CAA Protest

‘പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാകില്ല’;  പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഉത്തരവ് തള്ളി ബോംബെ ഹൈക്കോടതി

THE CUE

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രതിഷേധങ്ങള്‍ നിഷേധിക്കുന്ന , ബീഡ് ജില്ലാ ഭരണകൂടത്തിന്റെ സെക്ഷന്‍ 144 ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ടിവി നലവാഡേ,ജസ്റ്റിസ് എംജി സ്യൂലികര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് നിര്‍ണായക നടപടി. ബീഡ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഇഫ്തിഖര്‍ സാഖീ ഷെയ്ഖ് എന്നയാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളും പരിപാടികളും തടയുന്നതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 144 പ്രയോഗിക്കുന്നതായി ബീഡ് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് ഉത്തരവിറക്കി. ഒത്തുകൂടുന്നതും മുദ്രാവാക്യം മുഴക്കുന്നതും പാടുന്നതും ഡ്രം ഉള്‍പ്പെടെയുള്ള സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും തടയുന്നതായിരുന്നു ഉത്തരവ്.

അതിനിടെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി തേടി ഇഫ്തിഖര്‍ സാഖീ ഷെയ്ഖ് ജില്ലാ ഭരണകൂടത്തെ സമീപിച്ചു. എന്നാല്‍ സെക്ഷന്‍ 144 ന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങള്‍ ആര്‍ക്കും നടത്താമെന്നും അനാവശ്യമായി 144 പ്രയോഗിക്കുമ്പോള്‍ അതിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.അത്തരമൊരു ഉത്തരവ് സത്യസന്ധമായ നടപടിയാണെന്ന് പറയാനാകില്ല. പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളോ ഒറ്റുകാരോ ആയി മുദ്രകുത്താനാകില്ല, സമാധാനപരമായ സമരത്തിനുള്ള പൗരന്‍മാരുടെ അവകാശത്തെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് രാജ്യം സ്വതന്ത്രമായത്. അതിനാല്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഉചിതമല്ല. ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് സിഎഎ എന്നും ഭരണഘടന അനുശാസിക്കുന്ന തുല്യത നിഷേധിക്കുന്നതാണെന്നും പൗരന്‍മാര്‍ക്ക് തോന്നുന്നെങ്കില്‍ അവര്‍ക്ക് തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ആര്‍ട്ടിക്കിള്‍ 19 അവകാശം നല്‍കുന്നുണ്ട്. പ്രതിഷേധങ്ങള്‍ള്‍ക്ക് സാധുതയുണ്ടോയെന്ന കാര്യം കോടതി പരിഗണിക്കേണ്ടതില്ല. ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കാണ്. സിഎഎ പോലൊരു നിയമമുണ്ടാക്കുമ്പോള്‍ അത് തങ്ങള്‍ക്കെതിരാണെന്നും ഏതിര്‍ക്കേണ്ടതാണെന്നും മുസ്ലീങ്ങള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണ്. അത്തരം ചിന്തകളുടെ മെറിറ്റിലേക്ക് കോടതിക്ക് കടക്കാനാകില്ല. അവര്‍ക്ക് നിയമത്തെ എതിര്‍ക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാകയാല്‍ അത് അനുവദിക്കപ്പെടേണ്ടതാണെന്നും കോടതി വിധിന്യായത്തില്‍ വിശദീകരിക്കുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT