ബിപിന്‍ റാവത്ത് 
CAA Protest

ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവി; ഔദ്യോഗിക പ്രഖ്യാപനത്തിന് നാല് ദിവസം മുന്‍പേ ബിജെപി ആശംസിച്ചെന്ന് ട്വിറ്ററാറ്റികള്‍

THE CUE

കരസേനാ മേധാവി ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി നിയമിച്ചു. മൂന്ന് വര്‍ഷം കരസേന മേധാവിയുടെ ചുമതല പൂര്‍ത്തിയാക്കിയ ശേഷം ബിപിന്‍ റാവത്ത് (61) നാളെ വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രതിരോധസംബന്ധമായ വിഷയങ്ങളില്‍ സര്‍ക്കാരിന് സൈനിക ഉപദേശങ്ങള്‍ നല്‍കലാണ് സിഡിഎസിന്റെ പ്രധാന കര്‍ത്തവ്യം. സേനകളുടെ ഏകോപനം, പരിശീലനം, നിയമനം, സേനാനേതൃത്വങ്ങളെ പുനസംഘടിപ്പിക്കല്‍ തുടങ്ങിയവും സംയുക്ത സേനാ മേധാവിയുടെ ചുമതലകളില്‍ പെടും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് (സിഡിഎസ്) വേണ്ടി പ്രത്യേക ഓഫീസ് തയ്യാറാക്കിയത്.

കരസേന, വ്യോമസേന, നാവിക സേനകളുടെ മേധാവിയായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം ശനിയാഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സിഡിഎസിന്റെ പ്രായപരിധി 65 വയസാണെന്ന് വ്യക്തമാക്കിയിരുന്നു. 1954ലെ ആര്‍മി ചട്ടങ്ങളിലും ഭേദഗതി വരുത്തി. മൂന്ന് വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.

ഔദ്യോഗിക പ്രഖ്യാപനത്തിന് ഏറെ മുന്‍പ് തന്നെ ഡിസംബര്‍ 26ന് ബിജെപി ഉത്തരാഖണ്ഡ് ബിപിന്‍ റാവത്തിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തതായി ആരോപണങ്ങളുണ്ട്. വിവാദമായതോടെ ബിജെപി ട്വീറ്റ് നീക്കം ചെയ്‌തെന്നും ട്വിറ്ററാറ്റികള്‍ പറയുന്നു.

പൗരത്വ നിമയഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ജനങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍, തെറ്റായ വഴിയില്‍ നയിക്കുന്നവര്‍ നേതാക്കളല്ല എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിവാദ പരാമര്‍ശം. കലാലയങ്ങളിലെയും സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും, ഇത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ഇതല്ല നേതൃത്വമെന്നും റാവത്ത് ദില്ലിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു.

ആദ്യമായി ഒരു കരസേനാ മേധാവി രാഷ്ട്രീയപ്രസ്താവന നടത്തിയതിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട ഔദ്യോഗിക പദവിയിലിരുന്ന് രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിലെ അനൗചിത്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സേനാ മേധാവിയെ സംസാരിക്കാന്‍ അനുവദിച്ചാല്‍ നാളെ സൈന്യത്തിന് രാജ്യം പിടിച്ചെടുക്കാനുള്ള നീക്കത്തിനും അത് അനുമതിയാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചു. 'തെറ്റായ വഴിയില്‍ നയിക്കുന്നവരല്ല നേതാക്കളെന്ന പ്രസ്താവനയോട് യോജിക്കുന്നു, സാമുദായിക ലഹളയുടെ പേരില്‍ അണികളെ വംശഹത്യക്ക് പ്രേരിപ്പിക്കുന്നവരുമല്ല നേതാക്കള്‍ എന്ന വാദത്തോട് താങ്കള്‍ യോജിക്കുന്നുവോ ജനറല്‍ സാഹേബ്' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ പരിഹാസം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT