

സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം കോസ്മിക് സാംസൺ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മിന്നല്‍ മുരളി അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ആദ്യ ഷോസിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാന്റസി എലമെന്റ്സിനൊപ്പം സന്ദീപിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്സ്. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'മിന്നൽ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. 'മിന്നൽ മുരളി' ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേനേടിയ സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രം കൂടിയാണിത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ- ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ദീപക് ഡി. മേനോനും, എഡിറ്റിങ് ചമൻ ചാക്കോയും, സംഗീതം സിബി മാത്യു അലക്സും നിർവഹിക്കുന്നു.