Kerala News

'എല്‍.ഡി.എഫ് അല്ലെങ്കില്‍ ദിലീപ് അറസ്റ്റിലാകില്ലായിരുന്നു', അതിജീവിതക്കൊപ്പമെന്ന് ദേശാഭിമാനി മുഖപ്രസംഗം

കേരളത്തില്‍ എല്‍ഡിഎഫ് ഭരണം അല്ലായിരുന്നുവെങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകില്ലായിരുന്നെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. അതിജീവിതക്കൊപ്പം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പരാമര്‍ശം.

ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞുവെന്നും ദേശാഭിമാനി. ദിലീപ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് മുഖപ്രസംഗം. കേസില്‍ അട്ടിമറി സംശയം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച അതിജീവിതക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മന്ത്രി ആന്റണി രാജുവും രംഗത്ത് വന്നിരുന്നു.

സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും ഈ നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച തൃക്കാക്കരയില്‍ വീണ്ടും സുവ്യക്തമായി പറഞ്ഞത്. സര്‍ക്കാരും എല്‍ഡിഎഫും അതിജീവിതയ്ക്കൊപ്പം എപ്പോഴുമുണ്ട്. വിസ്മയക്കും ഉത്രയ്ക്കും ജിഷയ്ക്കും ഉറപ്പാക്കിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കുമെന്നും ദേശാഭിമാനി മുഖപ്രസംഗം.

ദേശാഭിമാനി മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം അല്ലായിരുന്നുവെങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകില്ലായിരുന്നെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാന്‍, സത്യം പുറത്തുകൊണ്ടുവരാന്‍ പൊലീസിന്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ മൗനസഹനങ്ങളില്‍ ഒതുങ്ങാതെ എല്ലാത്തരം അതിക്രമത്തിനും അനീതികള്‍ക്കുമെതിരെ രംഗത്തുവരണമെന്ന സര്‍ക്കാരിന്റെ അഭിപ്രായധീരത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരുത്തുപകരുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണം പിണറായി ഭരണത്തിന്റെ മുഖമുദ്രയാണ്.

കേസിന്റെ തുടക്കംമുതല്‍ സര്‍ക്കാരും പാര്‍ടിയും മുന്നണിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ പരാതിയൊന്നും ഉന്നയിക്കാത്ത പ്രതിപക്ഷം, തൃക്കാക്കരയില്‍ പരാജയഭീതിപൂണ്ട് ഇപ്പോള്‍ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാര്‍ടി സെക്രട്ടറിയും നിലപാട് ആവര്‍ത്തിച്ചത്. കേസിന്റെ തുടക്കംമുതല്‍, പഴുതടച്ച കാര്യക്ഷമമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളുടെ കൈകളില്‍ നീതിയുടെ വിലങ്ങ് വീണത്. എത്ര ഉന്നതനായാലും കുറ്റംചെയ്താല്‍ രക്ഷപ്പെടില്ലെന്ന് അറസ്റ്റുകളും തുടര്‍നടപടികളും തെളിയിച്ചു. ഒരാളെ തൊടാനും പൊലീസിന്റെ കൈകള്‍ വിറച്ചില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ദേശിക്കാനും അവരോട് ആവശ്യപ്പെട്ടു. അന്വേഷകസംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഒരുഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയെ കൈവിട്ടിട്ടില്ല.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT