യുഎഇ ദേശീയദിനാഘോഷമായി ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20; ദുബായ് ക്യാപിറ്റൽസുമായി കൈകോർത്ത് അൽ നഹ്ദ സെന്‍റർ

യുഎഇ ദേശീയദിനാഘോഷമായി ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20; ദുബായ് ക്യാപിറ്റൽസുമായി കൈകോർത്ത് അൽ നഹ്ദ സെന്‍റർ
Published on: 

ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20 (ILT20) അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസിന്‍റെ അസോസിയേറ്റ് പാർട്ണറായി അൽ നഹ്ദ സെന്‍റർ. ദുബായിലെ അനന്തര ഡൗൺടൗൺ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അൽ നഹ്ദ സെന്‍ററിന്‍റെ എഐ റോബോട്ടായ 'നൂർ' നടത്തിയ ആമുഖപ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

അൽ നഹ്ദ സെന്‍റർ സിഇഒ നബീൽ അഹമ്മദ് മുഹമ്മദ്, ഡയറക്ടർ റാഷിദ് അസ്ലം, ജിഎംആർ സ്പോർട്സ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ സുജോയ് ഗാംഗുലി, ജിഎംആർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അജിത് ഗോപിനാഥൻ നായർ എന്നിവർ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. യുഎഇ ദേശീയ ക്രിക്കറ്റ് താരം ഹൈദർ അലി ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു. പങ്കാളിത്തത്തിന്‍റെ ഭാഗമായി സംയുക്ത ബ്രാൻഡിങ്, ആരാധകർക്കായുള്ള പരിപാടികൾ, ദുബായ് ക്യാപിറ്റൽസിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് നേടാനുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ടീമിലെ താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്‍റെയും വിസ നടപടികൾ അൽ നഹ്ദ സെന്‍റർ കൈകാര്യം ചെയ്യും.

വിവിധ രാജ്യക്കാരെ ക്രിക്കറ്റ് ഒന്നിപ്പിക്കുന്നതുപോലെ, താമസക്കാർക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ അൽ നഹ്ദ സെന്‍ററും പങ്കുവഹിക്കുന്നുണ്ടെന്ന് ഡയറക്ടർ റാഷിദ് അസ്ലം പറഞ്ഞു. ഓരോ സർക്കാർ രേഖയ്ക്കും പിന്നിൽ പുതിയ ജോലി, കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരൽ, ബിസിനസ് ആരംഭിക്കൽ തുടങ്ങിയ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളുണ്ടെന്നും നടപടികൾ ലളിതമാക്കുകയാണ് സെന്‍ററിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ദേശീയദിനാഘോഷം ഡിസംബർ ഒന്നിന്

യുഎഇയുടെ 55-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് അൽ നഹ്ദ സെന്‍ററിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. 'പല രാജ്യക്കാർ, ഒരു പതാകയ്ക്ക് കീഴിൽ ഒന്നിച്ച്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ പതാക ഉയർത്തൽ, പരമ്പരാഗത എമിറാത്തി കലാപരിപാടികൾ, വിവിധ രാജ്യങ്ങളുടെ സാംസ്കാരിക അവതരണങ്ങൾ എന്നിവയുണ്ടാകും.