമയിൽ നിന്ന് തന്റെ പേര് ഒഴിവാക്കാനും റിലീസ് തടയാനും ഇവർ ശ്രമിച്ചു. അതിനുവേണ്ടി ഇന്ത്യയിലെ ഒട്ടുമിക്ക സംഘടനകൾക്കും വക്കീൽ നോട്ടീസ് അയച്ചു, ഫോൺകോൾ ചെയ്തു. ഡബ്ല്യു.സി.സി. എന്ന സംഘടനയുടെ അധികാരം ഉപയോഗിച്ചാണ് ഇത് ചെയ്തത്. ഡബ്ല്യു.സി.സി. പോലുള്ള സംഘടനകളോടും അവരുടെ പ്രവർത്തനങ്ങളോടും ബഹുമാനമുണ്ട്. എന്നാൽ അനാവശ്യ ഇടപെടലുകൾ നടത്തി നീതി നിഷേധിക്കരുത് എന്ന് ലിജു പറഞ്ഞു. ഇത്തരം പ്രിവിലേജ്ഡ് ആയ വ്യക്തികൾ കൊണ്ടുവരുന്ന കേസുകളുടെ ക്രെഡിബിലിറ്റി പരിശോധിക്കണം എന്നും ലിജു കൃഷ്ണ ആവശ്യപ്പെട്ടു.
'പീഡനം നടന്നിട്ടേയില്ല. പറയുന്നതുപോലെയുള്ള ആരോപണമില്ല. വ്യക്തമായി മനസ്സിലാകുന്ന തെളിവുകൾ കയ്യിലുണ്ടായിട്ടും കേൾക്കാനൊന്നും അവസരം തന്നില്ല. അവർ സമ്മർദം ചെലുത്തിയതുകൊണ്ടാണ് പൊലീസ് കേസെടുത്തത്. ഡബ്ല്യു.സി.സി.യിലെ മറ്റാരെയും എനിക്ക് പരിചയമോ വിരോധമോ ഇല്ല. സിനിമയുമായി ബന്ധപ്പെട്ട് ഈ പറയുന്ന വ്യക്തിയുമായി അഭിപ്രായവ്യത്യാസവും തർക്കവുമുണ്ടായി. ആ ഈഗോ വളർന്നതിന്റെ പേരിലാണ് ഇങ്ങനെയൊരു കാര്യമുണ്ടായത്', ലിജു കൃഷ്ണ കൂട്ടിച്ചേർത്തു.
2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും ഹോട്ടലുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. കണ്ണൂരിലെ സിനിമാ സെറ്റിൽ വച്ചാണ് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്.