ബിജെപി നേതാവ് ജവാന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്; പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്
ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്. നിയമപരമായി നീങ്ങാന്‍ കാരണം അതാണ്. ബിജെപി ജില്ലാ കമ്മിറ്റി നാടകീയ നടപടിയിലൂടെയാണ് നെടുമ്പന ഓമനക്കുട്ടനെ പുറത്താക്കിയതെന്നും ബിഎസ്എഫ് ജവാന്‍ പറഞ്ഞു. കൈരളി ചാനലിനോടായിരുന്നു സൈനികന്റെ പ്രതികരണം.
ഒരു രീതിയിലുള്ള നീതിയും എനിക്ക് ലഭിച്ചില്ല. ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചത് വേറെന്തോ എക്‌സ്‌ക്യൂസ് വഴിയാണ്. കൊല്ലം ജില്ലാ കമ്മിറ്റിയുടേത് നാടകീയമായ നടപടിയായിരുന്നു. അതുകൊണ്ടാണ് നിയമപരമായി നീങ്ങിയത്.
ജവാന്‍
കേസില്‍ ബിജെപി കൊല്ലം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ ബലാത്സംഗശ്രമം, മാനഭംഗം, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്.
അതിര്‍ത്തി രക്ഷാ സേനയില്‍ സേവനം ചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ സ്ഥലം മാറ്റവുമായി സമീപിച്ചപ്പോഴാണ് ഓമനക്കുട്ടന്‍ അപമര്യാദയായി പെരുമാറിയതെന്ന് വീട്ടമ്മ മുഖ്യമന്ത്രിക്കും പൊലീസിനും നല്‍കിയ പരാതിയില്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തേത്തുടര്‍ന്ന് ജവാനും ഭാര്യയും ബിജെപി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. അനുകൂല നടപടിയെടുക്കാത്തതിനേത്തുടര്‍ന്നാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. വിവാദമായതിനേത്തുടര്‍ന്ന് നെടുമ്പന ഓമനക്കുട്ടനില്‍ നിന്ന് ബിജെപി രാജി എഴുതി വാങ്ങിയെങ്കിലും മറ്റുചിലതാണ് കാരണമായി അറിയിച്ചത്. കുറ്റാരോപിതനായ ബിജെപി ജില്ലാ സെക്രട്ടറിയും ബിഎസ്എഫ് ജവാനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ചെയ്യാന്‍ പാടില്ലാത്തത് ആണ് ചെയ്തതെന്നും ക്ഷമിക്കണമെന്നും ബിജെപി നേതാവ് പറയുന്നത് സംഭാഷണത്തിലുണ്ട്.