News n Views

കൊലപാതകമാണോയെന്നുകൂടി അന്വേഷിക്കണമെന്ന് ലത്തീഫ്; സിബിഐ അന്വേഷിക്കുമെന്ന് അമിത് ഷാ

THE CUE

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമയുടെ മരണം കൊലപാതകമാണോയെന്നുകൂടി അന്വേഷിക്കണമെന്ന് പിതാവ് ലത്തീഫ്. സഹപാഠികളായ ഏഴ് വിദ്യാര്‍ത്ഥികളുടെ പേര് ഫാത്തിമ എഴുതിവെച്ചിരുന്നു. മൂന്ന് അദ്ധ്യാപകരുടെ പേരുകളും കുറിപ്പിലുണ്ട്. എന്നാല്‍ തമിഴ്‌നാട് പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയത്. കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം അനുഭവങ്ങളാണുണ്ടായത്. ആദ്യദിവസം ഫാത്തിമയുടെ മൃതശരീരം കാണാന്‍ പൊലീസ് അനുവദിച്ചില്ല. തെളിവുകള്‍ നശിപ്പിച്ചിരുന്നു. പൊലീസിന്റെ കൈയിലുള്ളത് മാറ്റം വരുത്തിയ സിസി ടിവി ദൃശ്യങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഐഐടി ഏജന്‍സിയെ ഏല്‍പിച്ചു. മൃതദേഹം അയക്കാന്‍ ഐഐടി അധികൃതര്‍ തിടുക്കം കാട്ടിയെന്നും ലത്തീഫ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു ലത്തീഫിന്റെ പ്രതികരണം.

നടന്നത് കൊലപാതകമാണോയെന്ന് അന്വേഷിക്കണം. മുറിയില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന വിധത്തിലായിരുന്നു മൃതദേഹമെന്ന് ഹോസ്റ്റലിലെ കുട്ടികള്‍ പറഞ്ഞിരുന്നു.
ലത്തീഫ്

ഫാത്തിമ പുലര്‍ച്ചെ നാല് മണിയോടടുത്താണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ ഹോസ്റ്റലില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി നടന്നിരുന്നു. പുറമേ നിന്ന് തള്ളിയാല്‍ തുറക്കുന്ന രീതിയിലായിരുന്നു റൂമിന്റെ വാതില്‍. ആത്മഹത്യ ചെയ്യാന്‍ തുനിയുന്ന ആള്‍ വാതില്‍ അടക്കാതെയിരിക്കുമോ? മുറി അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അടുക്കും ചിട്ടയുമുള്ള ഫാത്തിമയുടെ മുറി അങ്ങനെ കിടക്കാന്‍ ഒരുവഴിയുമില്ല. മതപരമായ കാര്യങ്ങളുടെ പേരില്‍ ഫാത്തിമയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് അന്വേഷിക്കണം. സഹപാഠികളില്‍ പലര്‍ക്കും ഫാത്തിമയോട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പഠനസംബന്ധമായ അസൂയ ഉണ്ടായിരുന്നു. ഫാത്തിമ എഴുതിവെച്ച പേരുകളില്‍ മലയാളി വിദ്യാര്‍ത്ഥികളുമുണ്ട്. ഫാത്തിമയുടെ മൃതദേഹം സൂക്ഷിച്ചതുപോലും വേണ്ടവിധത്തില്‍ അല്ല. മുറിയില്‍ നിന്ന് പൊലീസ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചില്ല. ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയ മുറി സീല്‍ ചെയ്തിരുന്നില്ലെന്നും ലത്തീഫ് പ്രതികരിച്ചു.

ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് അമിത് ഷാ ലത്തീഫിന് ഉറപ്പുനല്‍കി. വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണമെന്നും അമിത് ഷാ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിമാരോടൊപ്പമാണ് ഫാത്തിമയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. ലത്തീഫിന്റെ പരാതിയും 37 എംപിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിയ്ക്ക് കൈമാറി.

സിബിഐ അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കിയതില്‍ തൃപ്തിയുണ്ടെന്ന് ലത്തീഫ് പ്രതികരിച്ചു. മകള്‍ അവസാനത്തെ ഇരയായിരിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയ ഭേദമേന്യേ പിന്തുണ ലഭിക്കുന്നുണ്ടെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

ഫാത്തിമയുടെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ഉള്‍പ്പെടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനം അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് എം പി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT