News n Views

വെട്ടേറ്റ സിഒടി നസീറിനെ സന്ദര്‍ശിച്ച് പി ജയരാജന്‍; പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശദീകരണം 

THE CUE

കഴിഞ്ഞദിവസം വെട്ടേറ്റ വടകര ലോക്‌സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പി ജയരാജന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജയരാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് നസീറിനെ കണ്ടത്. അദ്ദേഹം അരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും തനിക്കും പാര്‍ട്ടിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. സിപിഎം അക്രമത്തെ അംഗീകരിക്കുന്നില്ല. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് വലതുപക്ഷ രാഷ്ട്രീയക്കാരുടെ ശ്രമം. അപവാദങ്ങള്‍ വിജയിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

പലതരം നുണകളാണ് പ്രചരിക്കുന്നത്. സിഒടി നസീറിനെ സിപിഎം പുറത്താക്കിയിട്ടില്ല. അദ്ദേഹം മുന്‍സിപ്പല്‍ കൗണ്‍സിലറും പാര്‍ട്ടി അംഗവുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന സാമൂഹ്യ വിഭാഗങ്ങളെ പറ്റി അംഗത്വം പുതുക്കേണ്ട വേളയില്‍ ചോദിച്ചിരുന്നു. മതനിരപേക്ഷ പാര്‍ട്ടി ഇത്തരത്തില്‍ ചോദിക്കുന്നത് ശരിയല്ലെന്നായിരുന്നു നസീറിന്റെ നിലപാട്. വിയോജിപ്പ് രേഖപ്പെടുത്തി അദ്ദേഹം അംഗത്വത്തില്‍ നിന്ന് ഒഴിവാകുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുകയുമായിരുന്നുവെന്നും ജയരാജന്‍ വ്യക്തമാക്കി.

അദ്ദേഹവുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ സഹോദരനോട് സംസാരിച്ചിരുന്നു. എനിക്കും പാര്‍ട്ടിക്കും അദ്ദേഹത്തിന്റ സ്ഥാനാര്‍ത്ഥിത്വം അലോസരമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല ആക്രമണം എന്നാണ് അനുമാനിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

അക്രമികളെ ഉടന്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണം. മൂന്ന് ആളുകള്‍ ആക്രമിച്ചുവെന്നാണ് നസീര്‍ മൊഴി നല്‍കിയിരിക്കുന്നത്. സിപിഎം ആക്രമിച്ചു എന്ന് നസീര്‍ പറഞ്ഞിട്ടില്ല. ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനോടും നസീര്‍ സംസാരിച്ചിട്ടില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശുപത്രിയില്‍ വന്നിരുന്നു. അദ്ദേഹത്തോടും സംസാരിച്ചിട്ടില്ല. പിന്നെങ്ങനെയാണ് അദ്ദേഹം എനിക്കും സിപിഎമ്മിനുമാണ് പങ്കെന്ന് പറയുന്നതെന്നും ജയരാജന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധത പാലിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സഖാവ് പുഷ്പനെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT