തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന് പിന്നാലെ ചര്‍ച്ചയാകുന്നത് യുഡിഎഫ് മുന്നണി വിപുലീകരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ ഒരു പരാമര്‍ശത്തിലാണ് മുന്നണി വിപുലീകരണം ചര്‍ച്ചയായി മാറിയത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങി വരുമോ എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നീങ്ങിയത്. ഇതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംബന്ധിച്ച് മുസ്ലീം ലീഗ് നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചെങ്കിലും ആശയപരമായി യോജിക്കുന്നവര്‍ വരണം എന്ന തരത്തിലായിരുന്നു മറുപടി. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണിയിലേക്ക് വരേണ്ടതില്ല എന്ന നിലപാടിലാണ് ജോസഫ് വിഭാഗവും മാണി സി. കാപ്പന്‍ അടക്കമുള്ളവരും. മുന്നണി വിപുലീകരണത്തിനായി ആരുടെയും പിന്നാലെ പോയിട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വാക്കുകളും ഇതിനിടയില്‍ ചര്‍ച്ചയായി.
സാദിഖലി തങ്ങള്‍ പറഞ്ഞത്
യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കുകയെന്നത് കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി യുഡിഎഫിന്റെ നില ഒന്നുകൂടി ഭദ്രമാക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ ഏറെയുണ്ട്. ഇടതുപക്ഷത്തോട് അതൃപ്തിയുള്ള പാര്‍ട്ടികള്‍ ഇടതു മുന്നണിയില്‍ തന്നെയുണ്ട്. അവരില്‍ പലരും യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ.
സാദിഖലി തങ്ങളുടെ പരാമര്‍ശം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടാകുകയും അതിന് ഒപ്പമുണ്ടായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കുകയും ചെയ്തു.
യുഡിഎഫിന്റെ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ ആശയപരമായി യോജിപ്പുള്ള പാര്‍ട്ടികള്‍ വരണമെന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. മുന്നണിയുടെ നില ഇപ്പോള്‍ തന്നെ ഭദ്രമാണ്, കൂടുതല്‍ ഭദ്രമാകും. അതിന് വേണ്ടി ആശയപരമായ യോജിക്കുന്നവര്‍ വരണം എന്നാണ് തങ്ങള്‍ പറഞ്ഞതിന്റെ ചുരുക്കം. മുന്നണി വിപുലീകരണം യുഡിഎഫ് ആലോചിക്കേണ്ട കാര്യമാണ്. ആശയപരമായി യോജിക്കാവുന്ന പാര്‍ട്ടികള്‍ക്ക് യുഡിഎഫിലേക്ക് വരാവുന്ന സാഹചര്യമുണ്ട്. വരണം എന്നാണ് തങ്ങള്‍ പറഞ്ഞത്.കുഞ്ഞാലിക്കുട്ടി
അതേസമയം യുഡിഎഫ് എന്നത് ഒരു വിശാലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണെന്ന വിശദീകരണമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നല്‍കിയത്. യുഡിഎഫിന്റെ അടിത്തറ അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും. കുറേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപ്പുറത്തുള്ള, എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഒപ്പീനിയന്‍ മേക്കേഴ്‌സ് അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വിശാലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ് യുഡിഎഫ്. അത് ഇപ്പോഴുള്ള നിലയില്‍ നിന്ന് ഒരുപാട് വിപുലീകരിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ആരെയും ക്ഷണിക്കുകയോ പിന്നാലെ നടക്കുകയോ ചെയ്തിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
ഘടകകക്ഷികള്‍ തമ്മിലുള്ള ധാരണ സംബന്ധിച്ച കാര്യങ്ങളെല്ലാം അതാത് ജില്ലകളില്‍ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. അതിനുള്ള മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. യുഡിഎഫ് വിപുലീകരണത്തില്‍ ആരുമായും ചര്‍ച്ചകളൊന്നും നടക്കുന്നില്ല. യുഡിഎഫിന്റെ അടിത്തറ അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും. യുഡിഎഫ് എന്നാല്‍ കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ല. അങ്ങനെ കാണരുത്. അതിന് അപ്പുറത്തുള്ള ഒരു വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന, വിപുലമായ ഒരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറുകയാണ്. കുറേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപ്പുറത്തുള്ള, എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഒപ്പീനിയന്‍ മേക്കേഴ്‌സ് അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വിശാലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ് യുഡിഎഫ്. അത് ഇപ്പോഴുള്ള നിലയില്‍ നിന്ന് ഒരുപാട് വിപുലീകരിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഞങ്ങള്‍ ആരെയും ക്ഷണിക്കുകയോ പിന്നാലെ നടക്കുകയോ ചെയ്തിട്ടില്ല. അവയെല്ലാം പൊളിറ്റിക്കലായിട്ടുള്ള തീരുമാനങ്ങളാണ്.വി.ഡി.സതീശന്‍
മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് ആ സംവിധാനത്തെ കളങ്കപ്പെടുത്തുമെന്നായിരുന്നു പി.ജെ.ജോസഫ് പ്രതികരിച്ചത്. മാണി വിഭാഗത്തിലെ അണികള്‍ വരുന്നതില്‍ കുഴപ്പമില്ല. കള്ളക്കച്ചവടത്തിനും സ്വര്‍ണ്ണപ്പാളി മോഷണത്തിനും കൂട്ട് നിന്നവര്‍ അവിടെത്തന്നെ നില്‍ക്കട്ടെയെന്നും ജോസഫ് പ്രതികരിച്ചു.
ഈ മുന്നണി ഇപ്പോള്‍ തന്നെ ശക്തമാണ്. അതിലേക്ക് ആരും വരണമെന്നില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വരേണ്ടതില്ല എന്നല്ല. ഈ തെറ്റുകള്‍ക്കും അഴിമതിക്കും കൂട്ട് നിന്നതിന് ശേഷം അവസാന നിമിഷം മുന്നണിയിലേക്ക് വന്നാല്‍ മുന്നണിയെ കളങ്കപ്പെടുത്തും. മാണി വിഭാഗത്തിലെ അണികള്‍ ഇങ്ങോട്ട് പോരട്ടെ. കള്ളക്കച്ചവടത്തിനും സ്വര്‍ണ്ണപ്പാളി മോഷണത്തിനും കൂട്ട് നിന്നവര്‍ അവിടെത്തന്നെ നില്‍ക്കട്ടെ. മാണി വിഭാഗം യുഡിഎഫിലേക്ക് വരേണ്ട ആവശ്യമില്ല, അതിന് പ്രസക്തിയില്ല.പി.ജെ.ജോസഫ്
മുന്നണി മാറ്റം ഉണ്ടാവില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ പലപ്പോഴായി പ്രതികരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലും മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രത്യക്ഷമല്ല. എന്നാല്‍ കെ.എം.മാണിയോട് അടുപ്പമുണ്ടായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പോലെയുള്ള നടത്തിയ നേതാക്കള്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല എന്ന പ്രസ്താവനയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.