News n Views

‘കശ്മീര്‍ ജനതയുടെ നീതിയുടെ വിഷയമായതിനാല്‍ കേള്‍വിക്കാരനായതാണ്’; സിപിഎം സെമിനാറില്‍ പങ്കെടുത്തതില്‍ സി.ഒ.ടി നസീര്‍ 

കെ. പി.സബിന്‍

സിപിഎം നേതൃത്വത്തിലുള്ള പാട്യം ഗോപാലന്‍ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ കേള്‍വിക്കാരനായി പങ്കെടുത്തതാണെന്ന് ദ ക്യുവിനോട് പ്രതികരിച്ച് സി.ഒ.ടി നസീര്‍. തന്നെ ആക്രമിച്ചത് സിപിഎമ്മുകാരാണെന്നും ഗൂഢാലോചനയില്‍ എ എന്‍ ഷംസീറര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത നസീര്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തെന്ന് ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദ ക്യുവിനോട് സിഒടി നസീറിന്റെ പ്രതികരണം. കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാറിലാണ് നസീര്‍ എത്തിയത്. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയായിരുന്നു ഉദ്ഘാടകന്‍. ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷകനുമായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ അദ്ധ്യക്ഷതയിലായിരുന്നു സെമിനാര്‍.

നസീര്‍ സദസ്സിലിരിക്കുന്ന ചിത്രം സിപിഎം അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ജനതയ്ക്ക് നീതികിട്ടേണ്ടുന്ന വിഷയമായതിനാലാണ് സെമിനാറില്‍ കേള്‍വിക്കാരനായി പങ്കെടുത്തതെന്ന് സിഒടി നസീര്‍ പറഞ്ഞു. താന്‍ ഇടത് മനസ്സുള്ള ആളാണ്. നീതിക്കുവേണ്ടി ആര് പോരാട്ടം നടത്തുന്നോ. അവരുടെ കൂടെ നില്‍ക്കുക എന്നുള്ളതാണ് നിലപാട്. അങ്ങിനെയാണ് പാട്യം ഗോപാലന്‍ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. സിപിഎം നേരിട്ട് നടത്തിയ പരിപാടിയല്ല അത്. സെമിനാറില്‍ ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ എന്തെല്ലാമാണെന്നന്നറിയാനുള്ള താല്‍പ്പര്യത്തില്‍ പോവുകയായിരുന്നു. എത് പാര്‍ട്ടിക്കാര്‍ക്കും അത്തരം പരിപാടികളില്‍ പങ്കെടുക്കാമല്ലോയെന്നും സി ഒ ടി നസീര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തില്‍ പരാതിയില്‍ ഉറച്ചുനിന്ന് നിയമനടപടികളുമായി മുന്നോട്ടുപോവുകയാണെന്നും സിഒടി നസീര്‍ പറഞ്ഞു.

ഗൂഢാലോചനയില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന് പങ്കുണ്ടെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ മജിസ്‌ട്രേട്ട് തല അന്വേഷണം വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുമെന്നും സിഒടി നസീര്‍ പറഞ്ഞു. സിപിഎം പരിപാടിയില്‍ പങ്കെടുത്തതില്‍ നിലപാട് വ്യക്തമാക്കി നസീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുമുണ്ട്.കശ്മീര്‍ ജനത നമ്മുടെ സഹോദരങ്ങളും അതിലുപരി ഇന്ത്യക്കാരുമാണ്. അവര്‍ക്ക് നേരെ അനീതി ഉണ്ടാകുമ്പോള്‍ രാഷ്ട്രീയമോ മതമോ നോക്കാതെ പ്രതികരിക്കേണ്ടതുണ്ടെന്നുമായിരുന്നു പോസ്റ്റ്.

തലശ്ശേരിയിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാവായിരുന്ന സിഒടി നസീര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ മെയ് 18 ന് വൈകുന്നേരം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ. തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ച് ആക്രമണത്തിനിരയായി. ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT