News n Views

മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ ജി സുധാകരനുമൊപ്പം ഫ്‌ളക്‌സില്‍; രാഹുല്‍ഗാന്ധിയെ അപമാനിക്കാനെന്ന് കോണ്‍ഗ്രസ് 

THE CUE

അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യാതിഥിയായി വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയതില്‍ വിവാദം. ജി സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് വ്യക്തമാക്കിയുള്ള ഫ്‌ളക്‌സ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ജൂലൈ 13 നാണ് പ്രസ്തുത ചടങ്ങ്. ജോര്‍ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനാണെന്നും ഇതില്‍ വ്യക്തമാക്കിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം രാഹുലുമുള്ള ഫ്‌ളക്‌സിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

എന്നാല്‍ രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ചടങ്ങില്‍ പേരുള്‍പ്പെടുത്തിയതെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് അദ്ദേഹത്തെ അപമാനിക്കാനാണെന്നാണ് കോണ്‍ഗ്രസ് വാദം. ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ടെങ്കില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ഡിസിസികള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിക്കും. ഇതുവരെയുള്ള അറിയിപ്പ് പ്രകാരം ഓഗസ്റ്റ് മാസമേ രാഹുല്‍ മണ്ഡലത്തിലെത്തൂവെന്നും ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

രാഹുല്‍ പങ്കെടുക്കുകയാണെങ്കില്‍ സുരക്ഷയൊരുക്കേണ്ട എസ്പിജി മുന്‍കൂട്ടി ഇവിടെയെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. രാഹുലിനെ ക്ഷണിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും എത്തുമെന്ന് അറിയിക്കാത്ത ചടങ്ങില്‍ രാഹുലിന്റെ ചിത്രം സഹിതം ഫ്‌ളക്‌സ് വെച്ചത് ദുരുദ്ദേശപരമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. പ്രസ്തുത റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരിക്കെ അവിടുത്തെ എംപിയായ എംകെ രാഘവനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കുന്ദമംഗലം എംഎല്‍എയെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതെല്ലാം സിപിഎമ്മിന്റെ കുതന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

നേരത്തെ ജൂണ്‍ 7,8 തിയ്യതികളില്‍ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിക്കാനായിരുന്നു സന്ദര്‍ശനം. നിയോജക മണ്ഡലങ്ങള്‍ തോറും സംഘടിപ്പിച്ച റോഡ്‌ഷോയില്‍ അദ്ദേഹം വോട്ടര്‍മാരെ അഭിസംബോധന ചെയ്തു. കൂടാതെ ആളുകളില്‍ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു. വയനാട്ടുകാര്‍ക്കു വേണ്ടി തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും കേരളത്തിന്റെ വിഷയങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. അമേഠിക്ക് പുറമെ സുരക്ഷിത മണ്ഡലമായി വിലയിരുത്തി വയനാട്ടില്‍ മത്സരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് നിന്ന് ജയിച്ചത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT