News n Views

‘ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാകാന്‍ അനുവദിക്കുകയുമില്ല’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

THE CUE

സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമാണ് പൗരത്വ നിയമമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്നും തങ്ങള്‍ പറഞ്ഞു. പൗരത്വനിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ല. സ്വന്തം ജന്മദേശത്തും നിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടിലശ്രമങ്ങള്‍ ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്ന് ചെറുത്തുതോല്‍പിക്കാന്‍ ജനാധിപത്യ സമൂഹം പ്രതിജ്ഞാബന്ധമാണെന്നും തങ്ങള്‍ വ്യക്തമാക്കി. സമസ്ത കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തിലായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.

ഇന്ത്യാ മഹാരാജ്യം ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ട് സ്വത്തല്ല. അങ്ങനെയാകാന്‍ ഒരു കാലത്തും അനുവദിക്കുകയുമില്ല.
ജിഫ്രി മുത്തുക്കോയ തങ്ങള്‍

പൗരത്വം എല്ലാവര്‍ക്കും കൊടുക്കണം. അഭയാര്‍ത്ഥികള്‍ ഇങ്ങോട്ട് വന്നത് ഈ രാജ്യത്തെ സ്‌നേഹിച്ചുകൊണ്ടാണ്. ഇപ്പോള്‍ മുസ്ലീംകള്‍ക്ക് മേല്‍ കത്തിവയ്ക്കുന്നവര്‍ നാളെ മറ്റ് വിഭാഗങ്ങള്‍ക്ക് നേരെ തിരിയും. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയിലേക്കും അവരുടെ കൈകള്‍ നീളും. പ്രതിഷേധിക്കാന്‍ മുസ്ലീംകള്‍ മാത്രമായി മാറുമെന്നും മറ്റുള്ളവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നുമാണ് അവര്‍ കരുതിയത്. എന്നാല്‍ അവര്‍ക്ക് തെറ്റി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മുസ്ലിംകള്‍ക്കു മാത്രം റദ്ദു ചെയ്യുന്നതു ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കുന്ന നടപടിയാണ്. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ 14-ാം അനുച്ഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ബാബരി വിഷയത്തിലും രാജ്യത്തെ മുസ്ലിംകള്‍ക്കു നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ തകര്‍ച്ച മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണമായ പതനത്തിലേക്കാണ് അതുകൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ടു രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ കരിനിയമത്തിനെതിരേ പോരാടാന്‍ തയ്യാറാകണം. ഫാസിസ്റ്റ് വിരുദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നവരെല്ലാം ഈ വിഷയത്തില്‍ ഒന്നിച്ചുനിന്നു കൂട്ടായ പോരാട്ടം നടത്തണം. കഴിഞ്ഞകാലത്തെ രാഷ്ട്രീയവൈരവും നീരസങ്ങളുമെല്ലാം മറന്നു മതേതരകക്ഷികള്‍ മുസ്ലിം സമുദായത്തെ ഈ ദുഃസ്ഥിതിയില്‍നിന്നു രക്ഷപ്പെടുത്തണം. ഈ പോരാട്ടത്തില്‍ ഇതര മതവിശ്വാസികളും മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണം. ഈ കരിനിയമത്തിനെതിരേ ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു തീരുമാനിച്ചത് ശുഭസൂചനയാണ്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇക്കാര്യത്തില്‍ സമസ്ത അഭിനന്ദിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിയില്‍ സമസ്ത വിളിക്കാനിരുന്ന മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ടു മുടക്കിയതില്‍ മുത്തുക്കോയ തങ്ങള്‍ അതൃപ്തി പരസ്യമാക്കി.

വീട് കത്തുമ്പോള്‍ വെള്ളം കോരിയൊഴിക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കും. തീയണയ്ക്കാന്‍ വിദേശത്തുള്ള മകനോ മറ്റുള്ളവരോ വരട്ടെയെന്ന് ആരും പറയില്ല.
ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സമസ്ത അദ്ധ്യക്ഷന്റെ വിമര്‍ശനം. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, സിപിഐ, ഐഎന്‍എല്‍ നേതാക്കളും സമസ്തയുടെ പൗരത്വ സംരക്ഷണം സമ്മേളനത്തില്‍ പങ്കെടുത്തു.

പൗരത്വനിമയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലീഗ് മുസ്ലീം സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചിട്ടുണ്ട്. സമസ്തയേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. തങ്ങള്‍ വിളിച്ച യോഗം മുടക്കിയതിനാല്‍ സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചനകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT